SignIn
Kerala Kaumudi Online
Friday, 19 April 2024 12.14 AM IST

മാതൃപരിചരണം; കേരളത്തിന്റെ ചിരി മങ്ങുന്നുവോ

photo

രാജ്യത്ത് മാതൃപരിചരണ രംഗത്തെ ചലനങ്ങൾ ഒപ്പിയെടുക്കാൻ കഴിഞ്ഞ 27 വർഷത്തിനുള്ളിൽ അഞ്ച് റൗണ്ടുകളിലായി നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേകൾക്ക് കഴിഞ്ഞു

. കേരളത്തിലെ മാതൃപരിചരണ രംഗത്തെ സൂചികകൾ രാജ്യത്തെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നതോടൊപ്പം, പലതും അന്താരാഷ്ട്ര നിരക്കുകളോട് കിടപിടിക്കുന്നവയാണ്. ദൗർഭാഗ്യവശാൽ, ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേയിലെ (അഞ്ചാം റൗണ്ട്) കണ്ടെത്തലുകൾ മാതൃപരിചരണ സൂചികകളിൽ ചിലതിലെങ്കിലും സംസ്ഥാനം പിന്നോട്ടു പോകുന്നതായുള്ള സൂചന നൽകുന്നു.


ശ്രദ്ധ കുറയുന്നോ?
ദേശീയ കുടുംബാരോഗ്യ സർവേയുടെ നാലും (2015 - 16), അഞ്ചും (2019 - 20) റൗണ്ടുകൾ അഞ്ചു വർഷത്തെ ഇടവേളയിൽ ഇന്ത്യയിൽ നടന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്നും ശേഖരിച്ച് ക്രോഡീകരിക്കപ്പെട്ട വിവരങ്ങൾ സംസ്ഥാനത്തെ മാതൃപരിചരണ സൂചികകളുടെ പ്രകടനത്തെ വിലയിരുത്താനായി ഇവിടെ ഉപയോഗിക്കുന്നു.

സ്ത്രീകളുടെ ഗർഭപ്രസവകാലത്ത് ലഭിച്ച ശ്രദ്ധയേയും, പരിചരണത്തേയും മാതൃപരിചരണ സൂചികകൾ എന്നും പ്രസവപരിചരണ സൂചികകൾ എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. ഗർഭകാലപരിചരണത്തിൽ ഏറ്റവും സുപ്രധാനമാണ് ആദ്യ മൂന്ന് മാസത്തിനുള്ളിൽ നടത്തേണ്ട പരിശോധന. ഇത്തരം പരിശോധന നടത്തിയ സ്ത്രീകളുടെ ശതമാനം അഞ്ചു വർഷത്തിനുള്ളിൽ 95.1 ശതമാനത്തിൽ നിന്ന് 93.6 ശതമാനമായി കുറഞ്ഞു. എന്നാൽ, ഗർഭാവസ്ഥയിൽ പരിശോധനയ്‌ക്കായി സ്ത്രീകൾ നടത്തിയ ആശുപത്രി സന്ദർശനങ്ങളിൽ (കുറഞ്ഞത് നാല് തവണയെങ്കിലും) ഏകദേശം 13 ശതമാനത്തിന്റെ കുറവ് (90.1 ശതമാനത്തിൽ നിന്ന് 78.6 ശതമാനമായി) വന്നതായി സർവേഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.
15 നും 49 നും ഇടയിലുള്ള എല്ലാവിഭാഗം സ്ത്രീകളിലും വിളർച്ചാനിരക്ക് വർദ്ധിച്ചെന്ന ഞെട്ടലുളവാക്കുന്ന സൂചനയും സർവേ ഫലങ്ങൾ നൽകുന്നു. സമാനപ്രായത്തിലുള്ള ഗർഭിണികളായ സ്ത്രീകളിൽ നാലാമത് കുടുംബാരോഗ്യ സർവേയിൽനിന്നു അഞ്ചിലേക്കെത്തുമ്പോൾ വിളർച്ചാനിരക്കിൽ ഏകദേശം 39 ശതമാനത്തിന്റെ (22.6 ശതമാനത്തിൽ നിന്നും 31.4 ശതമാനം) വർദ്ധന രേഖപ്പെടുത്തി. എന്നാൽ, പൊതുവിൽ രണ്ടിലൊരു ഗർഭിണി മാത്രം (47.4 ശതമാനം) കഴിച്ചിരുന്ന ഫോളിക് ആസിഡ് ഗുളികകളുടെ ഉപയോഗം വർദ്ധിച്ച് രണ്ടിൽ മൂന്ന് ഗർഭിണികൾ (67 ശതമാനം) എന്ന നിലയിലേക്കെത്തിയത് ഈ രംഗത്തെ പുരോഗതിയാണ്. ഗർഭിണികളിൽ ഫോളിക് ആസിഡ് ഗുളികകളുടെ ഉപയോഗം ശിശുക്കളിലെ ജനന വൈകല്യങ്ങൾ ദൂരീകരിക്കാനും, തലച്ചോറിന്റെയും നട്ടെല്ലുകളുടെയും പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് .


