റോസ് ഒരു ഉദ്യാനസസ്യം മാത്രമല്ല വ്യാവസായിക പ്രാധാന്യമുള്ള കാർഷികവിളകൂടിയാണ്. മാല കോർക്കാനും ബൊക്കെ കെട്ടാനും മുറി അലങ്കരിക്കുന്നതിനും റോസ് കൂടിയേതീരൂ. അത്തറിന്റെയും പനിനീരിന്റെയും മണം നമുക്ക് സുപരിചിതമാണല്ലോ? റോസിൽ നിന്നുണ്ടാക്കുന്ന ലേഹ്യവും ഇന്ന് പ്രസിദ്ധമാണ്. നെഹ്റുവിന് ഇഷ്ടപ്പെട്ട പുഷ്പവും റോസ് ആയിരുന്നു. ഇംഗ്ളണ്ടിന്റെ ദേശീയ പുഷ്പമാണ് റോസ്. ഉദ്യാനറാണിയാണ് റോസ്. റോസാപ്പൂക്കളിൽ നിന്നുണ്ടാക്കുന്ന വൈൻ, വിനാഗിരി, ജാം, ജെല്ലി, സിറപ്പ് എന്നിവ പാശ്ചാത്യരാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നു. മധുരപലഹാരങ്ങൾ, ഔഷധങ്ങൾക്കുള്ള സുഗന്ധം, ആയുർവേദമരുന്നുകൾ, ലഘുപാനീയങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ തയ്യാറാക്കാൻ റോസാപ്പൂക്കൾ പലതരത്തിൽ ഉപയോഗിച്ചുവരുന്നു. റോസയുടെ ഇലയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ഗുൽക്കണ്ട് നല്ലൊരു ടോണിക്കാണ്. പങ്കുരി എന്നറിയപ്പെടുന്ന ഉണക്കിയ റോസ് ഇതളുകൾ ശീതളപാനീയങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
നമ്മുടെ മണ്ണും കാലാവസ്ഥയും വാണിജ്യാടിസ്ഥാനത്തിലുള്ള റോസാകൃഷിക്ക് അത്ര അനുയോജ്യമല്ല. റോസേസിയ സസ്യകുടുംബത്തിൽപ്പെട്ട റോസയിൽ ആയിരക്കണക്കിന് ഇനങ്ങളുണ്ട്. ഹൈബ്രിഡ് ടീ, പോളിയാന്ത, ഫ്ലോറിബൺഡ, മിനിയേച്ചർ, ക്ലൈബറുകൾ എന്നിവയാണ് മുഖ്യയിനങ്ങൾ. റോസകൾക്കിടയിലെ രാജകുമാരിയാണ് ഹൈബ്രിഡ് ടീ. നീളം കൂടിയ തണ്ടും ആകർഷകമായ വലിയ പൂക്കളുമാണ് ഇതിന്റെ പ്രത്യേകത. ഇവയിൽ ചുമപ്പ്, പിങ്ക്, മഞ്ഞ, ഇളംനീല, ഓറഞ്ച്, വെളുപ്പ് നിറങ്ങളിലുള്ള പൂക്കളുണ്ടാകുന്നു. നാലഞ്ച് പൂക്കൾ കുലകളായി കാണപ്പെടുന്ന ഫ്ലോറിബൺഡ ഇനത്തിൽ ചുമപ്പ്, പിങ്ക്, ഓറഞ്ച്, മഞ്ഞ, ഇളംനീല, വെളുപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള പൂക്കൾ കണ്ടുവരുന്നു. ചെറിയ പൂക്കളുണ്ടാകുന്ന പോളിയാന്ത ഇനത്തിൽ നിന്നും വർഷം മുഴുവനും പൂക്കൾ ലഭിക്കും. ബേബി റോസുകൾ എന്നറിയപ്പെടുന്ന മിനിയേച്ചർ റോസച്ചെടിയുടെ തണ്ടുകളും പൂക്കളും താരതമ്യേന ചെറുതാണ്. പൂന്തോട്ടങ്ങളിൽ പടർത്തി വളർത്താൻ യോജിച്ച ഇനങ്ങളാണ് ക്ലൈബറുകൾ.
കമ്പ് മുറിച്ചും നട്ടും ബഡ്ഡിംഗ് മുഖേനയും അഗ്രമുകുളനം വഴിയും പുതിയ തൈകൾ ഉല്പാദിപ്പിക്കാം. സെപ്തംബർ - ഒക്ടോബർ മാസങ്ങളാണ് റോസ നടാൻ പറ്റിയസമയം. വളപ്രയോഗം, നന, പ്രൂണിംഗ്, സസ്യസംരക്ഷണം എന്നീ കൃഷി മുറകൾ വളരെ ശ്രദ്ധയോടെ വേണം റോസാകൃഷിയിൽ നാം അനുവർത്തിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |