കണ്ണൂർ: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വെള്ളം സിനിമിയിലെ അഭിനയമികവിലൂടെ ജയസൂര്യയെ തേടിയെത്തുമ്പോൾ അതിൽ പ്രധാനപ്പെട്ടൊരു പങ്ക് തളിപ്പറമ്പ് തൃച്ചംബരത്തെ വെള്ളം മുരളിക്ക് കൂടി അവകാശപ്പെട്ടതാണ്. മുഴുക്കുടിയിൽ സകലതും തകർന്ന്, വീട്ടുകാരും തള്ളിക്കളഞ്ഞ്, തെരുവിൽ അന്തിയുറങ്ങിയ നാളുകളിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ച മുരളി കുന്നുംപുറത്തിന്റെ കഥയാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളത്തിലൂടെ ജയസൂര്യ അഭ്രപാളികളിൽ അനശ്വരമാക്കിയത്. വഴിതെറ്റിയ കാലത്ത് നാട്ടുകാരാണ് മുരളിയെ വെള്ളം മുരളിയെന്ന് വിളിച്ചത്. ആ വിശേഷണം ഇന്നും കൂടെകൊണ്ടു നടക്കുന്നു. കോഴിക്കോട്ടെ ഡോ. ലോഗേഷിന്റെ മുന്നിലെത്തിയതോടെയാണ് മദ്യപാനം ഉപേക്ഷിച്ചത്. ജീവിതം പച്ചപിടിച്ചത് ടൈൽ കച്ചവടത്തിലൂടെ. അമ്പത്തൊൻപത് രാജ്യങ്ങളിലേക്ക് ബിസിനസ് യാത്രനടത്തിക്കഴിഞ്ഞു. ഭാര്യ സിമിയും മക്കളായ യദുകൃഷ്ണയും ശ്രീലക്ഷ്മിയും അടങ്ങുന്ന കുടുംബവുമായി കോഴിക്കോട്ടാണ് താമസം.
വാട്ടർമാൻ എന്ന പേരിൽ കേരളത്തിലുടനീളം ടൈൽസ് ഷോറും തുറക്കാനൊരുങ്ങുകയാണ് മുരളിയിപ്പോൾ. ആലുവയിൽ ആദ്യ ഷോറും ഉടൻ തുറക്കും. മദ്യത്തിന് അടിമയായശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്നവർക്കും മുഴുമദ്യപാനിയായ പിതാവിന്റെ മരണത്തോടെ അനാഥരായ മക്കൾക്കുമാണ് ഷോറൂമുകളിൽ ജോലിക്ക് മുൻഗണന.
എന്നെപ്പോലെ മദ്യപാനിയായി ഒരാളും ഉണ്ടാകരുത്. അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് ഈ ചിത്രത്തിലൂടെ ഞാൻ ശ്രമിച്ചത്. ആ കഥാപാത്രത്തെ അവതരിപ്പിച്ച് ജയസൂര്യ മികച്ച നടനായതിലും സന്തോഷവും അഭിമാനവും
- മുരളി കുന്നുംപുറത്ത്