SignIn
Kerala Kaumudi Online
Friday, 27 May 2022 6.27 PM IST

ഭഗവദ്‌ഗീതയും ഇസഹാഖ് സാഹിബും

ishaq-sahib

''പരിത്രാണായ സാധൂനാം

വിനാശായ ച ദുഷ്‌കൃതാം

ധർമ സംസ്ഥാപനാർഥായ

സംഭവാമി യുഗേ യുഗേ"

ഭഗവദ്‌ഗീതയിലെ ജ്ഞാന കർമ്മ സംന്യാസ യോഗം എന്ന നാലാം അദ്ധ്യായത്തിലെ ഏറെ പ്രസിദ്ധമായ ശ്ളോകമാണിത്. വിദ്വാൻ ഇസഹാഖ് സാഹിബ് ശ്ളോകത്തിന് നൽകിയിരിക്കുന്ന ലളിതസുന്ദരമായ മലയാള പരിഭാഷയാണ് താഴെ കൊടുത്തിരിക്കുന്നത്.

''സജ്ജനങ്ങളെ രക്ഷിക്കാൻ

ദുഷ്ടരേ നിഹനിക്കുവാൻ

ധർമ്മമൊക്കെയുറപ്പിക്കാൻ

ഞാൻ ജനിപ്പൂ യുഗം പ്രതി"

ഭഗവദ്‌ഗീതയ്ക്കു മലയാളത്തിൽ നിരവധി വിവർത്തനങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ വൃത്താനുവൃത്തവും പദാനുപദവുമായി വിദ്വാൻ ഇസഹാഖ് സാഹിബ് നടത്തിയ പരിഭാഷ മൂലകൃതിയുടെ അർത്ഥവും ഭംഗിയും നഷ്ടമാകാതെ ലളിതമായ മലയാള ഭാഷയിലാണ് നിർവഹിച്ചിരിക്കുന്നത്.

കൊല്ലം കരുനാഗപ്പള്ളി വാഴയത്ത് വീട്ടിൽ വിദ്വാൻ എ. ഇസഹാഖ് സാഹിബ് 1977-ലാണ് 'കൈരളീ ഭഗവദ്‌ഗീത" എന്ന പേരിൽ ഭഗവദ്‌ഗീതാപരിഭാഷ ആദ്യമായി പ്രസിദ്ധീകരിച്ചത്. 1980ലും 2011ലും സാഹിത്യ പ്രവർത്തക സഹകരണ സംഘം 'കൈരളീ ഭഗവദ്‌ഗീത"യുടെ രണ്ടും മൂന്നും പതിപ്പുകൾ പുറത്തിറക്കി. മലയാളം വിദ്വാൻ പരീക്ഷ പാസായതിനുശേഷം വിവിധ സ്കൂളുകളിൽ ഭാഷാദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ഇസ്‌ഹാഖ് സാഹിബ്, തുടർന്ന് മദ്രാസ് സർവകലാശാലയിൽ നിന്നും മലയാള ബിരുദം നേടി. തുടർന്ന് മലയാളം പണ്ഡിറ്റായി സ്ഥാനക്കയറ്റത്തോടെ പാലക്കാട് ജില്ലയിലേക്ക് മാറി. അറബി, മലയാളം, തമിഴ്, സംസ്‌കൃതം, ഇംഗ്ളീഷ് ഭാഷകളിൽ പ്രാവീണ്യം നേടിയ അദ്ദേഹത്തിന് രമണാശ്രമത്തിൽ നടന്നിരുന്ന ഭഗവദ്‌ഗീതാ ക്ളാസിൽ പങ്കുകൊള്ളാൻ അവസരം ലഭിച്ചു. പണ്ഡിറ്റ് കെ.കെ. പണിക്കരുടെ ഭഗവദ്‌ഗീതാ വ്യാഖ്യാനം കൂടി വായിച്ചപ്പോൾ ഭഗവദ്‌ഗീത പരിഭാഷപ്പെടുത്തണമെന്ന മോഹം ജനിച്ചു.

പ്രശസ്ത സാഹിത്യകാരനായ ശൂരനാട് കുഞ്ഞൻപിള്ളയാണ് 'കൈരളീ ഭഗവദ്ഗീത"യ്ക്ക് അവതാരിക എഴുതിയിരിക്കുന്നത്. ഭഗദ്‌ഗീത വൃത്താനുവൃത്തമായി പരിഭാഷപ്പെടുത്തിയ ഇസ്‌ഹാഖ് സാഹിബ് തന്നെ അതിന് വ്യാഖ്യാനവും നടത്തണമെന്ന് എൻ.വി. കൃഷ്‌ണവാരിയർ അഭിപ്രായപ്പെട്ടിരുന്നു.

