കൊടുമൺ: ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഉജ്ജ്വല കൗമാരം പരിപാടിക്ക് ജില്ലയിൽ തുടക്കമായി. അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ജില്ലയിലെ ആദ്യക്ലാസ് ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.എൻ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കൗമാരകാലഘട്ടത്തിന്റെ പ്രത്യേക സവിശേഷതകൾ തിരിച്ചറിഞ്ഞ് മുന്നേറാൻ കുട്ടികളെ സഹായിക്കുക എന്നതാണ് ക്ലാസിന്റെ ലക്ഷ്യം. ഈ കാലയളവിൽ താൻ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ കാരണങ്ങൾ സ്വയം തിരിച്ചറിയാനും അവയ്ക്ക് പരിഹാരം കാണാനും കുട്ടിയെ പ്രാപ്തമാക്കുന്ന തരത്തിലാണ് ക്ലാസിന്റെ ഉള്ളടക്കവും അവതരണ രീതിയും ചിട്ടപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക പരിശീലനം നേടിയ റിസോഴ്സ് പേഴ്സണുമാരാണ് കുട്ടികളുമായി സംവദിക്കുന്നത്. ഇതിനായി 50 പേർ അടങ്ങുന്ന ഒരു ടീമിനെ പരിഷത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.