സ്വകാര്യമേഖല

പിടിമുറുക്കുന്നു


പ്രസവങ്ങൾ സാർവത്രികമായി ആരോഗ്യകേന്ദ്രങ്ങളിൽ നടക്കുന്ന (99.8 ശതമാനം) ഏക സംസ്ഥാനമാണ് കേരളം. എന്നാൽ, പ്രസവ ആവശ്യത്തിനായി പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ നിരക്ക് അഞ്ച് വർഷത്തിനുള്ളിനിൽ 38.3 ശതമാനത്തിൽ നിന്ന് 34.1 ശതമാനമായി കുറഞ്ഞു. ഇത് സ്വകാര്യ മേഖലയുടെ പങ്ക് 61.5 ശതമാനത്തിൽ നിന്ന് 65.7 ശതമാനമായി വളരാൻ കാരണമായി. പ്രസവ ആവശ്യത്തിനായി പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതിൽ ജില്ലാതലത്തിൽ വൻ അന്തരം ദൃശ്യമാണ്. എറണാകുളം (23.2 ശതമാനം), മലപ്പുറം (25.6 ശതമാനം), പാലക്കാട് (29.6 ശതമാനം). കാസർഗോഡ് (29.9 ശതമാനം), തൃശ്ശൂർ (30.8 ശതമാനം), കണ്ണൂർ (33.6 ശതമാനം) എന്നീ ജില്ലകളിലെ സ്ത്രീകൾ പ്രസവത്തിനായി പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് സംസ്ഥാന ശരാശരിയായ 34.1 ശതമാനത്തിനു താഴെയാണ്. ഈ ജില്ലകളിൽ പ്രസവത്തിനായി സ്ത്രീകൾ കൂടുതൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നുവെന്ന് ചുരുക്കം.

എറണാകുളം, തൃശൂർ ജില്ലകളിൽ സ്വകാര്യ ആശുപ്രതികളുടെ ആധിക്യവും, കാസർഗോഡ്, പാലക്കാട് ജില്ലയിൽ മതിയായ പൊതുജനാരോഗ്യ സൗകര്യങ്ങളുടെ അഭാവവും സ്ത്രീകളെ സ്വകാര്യ മേഖലയിലെ ആശുപത്രികളിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാകാം. പൊതു ആശുപത്രി സംവിധാനങ്ങൾ നവീകരിക്കുകയും, നൂതന ചികിത്സാ സൗകര്യങ്ങൾ എല്ലാ വിഭാഗത്തിനും ഉറപ്പുവരുത്താനും ഗവൺമെന്റുകൾ പ്രതിജ്ഞാബദ്ധമായിരിക്കുന്ന കാലഘട്ടത്തിൽ ഇത്തരം ദിശാമാറ്റം ആശാസ്യമല്ല.


