SignIn
Kerala Kaumudi Online
Tuesday, 17 May 2022 7.15 PM IST

വിശപ്പില്ലാ ലോകം സാദ്ധ്യമാണ്

food

ലോക ഭക്ഷ്യദിനം ഇന്ന്

................................

ഒട്ടേറെ ആശങ്കകൾക്കും ആകുലതകൾക്കും നടുവിലാണ് ഈ വർഷത്തെ സാർവദേശീയ ഭക്ഷ്യദിനം ആചരിക്കുന്നത്.

മനുഷ്യവംശത്തിന്റെ ഭാവിയെപ്പറ്റി ഉത്കണ്ഠകൾ നിറയുന്ന ഈ കാലത്താണ് `` നമ്മുടെ പ്രവൃത്തി, നമ്മുടെ ഭാവി -മികച്ച ഉത്പാദനം, പോഷണം, പരിസ്ഥിതി -മികവാർന്ന ജീവിതം '' എന്ന കേന്ദ്രപ്രമേയവുമായി ഈ ദിനം എത്തിയത്. നൂറ്റിയൻപതിലധികം രാജ്യങ്ങളിലെ സർക്കാരുകൾ, സർക്കാരിതര സംഘടനകൾ, മാദ്ധ്യമങ്ങൾ, സിവിൽ സമൂഹം എന്നിവരെല്ലാം ഒരുമിച്ച് നിന്ന് ബോധവത്കരണത്തിനും സക്രിയമായ ഇടപെടലിനുമായുള്ള ഈ യത്‌നത്തിൽ പങ്കുചേരുന്നു.

കാർഷികവ്യവസ്ഥയ്ക്ക് മാത്രമേ ആ ലക്ഷ്യം നേടാനും വിശപ്പ് എന്ന പ്രതിഭാസത്തെ ശാശ്വതമായി അവസാനിപ്പിക്കാനും കഴിയൂ. കാരണം ഇന്ധനങ്ങളും ഊർജ്ജസ്രോതസുകളും മാത്രമല്ല ഭക്ഷ്യവിഭവങ്ങളും പ്രകൃതിവിരുദ്ധമായ ഉത്പാദന ഉപഭോഗരീതികളാൽ ശോഷിച്ച് പോകുന്നവ തന്നെയാണ്. മനുഷ്യരായി പിറന്ന എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തണം.

കാർഷിക ഭക്ഷ്യവ്യവസ്ഥ ലോകത്ത് നൂറുകോടി മനുഷ്യർക്ക് തൊഴിൽ നൽകുന്നു. സമ്പദ് വ്യവസ്ഥയിൽ മറ്റേതൊരു മേഖലയെക്കാളും കൂടിയ പങ്കാണിത്. ഇതിലുണ്ടാകുന്ന ഏതൊരു ചെറുവ്യതിചലനവും ദശകോടികളെ തൊഴിൽ രഹിതരാക്കും. ശതകോടികളെ പട്ടിണിയിലേക്ക് തള്ളിവിടും.

ഇന്ന് നിലനില്‌ക്കുന്ന വാണിജ്യകേന്ദ്രീകൃതമായ ഭക്ഷ്യോത്പാദനവും ഉപഭോഗവും അമിതമായ പാഴാക്കലും ഭൂമിയുടെയും പരിസ്ഥിതിയുടെയും കാലാവസ്ഥയുടെയും മേലും ദുർവഹമായ ഭാരമാണ് ഏല്പിക്കുന്നത്. 300 കോടി മനുഷ്യർക്ക് ലോകത്താകമാനം ആവശ്യമായ അളവിൽ പോഷകസമൃദ്ധമായ ആഹാരം ലഭിക്കുന്നില്ല. വികസിത നാടുകളിലുൾപ്പെടെയുള്ള പാർശ്വവത്കൃത വിഭാഗങ്ങൾ പൊതുവിലെ സമ്പന്നതയ്ക്കിടയിലും മതിയായ ആഹാരം കിട്ടാത്തവരാണ്. ഇന്ത്യയിൽ 2020 ലെ കണക്കുപ്രകാരം 19.4 കോടി പേർ വിശപ്പ് അനുഭവിക്കുന്നവരാണ്. ലോകത്തെ വിശക്കുന്നവരുടെ ഇരുപത്തിമൂന്ന് ശതമാനമാണിത്.

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ളി സമ്മേളനത്തോടനുബന്ധിച്ച് സെപ്തംബർ 23ന് ചേർന്ന ആഗോളഭക്ഷ്യ ഉച്ചകോടി (വെർച്വൽ) സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങൾ 2030 ഓടെ സഫലീകരിക്കാൻ കഴിയുംവിധം ലോകഭക്ഷ്യവ്യവസ്ഥയെ ഗുണപരമായി പരിവർത്തിപ്പിക്കാൻ തീരുമാനിച്ചു. 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഭാവിപരിപാടി എന്ന നിലയിൽ ഉച്ചകോടി അഞ്ച് പ്രവർത്തന പാതകൾ നിശ്ചയിച്ചു. സുരക്ഷിതവും പോഷക സമൃദ്ധവുമായ ആഹാരലഭ്യത എല്ലാവർക്കും, സുസ്ഥിര ഉപഭോഗശീലങ്ങളിലേക്കുള്ള ചുവടുമാറ്റം, പ്രകൃതി സൗഹൃദ ഭക്ഷ്യോത്പാദനം, സാമൂഹ്യനീതി തത്വങ്ങൾ പ്രകാരമുള്ള ഉപജീവനലഭ്യത, അപ്രതീക്ഷിതമായ ദുരന്തങ്ങളോടും ആഘാതങ്ങളോടുമുള്ള പ്രതിരോധക്ഷമത വളർത്തൽ എന്നിവയാണ് അവ. സർക്കാരും ഇതര പ്രവർത്തന പങ്കാളികളും ഈ ദിശയിൽ ഉത്സാഹിക്കാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെയും ഭക്ഷ്യ- കാർഷിക സംഘടനയുടെയും ശരിയായ ദിശയിലുള്ള പരിശ്രമങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും നേരുന്നു.

