SignIn
Kerala Kaumudi Online
Friday, 03 December 2021 10.10 PM IST

അഞ്ച് വർഷത്തിനിടെ എക്സൈസ് പിടിച്ചത് 1500 കോടിയുടെ ലഹരി !!  സിന്തറ്റിക് ലഹരി നുകർന്ന് തളർന്ന് കൗമാരം

lee

തിരുവനന്തപുരം : ലഹരിക്കെതിരെ എക്സൈസും പൊലീസും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നടപടികൾ കടുപ്പിച്ചിരിക്കെ സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനകം പിടികൂടിയത് 1500 കോടി രൂപയുടെ മാരക ലഹരി വസ്തുക്കൾ. മദ്യവും സ്പിരിറ്റും ഒഴികെ കഞ്ചാവുംഹാഷിഷും എം.ഡി.എം.എ പോലുള്ള മാരക ലഹരി വസ്തുക്കളും മാത്രം പിടിച്ചെടുത്തതിന്റെ വിപണി മൂല്യം സംബന്ധിച്ച കണക്കാണിത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് എന്നിവിടങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കകം പിടികൂടിയ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സൂക്ഷിക്കാനാകാതെ സർക്കാർ ഗോഡൗണുകൾ നിറഞ്ഞുകവിയുമ്പോൾ കേസിൽപ്പെട്ട തൊണ്ടി മുതലുകളായ ഇവ സംസ്കരിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കാനാകാതെ വലയുകയാണ് എക്സൈസ് ,​ പൊലീസ് ഉദ്യോഗസ്ഥർ.

ഒരുനുള്ള് മതി രണ്ട് ദിവസം

കിളിപോകാൻ !!

എം.ഡി.എം.എയിൽ കിറുങ്ങി കേരളം. കഴിഞ്ഞ ഒരു വർഷത്തിനിടെ 2385.1 ഗ്രാം എം.ഡി.എം.എയാണ് എക്സൈസ് മാത്രം പിടിച്ചെടുത്തത്.പൊലീസ് പിടിച്ചെടുത്തതിന് പുറമെയാണിത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്. 1423.6 ഗ്രാമാണ് എറണാകുളത്ത് നിന്ന് ഒരു വർഷത്തിനിടെ പിടിച്ചത്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 437.66 ഗ്രാം. മലപ്പുറം മൂന്നാം സ്ഥാനത്താണ് 229.29 ഗ്രാം. ഒരു മൈക്രോം ഗ്രാം ഉപയോഗിച്ചാൽ പോലും രണ്ട് ദിവസത്തോളം ലഹരി നീണ്ടു നിൽക്കുന്ന മാരക മയക്കുമരുന്നാണിത്. ഹൈറോയിനിന്റെ കണക്കും ഞെട്ടിക്കുന്നതാണ്. ഒരു വർഷത്തിനിടെ മാത്രം 12,492 ഗ്രാം ഹെറോയിനാണ് എക്സൈസ് പിടിച്ചത്. ഇവിടേയും എറണാകുളം ജില്ല തന്നെയാണ് മുന്നിലുള്ളത്. 5,740 ഗ്രാം ഹെറോയിനാണ് എറണാകുളത്ത് നിന്ന് ഒരു വർഷത്തിനിടെ പിടിച്ചെടുത്തത്. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്. 3,094 ഗ്രാം ഹെറോയിനാണ് കോഴിക്കോട് പിടിച്ചെടുത്തത്. തൃശ്ശൂരിൽ നിന്ന് 1610.4 ഗ്രാമും, പാലക്കാട് നിന്ന് 1027 ഗ്രാമും പിടിച്ചെടുത്തു.

കഞ്ചാവും പല തരം ഗുളികകളും ഇഞ്ചക്ഷനുകളുമാണ് മുമ്പ് ലഹരിക്കായി ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ എം.ഡി.എം.എയിലേക്കും ഹെറോയിനിലേക്കുമാണ് കൂടുതൽ ആളുകൾ ലഹരിതേടി പോകുന്നത്. സ്ത്രീകളടക്കമുള്ളവർ മയക്ക് മരുന്നു കടത്ത് സംഘങ്ങളുടെ പ്രധാന കണ്ണികളാവുന്നു. ലഹരി നുകർന്ന് തളരുകയാണ് യുവജനങ്ങൾ. ഇക്കഴിഞ്ഞ ഏപ്രിലിൽ മുന്നൂറ് കോടിയുടെ നിരോധിത മയക്ക് മരുന്നുകളുമായി അറബിക്കടലിൽ നിന്ന് നാവിക സേന പിടികൂടിയ മത്സ്യബന്ധന ബോട്ട് കേരളത്തിലെ യുവജനങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാനിലെ മക്രാനിൽ നിന്നെത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പിടിച്ചെടുത്തവയെല്ലാം അതിമാരകമായ ലഹരി വസ്തുക്കൾ. മുപ്പത് കോടിയുടെ ഹെറോയിനുമായി സാംബിയൻ യുവതി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായതും അടുത്തിടെയാണ്. വെറും ഒരു മൈക്രോഗ്രാം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉന്മാദാവസ്ഥ സമ്മാനിക്കുന്ന എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നുകളുമായി വിദ്യാസമ്പന്നരെന്ന് പറയുന്ന കൊച്ചു കേരളത്തിലെ യുവജനങ്ങൾ ഇഷ്ടത്തിലായതിന്റെ കണക്ക് പുറത്തുവിടുമ്പോഴുംഇതിനുളള പണത്തിന്റെ വഴിയെന്തെന്ന കാര്യത്തിൽ എക്സൈസിനോ പൊലീസിനോ ഇനിയും വ്യക്തതയില്ല.

മാരകം

എം.ഡി.എം.എ

അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള വീര്യമേറിയ മയക്കുമരുന്നാണ് 'മാക്സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന എം.ഡി.എം.എ. ഈ ഇനത്തിൽപ്പെട്ട വെറും 10 ഗ്രാം മയക്കുമരുന്ന് പോലും കൈവശം വെയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്. ഏറ്റവും വിഷമുള്ള മാക്സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് 'മാക്സ് ജെല്ലി എക്സ്റ്റസി' എന്നറിയപ്പെടുന്നത്. വെറും ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലെത്തും. അളവും ഉപയോഗക്രമവും പാളിയാൽ 48 മണിക്കൂറിനുള്ളിൽ മരണവും സംഭവിക്കാം.സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന എം.ഡി.എം.എ. ചികിത്സാരംഗത്ത് ഉപയോഗിക്കുന്നതിന് നാളിതുവരെ സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കുറഞ്ഞ അളവിലുള്ള ഉപയോഗത്താൽ നാല് മുതൽ ആറ് മണിക്കൂർ വരെ ലഹരി നിൽക്കുന്നതിനാൽ സംഗീതമേളകളിലും നൃത്തപരിപാടികളിലും ഉന്മാദത്തിനായി ഈ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഗോവ, ബംഗളൂരു, ചെന്നൈ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ലഹരിമരുന്നുകളെല്ലാം കേരളത്തിലെത്തുന്നത്. ഇവിടങ്ങളിൽ നിന്ന് ചെറിയ തുകക്ക് വലിയ അളവിൽ ലഹരിമരുന്ന് വാങ്ങി കേരളത്തിലെത്തിച്ച് വൻവിലയ്ക്ക് വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. പെൺകുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കാരിയർമാരായി പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ ചെറിയ അളവിലുള്ള ഉപയോഗം ഹൃദ്രോഗം, ഓർമ്മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും.

