ചാലക്കുടി: ചാലക്കുടിപ്പുഴയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന വെള്ളപ്പൊക്കങ്ങളെ നിയന്ത്രിക്കാൻ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച് ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം. 2018 ലെ പ്രളയത്തിൽ പെരിങ്ങൽക്കുത്ത് ഡാമിന് സംഭവിച്ച ബലക്ഷയം മാറ്റുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഫോറം വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടന പ്രവർത്തകരുടേയും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വർഷക്കാലത്തും ന്യൂനമർദ്ദ വേളയിലും പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് പരമാവധി കുറച്ചിടണം. ഷോളയാർ ഡാമിലെ ജലനിരപ്പും ആവശ്യഘട്ടങ്ങളിൽ കുറക്കണം-ഫോറം ഭാരവാഹി കെ.കെ ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളെല്ലാം പ്രമേയം വഴി നിയമസഭയിൽ ഉന്നയിക്കുമെന്ന്് യോഗത്തിലെ മുഖ്യാതിഥി ടി.ജെ സനീഷ്കുമാർ എം.എൽ.എ അറിയിച്ചു. ഫോറം ചെയർമാനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ എസ്.പി രവി വിഷയം അവതരിപ്പിച്ചു. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി, പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഡെസ്റ്റിൻ താക്കോൽക്കാരൻ, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പി.സി അയ്യപ്പൻ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ ഉണ്ണിക്കൃഷ്ണൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ബിജു എസ്.ചിറയത്ത്, കൗൺസിലർ വി.ജെ ജോജി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |