SignIn
Kerala Kaumudi Online
Thursday, 25 April 2024 9.45 AM IST

കോളേജുകൾ തുറക്കുന്നത് മാറ്റി, ശബരിമല തീർത്ഥാടനം 19 വരെ നിറുത്തി വയ്ക്കും, ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്ന് മുഖ്യമന്ത്രി

kk

തിരുവനന്തപുരം : കനത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 18 മുതൽ തുറക്കാനിരുന്നത് മാറ്റിവച്ചു,​. 20 മുതലായിരിക്കും കോളേജുകൾ തുറക്കുക. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അന്നുവരെ ശബരിമല തീർത്ഥാടനം ഒഴിവാക്കാനും മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു.


അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

മലയോര മേഖലകളിൽ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. . കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാദ്ധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. രക്ഷാ പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നൽകുന്നതാണ്. കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്കല്ല നാം പോകുന്നത് എന്നാണ് പ്രവചനം നൽകുന്ന സൂചനയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം ക്യാമ്പുകൾ ആരംഭിക്കേണ്ടത്. ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം. ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാവുന്നതാണ്. മാസ്ക്, സാനിറ്റൈസർ എന്നിവ ക്യാമ്പുകളിൽ ഉറപ്പുവരുത്തണം. ശൗചാലയങ്ങൾ വൃത്തിയാക്കാൻ പ്രത്യേകം സംവിധാനം ഒരുക്കണം. ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കണം. ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധ ക്യാമ്പുകളിൽ ഉണ്ടാകണം. ആവശ്യത്തിന് മരുന്നുകൾ ഉണ്ടാകണം. വാക്സിൻ എടുക്കാത്തവരുടെയും അനുബന്ധ രോഗികളുടെയും കാര്യത്തിൽ പ്രത്യേകം ജാഗ്രത കാട്ടണം. തീരദേശ മേഖലയിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകണം. ദുരന്തസാധ്യത ഉള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ജാഗ്രത പുലർത്തണം.

ദേശീയ ദുരന്ത പ്രതികരണ സേന നിലവിൽ നല്ല സഹായങ്ങൾ നൽകിവരുന്നുണ്ട്. ആവശ്യമുള്ളവർ അവരെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർമി, നേവി, എയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങൾ ദുരന്ത ഘട്ടങ്ങളിൽ സംസ്ഥാനത്തെ നല്ല നിലക്ക് സഹായിച്ചവരാണ്. അവരെയൊക്കെ ഏകോപിതമായി ഉപയോഗിക്കാനാവണം.

രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ വള്ളങ്ങൾ, ബോട്ടുകൾ എന്നിവ ഒരുക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തങ്ങൾക്ക് ലഭ്യമായ വള്ളങ്ങളുടെയും ബോട്ടുകളുടെയും ലിസ്റ്റ് തയ്യാറാക്കി വെക്കണം. ആവശ്യം വരുമ്പോൾ പെട്ടെന്ന് ഇവ ഉപയോഗിക്കാനാകണം. എസ്. ഡി. ആർ. എഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികൾ ജില്ലകൾ കൈക്കൊള്ളണം. എസ്. ഡി. ആർ. എഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികൾ ജില്ലകൾ കൈക്കൊള്ളണം.

ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മാറിപ്പോകാനുള്ളവർക്ക് മുന്നറിയിപ്പ് നൽകണം. പെട്ടെന്ന് മാറിപ്പോകാൻ പറയുന്ന സ്ഥിതി ഉണ്ടാവരുത്. മുൻകൂട്ടി അറിയിക്കുകയാണ് പ്രധാനം. ഇക്കാര്യത്തിൽ ജില്ലാ കലക്ടർ, വൈദ്യുതി വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവർ യോജിച്ച് നീങ്ങണം. വൈദ്യുതി വിതരണത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.

പാലക്കാട് ജില്ലയിൽകൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ മുൻകരുതൽ ശക്തമാക്കണം. വെള്ളം ഒഴുക്കി കളയാൻ ആവശ്യമെങ്കിൽ മോട്ടോർ പമ്പുകൾ ഫയർഫോഴ്സ് വാടകക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാർ, മേധാവികൾ, ജില്ലാ കലക്ടർമാർ, വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികൾ, ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEAVY RAIN KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.