കടൽകടത്താനെളുപ്പം

ആകാശ,​ കരമാർഗമുള്ള ആയുധ,​ മയക്കുമരുന്നു കടത്ത് ദുഷ്‌കരമായതിനാൽ കടൽമാർഗമാണ് കടത്ത്. ലക്ഷദ്വീപ്, മാലദ്വീപ് എന്നിവയിലൂടെ പോകുന്ന കപ്പലുകളിലാണ് ആദ്യം മയക്കുമരുന്ന് കടത്തുക. പിന്നീട് മത്സ്യബന്ധനബോട്ടുകളിലേക്ക് കൈമാറും. മത്സ്യത്തിന്റെ മറവിൽ വിവിധ തുറമുഖങ്ങളിൽ ഇറക്കുന്ന ഇവ കാരിയർമാർ ഏറ്റുവാങ്ങും. ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണത്തിനായാണ് മയക്കുമരുന്ന് കച്ചവടമെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ മൂന്നാംതവണയാണ് അറബിക്കടലിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും നിരോധിത വസ്തുക്കളുമായി ബോട്ടുകൾ പിടികൂടുന്നത്. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിനടുത്ത് സംശയകരമായി കണ്ട മൂന്നു ബോട്ടുകളിൽനിന്ന് അഞ്ച് എ.കെ. 47 തോക്കുകളും 300 കിലോ ഹെറോയിനും ഇക്കഴിഞ്ഞ മാർച്ചിൽ പിടികൂടിയിരുന്നു. ഇതേ മാസം തന്നെ കോസ്റ്റ്ഗാർഡ് മിനിക്കോയിയിൽനിന്ന് നിരോധിത വസ്തുക്കളുമായി മൂന്നു ശ്രീലങ്കൻബോട്ടുകളും പിടികൂടി. ഇവയുടെയെല്ലാം ലക്ഷ്യസ്ഥാനം കേരളതീരമാകാമെന്നാണ് സംശയിക്കുന്നത്.

കാരിയറായി സ്ത്രീകളും

കൊവിഡിന് ശേഷമാണ് സത്രീകളെ മയക്ക് മരുന്ന് കടത്തിനായി കൂടുതൽ ഉപയോഗപ്പെടുത്തി തുടങ്ങിയതെന്ന് അധികൃതര്‍ പറയുന്നു. ഭാര്യാ ഭർത്താക്കൻമാരെന്ന വ്യാജേന മുറിയെടുക്കുകയും അത് വഴി മയക്കുമരുന്ന് വിൽപ്പനയും കടത്തും സജീവമാക്കുകയുമാണ്. ഒപ്പം അനാശാസ്യ പ്രവർത്തനവും നടക്കും. പതിനെട്ട് വയസ്സ് കഴിഞ്ഞാൽ പിന്നെ ഹോട്ടലുകളിൽ പരിശോധനയും മറ്റും പൊലീസ് എത്തില്ലെന്നതാണ് സ്ത്രീകളെ കൂടുതൽ ഇറക്കാൻ കാരണം. കഴിഞ്ഞ ഒരു വർഷത്തിനിടെ 3484 കിലോഗ്രാം കഞ്ചാവാണ് കേരളത്തിൽ എക്സൈസ് പിടികൂടിയത്. ഇതിൽ ഭൂരിഭാഗം കേസുകളിലും സ്ത്രീകളുണ്ട്.

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലാക്കിയാണ് പലരേയും കടത്തിനിറങ്ങാൻ നിർബന്ധിതരാക്കുന്നത്. അടുത്തിടെ കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന ബ്യൂട്ടീഷനായ യുവതിയും യുവാവും കോഴിക്കോട് പിടിയിലായിരുന്നു. കാക്കനാട്ടെ വിവാദമായ ലഹരിമരുന്ന് കേസിലും പ്രതികളായി സ്ത്രീകളുണ്ട് . വയനാട്ടിൽ ടെക്കി യുവതി ഉൾപ്പെടെയുള്ളവരാണ് എം.ഡി.എം.എ. കടത്തുന്നതിനിടെ പിടിയിലായത്.

പിടിച്ചെടുത്ത

ലഹരിയുടെ കണക്ക്

കഞ്ചാവ്: 5870 കിലോ

ഹാഷിഷ്: 166 കിലോ

ബ്രൗൺഷുഗർ: 750 ഗ്രാം

ഹെറോയിൻ: 601 ഗ്രാം

എം.ഡി.എം.എ: 31 കിലോ

എൽ.എസ്.ഡി: 26.87 ഗ്രാം

മാജിക് മഷ്‌റൂം: 164 ഗ്രാം

കൊഡീൻ: 21 ലിറ്റർ

ട്രമഡോൾ അടങ്ങിയ സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് : 47,486 ഗുളിക

നൈട്രോസെപ്പാം ഗുളിക: 25,112 അൽഡപ്രസോളം: 103.21 ഗ്രാം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, EXCISE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.