കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ ഫോണിലേക്ക് ഒരു വർഷത്തിനിടെ വിളിച്ചവരിൽ ഒട്ടേറെ ഉന്നതരും. കാൾ ഡീറ്റെയിൽ റെക്കോർഡ് (സി.ഡി.ആർ) പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പേരുകൾ ഇപ്പോൾ പുറത്തുവിടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. മോൻസണുമായുള്ള ബന്ധം, സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ തുടങ്ങിയവയും പരിശോധിക്കും. പുരാവസ്തു ഇടനിലക്കാരൻ സന്തോഷ് എളമക്കര നൽകിയ കേസിൽ മോൻസണെ കസ്റ്റഡിയിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. നാളെ കസ്റ്റഡി അപേക്ഷ നൽകും. ആഡംബര മ്യൂസിയം നിർമ്മിക്കാമെന്ന് വിശ്വസിപ്പിച്ച് മൂന്നുകോടി രൂപയുടെ പുരാവസ്തു കൈക്കലാക്കിയെന്ന് കഴിഞ്ഞ മാസമാണ് സന്തോഷ് പരാതി നൽകിയത്. മോശയുടെ അംശവടിയെന്ന് മോൻസൺ അവകാശപ്പെട്ടിരുന്ന ഊന്നുവടിയടക്കം ഇവയിൽ എഴുപത് ശതമാനവും സന്തോഷ് നൽകിയതാണ്. ഫെമ നിയമക്കുരുക്കിന്റെ കള്ളക്കഥ പറഞ്ഞാണ് സന്തോഷിനെയും മോൻസൺ കബളിപ്പിച്ചത്.
തെളിവ് ലഭിച്ചത് 4 കോടിയുടെ ഇടപാടിന് മാത്രം
മോൻസണിന്റെ സാമ്പത്തിക സ്രോതസുകൾ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കവേ ഇയാളുടെ അടുപ്പക്കാരെയും അന്വേഷണസംഘം ചോദ്യംചെയ്തുതുടങ്ങി. 10 കോടി തട്ടിയെന്ന് ആറുപേർ ചേർന്ന് നൽകിയ പരാതിയിൽ പ്രമുഖരുടേതടക്കം നിരവധിപേരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു. ഇവരിൽ നിന്നാണ് ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നത്. സാമ്പത്തിക ഇടപാടുകൾ, മോൻസണുമായി ഏതുതരത്തിൽ ബന്ധപ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. 10 കോടിരൂപ തട്ടിയെടുത്തെന്ന പരാതിക്കാധാരമായ തെളിവുകളിലേക്ക് ഇനിയും അന്വേഷണ സംഘം എത്തിയിട്ടില്ലെന്നാണ് സൂചന. നാല് കോടിയോളം രൂപ കൈമാറിയതിനാണ് തെളിവുകൾ ലഭിച്ചിരിക്കുന്നത്. തുടർച്ചയായ ബാങ്ക് അവധികളും വിവരശേഖരണത്തിന് തിരിച്ചടിയായി.