SignIn
Kerala Kaumudi Online
Thursday, 25 April 2024 11.44 AM IST

പെട്രോൾ വേണ്ടേ വേണ്ട, ചീസും വൈനുമായി കുതിക്കുന്ന ആസ്റ്റൺ മാർട്ടിൻ !

aston-martin

ആസ്റ്റൺ മാർട്ടിൻ... വിശ്വവിഖ്യാതമായ ഈ കാറിന്റെ പേര് കേട്ടാൽ എന്താകും ആദ്യം മനസിലേക്കെത്തുക. തീർച്ചയായും അത് ജെയിംസ് ബോണ്ട് ആയിരിക്കും. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫിക്‌ഷണൽ കഥാപാത്രങ്ങളിൽ ഒന്നാണ് ജെയിംസ് ബോണ്ട്. ജെയിംസ് ബോണ്ട് ചിത്രങ്ങളാകട്ടെ ലോകത്ത് ഏറ്റവുമധികം കളക്ഷൻ വാരിക്കൂട്ടുന്ന സിനിമാ പരമ്പരയാണ്.

ബോണ്ട് ചിത്രങ്ങളിൽ ജെയിംസ് ബോണ്ടിന്റെ കഥാപാത്രം ഉപയോഗിക്കുന്നതിൽ ഏറ്റവും ശ്രദ്ധേയമാണ് ആസ്‌റ്റർ മാർട്ടിൻ ഡിബി 5. ആസ്‌റ്റൺ മാർട്ടിന്റെ തന്നെ DBS V 8 വിന്റേജ്, V12 വാൻക്വിഷ് തുടങ്ങിയ മോഡൽ കാറുകളും ബോണ്ട് ചിത്രങ്ങളിൽ കാണാം. സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രസിദ്ധിയാർജ്ജിച്ച ഒന്നാണ് ബോണ്ടിന്റെ ആസ്‌റ്റൺ മാർട്ടിൻ ഡിബി 5. ഇപ്പോഴിതാ ഒരു തകർപ്പൻ ആസ്റ്റൺ മാർട്ടിൻ കാറിന്റെ വിശേഷങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുകയാണ്. പക്ഷേ, അത് ജെയിംസ് ബോണ്ടിന്റേതല്ല. ബ്രിട്ടണിലെ ചാൾസ് രാജകുമാരന്റേതാണ്.

ചാൾസ് രാജകുമാരന് 21ാം പിറന്നാൾ സമ്മാനമായി എലിസബത്ത് രാജ്ഞി ഒരു സമ്മാനം നൽകുകയുണ്ടായി. ഒരു വിന്റേജ് ആസ്റ്റൺ മാർട്ടിൻ ഡി.ബി 6 വൊലാന്റെ ആയിരുന്നു അത്. വിചിത്രമായ ഒരു കാര്യമെന്തെന്നാൽ ഈ ആസ്റ്റൺ മാർട്ടിന്റെ ഇന്ധനം സാധാരണ കാറുകളിൽ ഉപയോഗിക്കുന്നവ അല്ല. പകരം, ചീസും വൈനുമാണ്. !

ബി.ബി.സിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിനിടെയാണ് 72കാരനായ ചാൾസ് രാജകുമാരന്റെ വെളിപ്പെടുത്തൽ. മാലിന്യ വസ്തുക്കളിൽ നിന്ന് ലഭിക്കുന്ന ഊർജം ഉപയോഗിച്ചാണ് ഇപ്പോൾ തന്റെ പഴയ ആസ്റ്റൺ മാർട്ടിൻ പ്രവർത്തിക്കുന്നതെന്ന് ചാൾസ് പറയുന്നു. മിച്ചം വരുന്ന ഇംഗ്ലീഷ് വൈറ്റ് വൈനും ചീസ് നിർമ്മാണ വേളയിൽ അധികം ലഭിക്കുന്ന മോര് പോലുള്ള ഉപോത്പന്നങ്ങളുമാണ് തന്റെ തന്റെ കാറിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതെന്ന് ചാൾസ് വ്യക്തമാക്കി. കേൾക്കുന്നവർക്ക് ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ചാൾസ് പറയുന്നു.

എന്നാലും ഇങ്ങനെയൊക്കെ കാർ ഓടിക്കാൻ പറ്റുമോ ? E85 എന്ന ഇന്ധനമാണ് ഈ ആസ്റ്റൺ മാർട്ടിനിൽ ഉപയോഗിക്കുന്നത്. ലെഡിന്റെ അംശമില്ലാത്ത 15 ശതമാനം പെട്രോളും 85 ശതമാനം ബയോഎഥനോളും ആണ് ഇതിലെ ഘടകങ്ങൾ. ഗ്ലോസ്റ്റർഷെയർ ആസ്ഥാനമായുള്ള ഗ്രീൻ ഫ്യുവൽസ് എന്ന കമ്പനിയാണ് ഈ കാറിന് വേണ്ട ബയോഎഥനോൾ വൈനിൽ നിന്നും ചീസിൽ നിന്നും നിർമ്മിക്കുന്നത്.

താൻ ദൈനംദിന ജീവിതത്തിൽ പരിസ്ഥിതിയോടുള്ള തന്റെ അടുപ്പം പ്രയോജനപ്പെടുത്തുന്ന രീതീകൾ അവലംബിക്കാറുണ്ടെന്നും അതിലൊന്നാണ് തന്റെ സ്പോർട്സ് കാറിനെ കൂടുതൽ കാര്യക്ഷമമാക്കാൻ വൈനും ചീസും ഉപയോഗിക്കുന്ന രീതിയെന്നും ചാൾസ് വ്യക്തമാക്കി. തന്റെ കാറിന് പരിസ്ഥിതി സൗഹൃദമായ പുതിയ ഒരു ഇന്ധന സ്രോതസ് കണ്ടെത്തണമെന്ന് ആസ്റ്റൺ മാർട്ടിൻ എൻജിനിയർമാരോട് ആവശ്യപ്പെട്ടിരുന്നതായി ചാൾസ് 2018ൽ ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTON MARTIN, PRINCE CHARLES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.