തൊടുപുഴ: നഗരത്തിൽ വ്യാപാരിയുടെ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മണക്കാട്- നെടിയശാല റോഡിൽ വട്ടത്തട്ടപ്പാറ കനാൽ ഭാഗത്ത് വട്ടക്കളം സിൽവർ ഹോംസ് ഉടമ ചാക്കോച്ചന്റെ വീടിന് നേരെയാണ് ഒരു സംഘം മദ്യകുപ്പിയും കല്ലുമെറിഞ്ഞത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ഈ ഭാഗത്ത് സംഘം ചേർന്ന് ഇരുന്ന ഒരു സംഘത്തെ പൊലീസെത്തി വിരട്ടി ഓടിച്ചിരുന്നു. ഇതിന് ശേഷം 11.30ന് സംഘം സമീപത്തെ വീടിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ആക്രമണം ഉണ്ടായത്. വീട്ടുകാർ ബഹളം കേട്ടുണർന്ന് ലൈറ്റുകൾ തെളിച്ചതോടെ ഇവർ പുറത്തേക്കിറങ്ങി. ഉടൻ തന്നെ പൊലീസിൽ അറിയിച്ചെങ്കിലും ആരും വന്നില്ല. 12.30യോടെ വീണ്ടും ആക്രമണം ആരംഭിച്ചു. വീട്ടുവളപ്പിൽ കിടന്നിരുന്ന വാഹനങ്ങൾക്ക് നേരെ കുപ്പികൾ എറിയുകയായിരുന്നു. വീണ്ടും പൊലീസിനെ വിളിച്ചെങ്കിലും അക്രമികൾ മടങ്ങിയ ശേഷമാണ് എത്തുന്നത്. നേരത്തെ പൊലീസിൽ വിവരമറിയിച്ചത് വ്യാപാരിയുടെ വീട്ടുകാരാണെന്ന് സംശയിച്ചാണ് ആക്രമണമെന്ന് കരുതുന്നു. ഇവിടെ കഴിഞ്ഞ ഞായറാഴ്ച പട്ടാപ്പകൽ ഓട്ടോറിക്ഷയിലെത്തിയ മൂവർ സംഘം കനാലിന് സമീപമുള്ള വീട് കുത്തിപൊളിക്കാൻ ശ്രമിച്ചിരുന്നു. അയൽവാസികളെത്തിയപ്പോൾ സംഘം സ്ഥലം വിട്ടു. പ്രദേശത്ത് മദ്യ- മയക്കുമരുന്ന് സംഘങ്ങൾ സ്ഥിരമായി തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് ഇവർക്കെതിരെ കാര്യമായ നടപടിയൊന്നുമെടുക്കാറില്ല. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്.എച്ച്.ഒ വി.സി. വിഷ്ണുകുമാർ പറഞ്ഞു.