അവാർഡ് അപ്രതീക്ഷിതമെന്ന് താരം
ആലുവ: മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അപ്രതീക്ഷിതമായിരുന്നുവെന്ന് അന്ന ബെൻ പറഞ്ഞു. ചൂണ്ടി ഭാരതമാതാ ലാ കോളേജിൽ വൈശാഖ് സംവിധാനം ചെയ്യുന്ന 'നൈറ്റ് ഡ്രൈവ്' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം. 'കപ്പേള' സിനിമ അവാർഡ് നിർണയസമിതി പരിഗണിച്ചതിൽ സന്തോഷമുണ്ടായിരുന്നു. അവാർഡ് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അവസരംനൽകിയ സംവിധാകൻ, നിർമ്മാതാവ്, അണിയറ പ്രവർത്തകർ എന്നിവരോടാണ് നന്ദിപറയുന്നത്. കപ്പേള തിയേറ്ററിൽ റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചതെങ്കിലും കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നടക്കാതിരുന്നതിൽ സങ്കടമുണ്ടായി. ഒ.ടി.ടി പ്ളാറ്റ് ഫോമിൽ മികച്ച വിജയം നേടിയതിൽ വലിയ സന്തോഷമുണ്ട്.
പിതാവ് ബെന്നി പി. നായരമ്പലം, മാതാവ് ഫുൽജ ബെന്നി, സഹോദരി സൂസന്ന ബെൻ എന്നിവരും ഷൂട്ടിംഗ് സെറ്റിലെത്തി സിനിമാ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചാണ് ആഘോഷം പങ്കുവച്ചത്.