SignIn
Kerala Kaumudi Online
Thursday, 26 May 2022 12.55 PM IST

ഫയർ സ്റ്റേഷനുകൾക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമോ..?

fire3

കിലോമീറ്റുകൾ താണ്ടി അപകട സ്ഥലത്തേക്കെത്തണം. ദുർഘടം പിടിച്ച റോഡുകളിലൂടെ സഞ്ചരിച്ച് സംഭവസ്ഥലത്തെത്തുമ്പോൾ പകുതിയും കത്തിയമർന്നിട്ടുണ്ടാകും. മലപ്പുറംജില്ല വർഷങ്ങളായി നേരിടുന്ന പ്രശ്നങ്ങളിലൊന്നാണിത്. ഓരോ അപകടങ്ങൾ കഴിയുമ്പോഴും ഫയർസ്റ്റേഷനുകളുടെ അപര്യാപ്തത മാദ്ധ്യമങ്ങൾ സർക്കാരിനെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും വേണ്ടരീതിയിലുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. ഓരോ മണ്ഡലം തോറും ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പ്രഖ്യാപനം മുതൽ ഫയർ സ്റ്റേഷനുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോഴും വേണ്ട ഇടപെടലുകൾ ഉണ്ടായിട്ടില്ല. മലപ്പുറം,നിലമ്പൂർ,തിരുവാലി,മഞ്ചേരി,പെരിന്തൽമണ്ണ,തിരൂർ,താനൂർ,പൊന്നാനി എന്നിവിടങ്ങളിലാണ് നിലവിൽ ജില്ലയിൽ ഫയർ സ്റ്റേഷനുകളുള്ളത്. സ്റ്റേഷൻ യൂണിറ്റുകളുടെ പരിധിക്കപ്പുറം കവിഞ്ഞ ജോലി ഓരോ യൂണിറ്റുകൾക്കുമുണ്ട്. ഓരോ മാസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകടങ്ങളുടെ കണക്കിലും ജില്ല മുൻപന്തിയിലാണ്.

വളാഞ്ചേരി വട്ടപ്പാറയിൽ വലിയ ഗ്യാസ് ടാങ്കറുകളടക്കം അപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമാണ്. തിരൂരിൽ നിന്ന് ഏറെദൂരം സഞ്ചരിച്ചുവേണം വട്ടപ്പാറയിലെത്താൻ. ഏറെ നാളത്തെ ആവശ്യത്തിനൊടുവിൽ വളാഞ്ചേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കാമെന്നുള്ളത് അംഗീകരിച്ചത് മാത്രം ആശ്വാസം. താനൂരിൽ ടാങ്കറിന് ലീക്ക് സംഭവിച്ചതിനെ തുടർന്ന് നടുറോഡിൽ പെട്രോൾ ഒഴുകിയത് മുതൽ തേഞ്ഞിപ്പലം ഐ.ഒ.സി പ്ലാന്റിൽ ലോറി കത്തിയത് വരെ കഴിഞ്ഞ ഒരുമാസത്തിൽ സംഭവിച്ച അപകടങ്ങളിൽ ചിലത് മാത്രമാണ്. ജില്ലയിൽ സംഭവിക്കുന്ന അപകടങ്ങളിൽ ഭൂരിപക്ഷവും നാട്ടുകാരുടെ കൃത്യമായ ഇടപെടൽ കാരണമാണ് നേരിടാൻ സാധിക്കുന്നതെന്ന് സമീപകാല സംഭവങ്ങൾ മാത്രം പരിശോധിച്ചാൽ മനസിലാക്കാം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളതും ജനസംഖ്യയുള്ളതും മലപ്പുറം ജില്ലയിലാണ്. എന്നാൽ സംസ്ഥാനത്ത് ഏറ്റവും കുറവ് ഫയർ സ്റ്റേഷനുകളുള്ള ജില്ലയുടെ പട്ടികയിലാണ് മലപ്പുറം. കാലിക്കറ്റ് സർവകലാശാലയും അനേകം കെട്ടിടങ്ങളും ഐ.ഒ.സി പ്ലാന്റുമടക്കം സ്ഥിതി ചെയ്യുന്ന കൊണ്ടോട്ടിയിലേക്ക് കോഴിക്കോട് മീഞ്ചന്തയിൽ നിന്നോ, മലപ്പുറം ടൗണിൽ നിന്നോ ആണ് ഫയർ യൂണിറ്റുകൾ സ്ഥിരമായി എത്താറുള്ളത്. കിലോമീറ്റുകൾ താണ്ടി ഇവിടെ എത്തുമ്പോഴേക്കും അപകടം രൂക്ഷമാവാറുണ്ട്. ഓരോ യൂണിറ്റിനും കീഴിൽ സിവിൽ ഡിഫൻസ് വോളന്റിയർമാർ ഉണ്ടെന്നുള്ളത് കുറച്ചെങ്കിലും ആശ്വാസമാണ്. പ്രത്യേകം പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് അംഗങ്ങളെത്തി കെട്ടിടങ്ങളുടെ പ്രാഥമിക സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് അപകട സാഹചര്യം ഇല്ലാതാക്കുന്നത് എറെ ആശ്വാസകരമാണ്. എന്നാൽ ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഓരോ മണ്ഡലങ്ങളിലും പ്രത്യേകം സ്ഥലം കണ്ടെത്തി ഫയർ സ്റ്റേഷൻ സംവിധാനം ഒരുക്കിയില്ലെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ ജില്ല വലിയ പ്രതിസന്ധി നേരിടേണ്ടി വരും.


