കൂട്ടിക്കൽ: കൊക്കയാർ മാക്കൊച്ചി പീടികക്കുന്നേൽ പി.എൻ. ശശിധരന് പത്തു വയസുള്ളപ്പോഴാണ് ഇതിന് മുൻപ് പുല്ലകയാർ ഇതുപോലെ സംഹാരതാണ്ഡവമാടിയത്. 1958ൽ. അന്നുമൊരു ശനിയാഴ്ചയായിരുന്നു. കുട്ടിനിക്കറുമിട്ട് കാട്ടുവഴിയേ വീട്ടിലേയ്ക്ക് വരുന്നതിനിടെ മലവെള്ളം പാഞ്ഞെത്തുകയായിരുന്നു. ഇതിനിടെ നിരവധി ഉരുൾപൊട്ടലുണ്ടായെങ്കിലും എഴുപത്തിമൂന്നു വയസിനിടെ സ്വന്തംവീടുവരെ നഷ്ടപ്പെടുന്നൊരു വേദനയുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
ഞൊടിയിടയിൽ പുല്ലകയാറ്റിൽ വെള്ളം ഉയരുന്നതും ഇത്രയും ജീവനെടുക്കുന്നതും ഇതാദ്യമായാണെന്ന് ശശിധരൻ പറഞ്ഞു. '' അന്ന് ചേരിക്കൽ ഭാഗത്താണ് ഉരുൾ പൊട്ടിയിറങ്ങിയത്. പുല്ലകയാറിന് അന്ന് ഇത്രയും വീതിയില്ലായിരുന്നു. ഇത്രയും വീട്ടുകാരും ഇവിടെ ഇല്ലായിരുന്നു. ''- ശശിധരൻ പറഞ്ഞു. ഇക്കുറി ശശിധരന്റെ വീടിന്റെ ഒരുഭാഗം പൂർണമായും ഒലിച്ചുപോയി. ആ സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നത് തുണയായി.