ഫാഷനാകുന്ന സിസേറിയൻ
കാലാകാലങ്ങളായി സംസ്ഥാനത്ത് സിസേറിയൻ പ്രസവങ്ങളുടെ ഗ്രാഫ് ഉയരുന്നതായി സർവേഫലം വ്യക്തമാക്കുന്നു. അഞ്ചുവർഷ കാലയളവിൽ സിസേറിയനുകളിൽ ഒൻപത് ശതമാനത്തിന്റെ വർദ്ധന (35.8 ശതമാനത്തിൽ നിന്നും 38.9 ശതമാനത്തിലേക്ക്) രേഖപ്പെടുത്തി. ലാഭക്കൊതി മുൻനിറുത്തി സ്വകാര്യ ആശുപത്രികൾ സിസേറിയൻ നടത്താൻ മുൻകൈയെടുക്കുന്നു എന്ന ആരോപണം നിലനില്ക്കുമ്പോൾ തന്നെ, പൊതുമേഖലയിലുള്ള ആതുരാലയങ്ങളും ഇക്കാര്യത്തിൽ പിന്നിലല്ലെന്നാണ് സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന പാഠം. ഉദാഹരണമായി, സ്വകാര്യ ആശുപത്രികളിലെ സിസേറിയൻ നിരക്ക് ഇക്കാലയളവിൽ നാമമാത്രമായ 3.4 ശതമാനത്തിന്റെ (38.6 ശതമാനത്തിൽ നിന്ന് 39.9 ശതമാനത്തിലേക്ക്)
വർദ്ധന രേഖപ്പെടുത്തിയപ്പോൾ ഗവൺമെന്റ് ആശുപത്രികളിൽ വർദ്ധന 18.5 ശതമാനമായി (31.4 ശതമാനത്തിൽ നിന്ന് 37.2ശതമാനത്തിലേക്ക്) ഉയർന്നു. അതായത്, ചുരുങ്ങിയ കാലത്തിനുള്ളിൽ സ്വകാര്യമേഖലയെ അപേക്ഷിച്ച് സർക്കാർ സംവിധാനത്തിൽ സിസേറിയൻ പ്രസവങ്ങൾ ശതമാനക്കണക്കിൽ അഞ്ച് മടങ്ങിലധികം വർദ്ധന രേഖപ്പെടുത്തി.
ഉയർന്ന നിരക്കിലുള്ള സിസേറിയൻ പ്രസവങ്ങൾ സർക്കാർ ആശുപത്രികളിൽ നടക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോമൺ മിഷൻ റിവ്യൂ ടീം 2015ൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഈ കണ്ടെത്തലുകളെ സാധൂകരിക്കുന്ന ഫലങ്ങളാണ് ദേശീയ കുടുംബാരോഗ്യ സർവേയും മുന്നോട്ടുവയ്ക്കുന്നത്. സിസേറിയൻ നിരക്കുകളിലും പ്രകടമായ അന്തർജില്ലാ വ്യതിയാനം നിലനില്‌ക്കുന്നു. ഈ നിരക്കിന്റെ സംസ്ഥാന ശരാശരി 38.9 ശതമാനമാണെങ്കിൽ അതിനേക്കാൾ കൂടിയ നിരക്കുള്ള ഒൻപത് ജില്ലകൾ സംസ്ഥാനത്തുണ്ട്. ഇതിൽത്തന്നെ, പത്തനംതിട്ട (57.6 ശതമാനം), എറണാകുളം (51.1 ശതമാനം) എന്നീ ജില്ലകളിൽ ആകെ പ്രസവങ്ങളിൽ പകുതിയിലധികം സിസേറിയൻ വിഭാഗത്തിലുള്ളവയാണെന്നത് ശുഭസൂചനയല്ല. ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത നയപ്രകാരം സിസേറിയൻ പ്രസവങ്ങൾ 15 ശതമാനത്തിൽ താഴെയായി നിജപ്പെടുത്തേണ്ടതായിട്ടുണ്ട്. സംസ്ഥാനത്ത് നിലനിൽക്കുന്ന സിസേറിയൻ നിരക്കുകൾ ലോകാരോഗ്യ സംഘടന നിഷ്‌കർഷിച്ചിരിക്കുന്ന നിരക്കിനേക്കാൾ രണ്ട് മടങ്ങിലധികമാണ്. സിസേറിയൻ നിജപ്പെടുത്തുന്നതിലുള്ള നിയമനിർമ്മാണത്തിന്റെ അഭാവവും, പ്രസവ ചികിത്സാവിദഗ്ധരുടെ ദൗർലഭ്യവും ആശുപത്രികളിലെ തിരക്കും ഇത്തരത്തിലുള്ള പ്രസവങ്ങളുടെ നിരക്ക് വർദ്ധനയ്ക്ക് കാരണമായേക്കാം. താരതമ്യേന വേദന കുറവാണെന്നത് ഗർഭിണികളെ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നുണ്ടാവാം. സിസേറിയൻ പ്രസവങ്ങൾ ദീർഘകാല ആശുപത്രിവാസത്തിനും, ശിശുക്കളുടെ മുലയൂട്ടൽ പ്രക്രിയയ്ക്ക് കാലതാമസം സൃഷ്ടിക്കുകയും, അവരിൽ ഭാരക്കുറവിനും, ശ്വസനസംബന്ധമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതായും ആരോഗ്യ പ്രവർത്തകർ ചൂണ്ടികാണിക്കുന്നു. സർക്കാർ സംവിധാനത്തിലാണെങ്കിൽപ്പോലും, കുടുംബങ്ങൾ നിശ്ചിതതുക സിസേറിയനായി കണ്ടെത്തേണ്ടതായി വരും.