ശ്രീനാരായണ ഗുരുദേവൻ സി.വി. കുഞ്ഞുരാമനുമായി നടത്തിയ സംഭാഷണത്തിൽ ഏകമത ദർശനത്തെപ്പറ്റി ഗുരു ഇങ്ങനെ പറയുന്നു. ''മതങ്ങൾ തമ്മിൽ പൊരുതിയാൽ ഒടുങ്ങാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോല്പിക്കാൻ കഴിയുകയില്ല. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോൾ പ്രധാന തത്വങ്ങളിൽ അവയ്ക്കു തമ്മിൽ സാരമായ വ്യത്യാസങ്ങളില്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടു കിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം." ശ്രീനാരായണ ഗുരുദേവന്റെ ഏകമത സിദ്ധാന്തത്തിന്റെ ഉത്തമ മാതൃകയാണ് വിദ്വാൻ ഇസ്‌ഹാഖ് സാഹിബിന്റെ ഭഗവദ്‌ഗീതാ പരിഭാഷ.

ഭഗവദ്‌ഗീതാ പരിഭാഷയെപ്പറ്റി ഇസ്‌ഹാഖ് സാഹിബ് പറയുന്നു. ''ഇന്നത്തെ കമ്മ്യൂണിസം, സോഷ്യലിസം തുടങ്ങിയ വർഗവിഭാഗങ്ങളുടെ ആദർശങ്ങളും ദ്വാപരയുഗത്തിലെ ഈ ശ്രീകൃഷ്ണോപദേശത്തിൽ നമുക്ക് കാണാം. മറ്റുള്ളവർക്കു ചെല്ലേണ്ട ന്യായമായ ഭാഗം കൊടുക്കാതെ തന്നെത്താനെ ഭോഗങ്ങളെല്ലാം കുന്നുകൂട്ടി അനുഭവിക്കുന്നവൻ യഥാർത്ഥ കള്ളനാണെന്നും അന്യോന്യം വിശാല മനസോടെ സഹായിച്ചാൽ ശ്രേയസു പ്രാപിക്കാം എന്നാണ് ഗീതാപ്രഖ്യാപനം. ഏകയോഗ ക്ഷമമായ സാമൂഹ്യജീവിതത്തിലേക്കാണ് അത് വിരൽചൂണ്ടുന്നത്. ഭാരത ജനജീവിതത്തിൽ മതേതരത്വത്തിന് സ്ഥിരപ്രതിഷ്ഠ കൈവന്നിരിക്കുന്നു. അത് ഒരുദിവസം കൊണ്ട് കൈവന്നതല്ല. അനേക കാലമായി അനേകം പേർ ആത്മാർത്ഥമായും ആധികാരികമായും പരിശ്രമിച്ചതിന്റെ ഫലമാണ്. ഇത്തരുണത്തിൽ മുസ്ളിമായ ഞാൻ ഗീത പരിഭാഷപ്പെടുത്താൻ തുനിഞ്ഞത് മത മൈത്രിയുടെ സിദ്ധാന്ത പ്രചരണത്തിന് സഹായകമാകുമെന്നാണ് എന്റെ വിനീതമായ വിശ്വാസം."

'കൈരളീ ഭഗവദ്‌ഗീത"യ്ക്കു കിട്ടിയ സർഗപിന്തുണയെ തുടർന്ന് 'മനുസ്‌മൃതി"യുടെ മലയാള പരിഭാഷയും അദ്ദേഹം നിർവഹിച്ചു. 2011ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് 'കൈരളീ മനുസ്‌മൃതി" പ്രസിദ്ധീകരിച്ചത്. വിവിധ സംസ്കാരങ്ങളെ സാർത്ഥകമായി സമന്വയിപ്പിച്ച വിദ്വാൻ ഇസ്‌ഹാഖ് 1998 ഒക്ടോബർ 19നു വിടവാങ്ങി.

(വിദ്വാൻ ഇസഹാഖ് ഫൗണ്ടേഷൻ പ്രസിഡന്റാണ് ലേഖകൻ

ഫോൺ: 9526830194 )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ISAHAQ
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.