കിലോമീറ്ററുകൾ താണ്ടണം

ജില്ലയിലാകെയുള്ള എട്ട് ഫയർ സ്റ്റേഷനുകളുടെയും പരിധി നിശ്ചയിക്കാൻ പറ്റാത്തത്രയുമാണ്. സമീപജില്ലയായ കോഴിക്കോടിനെയും ആശ്രയിക്കേണ്ട സ്ഥിതി ജില്ലയ്‌ക്കുണ്ട്. മലപ്പുറം,കോഴിക്കോട് ജില്ലാ അതിർത്തിയിലെ പ്രധാന ടൗണായ അരീക്കോട് മാത്രമായി പവർഗ്രിഡ്, മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആറോളം വിദ്യാഭാസ സ്ഥാപനങ്ങൾ, പൊലീസ് ക്യാമ്പ് തുടങ്ങി അനേകം സമുച്ചയങ്ങളുണ്ട്. നിലവിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നിന്നും മഞ്ചേരിയിൽ നിന്നുമാണ് ഇവിടേക്ക് ഫയർ സ്റ്റേഷൻ യൂണിറ്റുകൾ എത്താറുള്ളത്. അപകടം സംഭവിച്ച് 20 മിനിറ്റു കൊണ്ട് മാത്രമേ അരീക്കോട്ടേക്കും സമീപ പ്രദേശങ്ങളിലേക്കും എത്താനാവൂ. ഫയർ ഫോഴ്സ് വാഹനത്തിന്റെ വേഗത ഒരു മിനിട്ടിൽ ഒരു കിലോമീറ്റർ പരിഗണിച്ചാൽ പോലും റോഡിന്റെ ശോചനീയാവസ്ഥ വെല്ലുവിളിയാവാറുണ്ട്. അപകടം നടന്ന് ആദ്യമെത്തുന്ന ഫയർ യൂണിറ്റുകൾ തികയാതെ വരുമ്പോൾ വീണ്ടും യൂണിറ്റുകൾ എത്തുമ്പോഴേക്കും പകുതിയും കത്തിയമർന്നിട്ടുണ്ടാകും. അരീക്കോട്ടെ യമഹ ഷോറൂം കത്തി നശിച്ചപ്പോഴും, ബസ് സ്റ്റാൻഡിലെ ചായക്കട കത്തിനശിച്ചപ്പോഴും നാട്ടുകാരുടെ ഇടപെടൽ മാത്രമായിരുന്നു കാണാൻ സാധിച്ചത്. ഒടുവിലെത്തുന്ന ഫയർ യൂണിറ്റുകൾ എല്ലാം കഴിഞ്ഞ് നിസഹായരായി നില്ക്കുന്നതാണ് അവസ്ഥ.

