തൃശൂർ: മഴയ്ക്ക് നേരിയ ശമനമെങ്കിലും മഴക്കെടുതി ഒഴിയാതെ ജില്ല. ഒഴുക്കിൽപ്പെട്ട് റിട്ട. അദ്ധ്യാപകൻ മരിച്ചതും നിരവധി വീടുകൾ തകർന്നതും കെടുതി രൂക്ഷമാക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ ആദ്യ മരണമാണ് കുണ്ടുകാട് സ്വദേശി ജോസഫിന്റെത്. പനമ്പിള്ളി തോട്ടിലാണ് ഇയാൾ ഒഴുക്കിൽപ്പെട്ടത്. കോടികളുടെ കൃഷിനാശവും സംഭവിച്ചു. ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തുകയും പുഴകളിലെ ജലനിരപ്പ് ഉയരുകയും ചെയ്തു.
വെള്ളക്കെട്ടിനെ തുടർന്ന് നൂറുക്കണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഒല്ലൂക്കര ബ്ലോക്കിൽ നാലു ക്യാമ്പുകളിലായി 105 പേരെ മാറ്റി താമസിപ്പിച്ചു. മണലിപ്പുഴ, പുത്തൂർ പുഴ, ചാലക്കുടി പുഴ എന്നിവ കരകവിഞ്ഞു. കല്ലൂർ, പുത്തൻചിറ ഭാഗങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. വല്ലച്ചിറ പഞ്ചായത്തിലെ 5,8 വാർഡുകളെ മഴക്കെടുതി സാരമായി ബാധിച്ചു. 10-ാം വാർഡിലെ മൂന്ന് വീട്ടുകാർ ക്യാമ്പുകളിലേക്ക് മാറി. അളഗപ്പനഗർ പൂക്കോട് കരിപ്പേരി രുഗ്മണി, പാലക്കൽ പാലിശേരി ചെറുവത്തേരി സരസ്വതി, ചൂണ്ടൽ മണ്ഡകത്തിങ്കൽ വീനിഷ് എന്നിവരുടെ വീടുകൾ തകർന്നു. ഇവരെ ബന്ധു വീട്ടിലേക്ക് മാറ്റി. കാറളം എട്ടാം വാർഡിലെ മൂന്ന് കുടുംബങ്ങൾ മാറി. രണ്ടാം വാർഡിലെ ചിലർ ബന്ധുവീടുകളിലേക്ക് മാറി. പുത്തൂർ പഞ്ചായത്തിൽ മൂന്ന് ക്യാമ്പുകൾ തുറന്നു. നിരവധി പേർ ബന്ധുവീടുകളിലേക്ക് മാറി.
ജില്ലയിലെ ക്യാമ്പുകളുടെ പൊതു ചുമതല ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾക്കാണ്. റവന്യൂ ഉദ്യോഗസ്ഥൻ, പഞ്ചായത്ത് പ്രതിനിധി, ഒരു പൊലീസ് നോഡൽ ഓഫീസർ എന്നിവരെ ഓരോ ക്യാമ്പിലും ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
മൂന്നു ഡാമുകൾക്ക് റെഡ് അലർട്ട്
ജലനിരപ്പ് വർദ്ധിക്കുന്നതിനാൽ പീച്ചി, ചിമ്മിനി, പെരിങ്ങൽക്കുത്ത് ഡാമുകൾക്ക് റെഡ് അലർട്ട് നൽകി. പീച്ചി ഡാമിന്റെ ഷട്ടർ 16 ഇഞ്ചായാണ് ഉയർത്തിയിരിക്കുന്നത്. ചിമ്മിനി ഡാം ഞായറാഴ്ച്ച പത്ത് സെന്റി മീറ്ററാണ് ഉയർത്തിയിരുന്നത്. അത് ഇന്നലെ 13 സെന്റി മീറ്ററാക്കി. കേരള ഷോളയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി 100 ക്യു മെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നു. വാൽപ്പാറ, പെരിങ്ങൽകുത്ത്, ഷോളയാർ മേഖലകളിൽ രണ്ട് ദിവസമായി ശക്തമായി മഴ പെയ്യുന്നുണ്ട്.
ഇരട്ടിയോളം മഴ കൂടുതൽ
ജില്ലയിൽ ഒക്ടോബർ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട മഴയിൽ 96 ശതമാനം കൂടുതലാണ് ലഭിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ 18 വരെയുള്ള ദിവസത്തിനുള്ളിൽ 212.3 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടതെങ്കിൽ ഇത്രയും ദിവസത്തിനുള്ളിൽ 417 മില്ലി മീറ്റർ മഴ ലഭിച്ചു. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച രാവിലെവരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പെരിങ്ങൽകുത്തിലാണ്. 129.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ചാലക്കുടിയിൽ 112.5, ഇരിങ്ങാലക്കുടയിൽ 105 .7, കൊടുങ്ങല്ലൂരിൽ 98 മില്ലി മീറ്റർ മഴയും ലഭിച്ചു.
കൂടുതൽ ക്യാമ്പുകൾ തുറക്കാൻ നിർദേശം ലഭിച്ചിട്ടുള്ള പഞ്ചായത്തുകൾ സജ്ജമായിരിക്കണം. ക്യാമ്പുകളിൽ വസ്ത്രം, കുടിവെള്ളം എന്നിവ ഉറപ്പാക്കണം. കൊവിഡ് രോഗികൾക്ക് ഡി.സി.സികളിൽ സൗകര്യമൊരുക്കണം. എല്ലാ ക്യാമ്പുകളിലും ക്വാറന്റൈനിലുള്ളവർക്ക് പ്രത്യേക മുറികൾ തയ്യാറാക്കണം.
- മന്ത്രി കെ. രാജൻ