നിഗമനങ്ങൾ
സർവേ തിട്ടപ്പെടുത്തിയ മാതൃക്ഷേമ രംഗത്തെ ഭൂരിഭാഗം സൂചികകളും സംസ്ഥാനം പിന്നോട്ടു പോയതിന്റെ നേർചിത്രമാണ് നൽകുന്നത്. ആരോഗ്യരംഗം പൂർണമായി കൊവിഡ് കൊവിഡാനന്തര ചികിത്സയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മാതൃപരിചരണരംഗത്തെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടാകാനുള്ള സാദ്ധ്യത മുന്നിൽക്കാണുന്നു.

ഗർഭാവസ്ഥയിൽ പരിശോധനയ്‌ക്കായി സ്ത്രീകൾ നടത്തിയ ആശുപത്രി സന്ദർശനങ്ങളിൽ ശ്രദ്ധേയമായ കുറവ് വന്നിരിക്കുന്നു. നിശ്ചിത ഇടവേളകളിൽ ഗർഭിണികൾ വൈദ്യപരിശോധനകൾക്ക് വിധേയമാകുന്നത് അമ്മമാരുടെ ആരോഗ്യപ്രശ്നങ്ങളും അസ്വസ്ഥതകളും ദൂരീകരിക്കും. ഗർഭസ്ഥ ശിശുക്കളുടെ വളർച്ചയുടെ ഘട്ടങ്ങൾ വ്യക്തമായി നിർണയിക്കാനും വിദഗ്ദ്ധ പരിശോധനകളാവശ്യമാണ്. പൊതുവിൽ ഗർഭിണികളും, ശിശുക്കളും സ്വീകരിക്കേണ്ട പ്രതിരോധകുത്തിവയ്‌പ്പുകളുടെ നിരക്കുകളിൽ ഇടിവ് വന്നതായി സർവേ സൂചിപ്പിക്കുന്നു. പാർശ്വഫലഭീതിയോ, മതപരമായ കാരണങ്ങളോ, സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വാക്സിൻവിരുദ്ധ പ്രചാരണങ്ങളോ സംസ്ഥാനത്ത് കുത്തിവയ്പ്പ് നിരക്കുകൾ കുറയാൻ കാരണമാകാം. കൊവിഡ് ബാധിച്ച ഗർഭിണികളിൽ മരണസാദ്ധ്യത 17 മടങ്ങ് വർദ്ധിക്കുന്നതായി ഐ.സി.എം. ആറിന്റെ ഏറ്റവും പുതിയപഠനം വെളിപ്പെടുത്തുകയുണ്ടായി. ആയതിനാൽ ഗർഭിണികൾ പതിവ് വാക്സിനുകൾക്ക് പുറമെ, കൊവിഡ് വാക്സിനുകൾ കൂടി സ്വീകരിക്കുന്നത് സുരക്ഷിതമായ ഗർഭകാലം പ്രദാനം ചെയ്യാം. സിസേറിയൻ നിരക്കുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിജപ്പെടുത്തുന്ന നിയമനിർമ്മാണത്തിലേക്ക് കടക്കേണ്ടതായിവരും.

(ഡോ.ജെ. രത്നകുമാർ ന്യൂഡൽഹിയിലെ സ്പീക്കേഴ്സ് റിസേർച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേർച്ച് ഫെല്ലോയും, ഡോ.കെ.പി. വിപിൻ ചന്ദ്രൻ കണ്ണൂർ കൃഷ്‌ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.