സുരക്ഷാ നിയമങ്ങൾ

ശക്തമാക്കണം

ചെറുതും വലുതുമായ സ്ഥാപനങ്ങൾ സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ടുള്ള എൻ.ഒ.സി നേടേണ്ടതുണ്ട്. സ്ഥാപനങ്ങൾ ആരംഭിക്കുന്ന ആദ്യ വർഷങ്ങളിൽ എല്ലാവരും കൃത്യമായി എൻ.ഒ.സി നേടാറുണ്ടെങ്കിലും ഒരു വർഷം കഴിഞ്ഞ് ഭൂരിപക്ഷം പേരും പുതുക്കാറില്ല. ഓരോ വർഷവും അടുത്തുള്ള ഫയർ ഓഫീസറെ കാണിച്ച് എൻ.ഒ.സി പുതുക്കണമെന്നതാണ് ചട്ടം. പുതുക്കിയില്ലെങ്കിൽ ഫയർഫോഴ്സിന് നടപടിയെടുക്കാനുള്ള അധികാരവുമില്ല. പഞ്ചായത്തിനോ, നഗരസഭയ്‌ക്കോ റിപ്പോർട്ട് സമർപ്പിക്കുക മാത്രമാണ് ഫയർ സ്റ്റേഷനിൽ നിന്നും ചെയ്യാനുള്ളത്. പഞ്ചായത്തിൽ നിന്ന് ജില്ലാ കളക്ടർക്കും റിപ്പോർട്ട് സമർപ്പിക്കും. തുടർച്ചയായി റിപ്പോർട്ടുകൾ സമർപ്പിക്കപ്പെടുന്നതല്ലാതെ ഉടമയ്‌ക്കെതിരെ യാതൊരു നടപടിയും അധികാരികൾ സ്വീകരിക്കാറില്ലെന്നതാണ് വാസ്തവം. ഇത്തരത്തിൽ കൃത്യമായി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്ത നിരവധി കെട്ടിടങ്ങൾ ജില്ലയിലുണ്ട്. നിയമം ശക്തമാക്കുകയും എൻ.ഒ.സി പുതുക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഒരുപരിധി വരെയെങ്കിലും സ്വയംസുരക്ഷാ സംവിധാനങ്ങൾ ജില്ലയിൽ സജ്ജമാക്കാൻ സാധിക്കൂ.

ഉദ്യോഗസ്ഥരെ നിയമിക്കണം

ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ മതിയായ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയുണ്ട്. മിക്കപ്പോഴും ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യുന്നതാണ് വിനയാകുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് മറ്റു ഉദ്യോഗസ്ഥരുടെ ജോലിഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. അമിത ജോലിഭാരം അടിച്ചേല്‌പിക്കുന്നതാകരുത് ഫയർമാന്മാരുടെ ജോലി.

ആധുനിക സംവിധാനങ്ങൾ
വിദേശരാജ്യങ്ങളിലടക്കം ഉപയോഗിക്കുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങൾ കേരളത്തിലും സജ്ജമാക്കാൻ സർക്കാർ മുൻകൈയെടുക്കണം. റോബോട്ടിക്ക് ഫയർ എൻജിൻ പോലെയുള്ള സംവിധാനങ്ങൾ ഏറെ ഉപകരിക്കും. വലിയ അപകടസ്ഥലങ്ങളിൽ ഫയർമാൻമാർ അപകടത്തിൽപ്പെ ടുന്നത് നിരവധി തവണ കണ്ടിട്ടുണ്ട്. എന്നാൽ കൂടുതൽ അപകടങ്ങളുള്ള സ്ഥലങ്ങളിലേക്ക് റോബോട്ടുകളെ വിട്ട് റിമോട്ടിൽ നിയന്ത്രിക്കാനാവും. ആളപായം കുറയ്‌ക്കാൻ ഇത് ഏറെ ഉപകരിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MALAPPURAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.