1990 കൾ മുതൽ ലോകത്ത് കരുത്താർജ്ജിക്കുന്ന ഉദാരവത്കരണ നയങ്ങൾ ജനക്ഷേമകരങ്ങളായ ഇടപെടൽ നടത്താനുള്ള സർക്കാരുകളുടെ ശേഷിയെ പരിമിതപ്പെടുത്തുന്നു. മറ്റെല്ലാ രംഗങ്ങളെയുമെന്നപോലെ ഭക്ഷ്യ - കാർഷിക മേഖലകളെയും ഈ നയം വലിയ തോതിൽ ബാധിച്ചു. ആഗോളതലത്തിലുള്ള വിപണി ശക്തികളോട് പൊരുതി നില്‌ക്കാനാവാതെ കർഷകർ ഭക്ഷ്യ-കൃഷിയുപേക്ഷിച്ച് പോകുന്നു. നാണ്യവിളകളിലേക്ക് മാറാൻ നിർബന്ധിതരാകുന്നു. വിത്ത്, വളം, കീടനാശിനി എന്നിവയ്ക്കെല്ലാം ലഭിച്ചുവന്നിരുന്ന സബ്സിഡികൾ പടിപടിയായി ഇല്ലായ്മ ചെയ്യപ്പെടുന്നു. ബഹുരാഷ്ട്ര വിത്തുകമ്പനികൾ കാർഷിക മേഖലയിൽ പിടിമുറുക്കുന്നു. പൊതുവിതരണരംഗത്തെ പരിമിതപ്പെടുത്തുന്നതും സംഭരണശാലകളുടെ സ്വകാര്യവത്കരണവും ഈ ദിശയിലുള്ള നടപടികൾ തന്നെ. ബാങ്കിംഗ് മേഖലയുടെ സ്വകാര്യവത്കരണത്തിലൂടെ സാമ്പത്തിക പിന്തുണയുടെ അവസാന കച്ചിത്തുരുമ്പും കർഷകന് നഷ്ടമാവുന്നു. അവശേഷിക്കുന്ന സംരക്ഷണ സംവിധാനവും ഇല്ലാതാക്കുന്ന കാർഷിക നിയമഭേദഗതിയിലൂടെ തദ്ദേശീയ പരമ്പരാഗത കാർഷികവൃത്തിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും തറച്ചിരിക്കുന്ന കേന്ദ്ര സർക്കാരുമായി മുഖാമുഖം പോരടിക്കുകയാണ് ഇന്ത്യയിലെ കർഷകർ ഇന്ന്. അവരുടെ രക്തം തെരുവിൽവീണ നാളുകളിലാണ് കാർഷിക ഭക്ഷ്യവ്യവസ്ഥയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും വേണ്ടിയുള്ള ദിനാചരണം നടക്കുന്നത് എന്നത് മറക്കാൻ പാടില്ല.

മഹാമാരിയുടെ ദുരന്തകാലത്തും അല്ലാത്തപ്പോഴും ആരെയും പട്ടിണിക്കിടാത്ത കേരള മാതൃക ലോകത്തിന് മുന്നിൽ ശിരസുയർത്തി നിൽക്കുന്നു.

മഹാമാരിക്കാലത്ത് സൗജന്യ അതിജീവനക്കിറ്റുകളായും ഇരുപത് രൂപയ്ക്ക് ഒരു നേരത്തെ ആഹാരം നൽകുന്ന സുഭിക്ഷ ഹോട്ടലുകളായും സുതാര്യവും കാര്യക്ഷമവുമായ പൊതുവിതരണ ശൃംഖലയായും സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷ്യക്കിറ്റുകളായും സർക്കാർ നേരിട്ട് നടത്തുന്ന വിപണി ഇടപെടലായും ഇത് വികസിച്ചുകൊണ്ടിരിക്കുന്നു. ആഗോള ഭക്ഷ്യഉച്ചകോടി പ്രഖ്യാപിച്ചതുപോലെ നമ്മുടെ പ്രവൃത്തിയാണ് നമ്മുടെ ഭാവിയെങ്കിൽ, ആ ഭാവിയെ നാം സധൈര്യം ഒരുമിച്ച് നേരിടുമെന്ന് മലയാളിക്ക് ചങ്കിൽ കൈവച്ച് പറയാം. വിശപ്പില്ലാലോകം സാദ്ധ്യമാണെന്ന് നമുക്ക് ലോകത്തെ ഓർമ്മിപ്പിക്കാം.

( ലേഖകൻ സംസ്ഥാന ഭക്ഷ്യ- പൊതുവിതരണ മന്ത്രിയാണ് )​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WORLD FOOD DAY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.