കോട്ടയം: അറുപറ ഹാഷിം,ഹബീബ ദമ്പതിമാരെ കാണാതായ സംഭവത്തിൽ മറിയപ്പള്ളിയിലെ പാറമടക്കുളത്തിൽ തെരച്ചിൽ നടത്താനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം. ഇതിനു മുന്നോടിയായി പാറമടക്കുളം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നഗരസഭ അധികൃതർക്ക് കത്ത് നൽകി. ഏഴു വർഷം മുൻപ് ചങ്ങനാശേരിയിൽ നിന്ന് കാണാതായ മഹാദേവന്റെ മൃതദേഹാവശിഷ്ടങ്ങൾ ഈ കുളത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇതാണ് ക്രൈം ബ്രാഞ്ചിനെ ഇവിടെ തെരയാൻ പ്രേരിപ്പിക്കുന്നത്.
2017 മേയിലാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം, ഹബീബ ദമ്പതിമാരെ കാണാതായത്. ഹർത്താൽ ദിനത്തിൽ വൈകിട്ട് വീട്ടിൽ നിന്നും ഭക്ഷണം വാങ്ങാനായി കാറിൽ പുറപ്പെട്ട ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. കടുത്ത വിശ്വാസികളായിരുന്ന ഇരുവർക്കുമായി അജ്മീർ ദർഗയിലടക്കം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ആദ്യം കോട്ടയം വെസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് കോട്ടയം മുതൽ കുമരകം വരെയുള്ള പ്രദേശത്തെ കുളങ്ങളും ജലാശയങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. എന്നിട്ടും സൂചനകളൊന്നും ലഭിച്ചില്ല.
ഇതിനിടെയാണ് ഇപ്പോൾ വർഷങ്ങൾക്കു മുൻപ് കാണാതായ ചങ്ങനാശേരി മതുമൂല മഹാദേവന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയ മറിയപ്പള്ളിയിലെ പാറമടക്കുളത്തിൽ തെരച്ചിൽ നടത്താനൊരുങ്ങുന്നത്.
സാദ്ധ്യത
സി.സി.ടി.വി കാമറകളിലൊന്നും കാർ പതിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കാർ ഇല്ലിക്കലിൽ നിന്ന് തിരുവാതുക്കൽ വഴി പാറേച്ചാലെത്താനുള്ള സാദ്ധ്യതയാണ് ക്രൈംബ്രാഞ്ച് കണക്ക് കൂട്ടുന്നത്. പാറേച്ചാലിലൂടെ മറിയപ്പള്ളിയിൽ എത്താം. ഈ വഴിയിൽ സി.സി.ടി.വി കാമറകൾ കുറവാണ്. ആത്മഹത്യാ പ്രവണത കൂടുതലുള്ള ദമ്പതിമാർ പാറമടക്കുളത്തിൽ കാറുമായി വീണുകാണുമെന്നാണ് സംശയം.