SignIn
Kerala Kaumudi Online
Saturday, 20 April 2024 1.52 AM IST

വിയ്യൂർ സെൻട്രൽ ജയിൽ ലഹരികടത്തിന്റെ കേന്ദ്രം മൊബൈൽ ഫോൺ കടത്തും തകൃതി

viyyur

തൃശൂർ: പണ്ടൊക്കെ ലഹരി കടത്ത് ജയിലിന് പുറത്തായിരുന്നെങ്കിൽ ഇപ്പോൾ അത് അകത്താണ്. ഇത്തരത്തിൽ ലഹരി കടത്തിന് കുപ്രസിദ്ധി ആർജ്ജിച്ചിരിക്കുന്നത് സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിലൊന്നായ വിയ്യൂരാണ്. ലഹരിക്കൊപ്പം കടത്തുന്നത് മൊബൈൽ ഫോൺ കൂടിയാണെന്ന് അറിയുമ്പോൾ ആരും മൂക്കത്ത് വിരൽ വച്ചുപോകും. ഇനി ഈ ഫോൺ ഉപയോഗിച്ച് രഹസ്യമായി വിളിക്കുക കൂടിയാണെന്ന് അറിഞ്ഞാൽ വീണ്ടും ഞെട്ടും. ഇങ്ങനെ വിയ്യൂർ ജയിലിലേക്ക് കഞ്ചാവും മൊബൈൽ ഫോണുകളും കടത്തുന്നതും ഉപയോഗിക്കാനും തടയാനാകാതെ അധികൃതർ വട്ടം കറങ്ങുകയാണ്. മുൻ സൂപ്രണ്ടിന്റെ കെടുകാര്യസ്ഥതയെന്ന് ആരോപിച്ച് സൂപ്രണ്ട് അടക്കമുള്ളവരെ സസ്‌പെൻഡ് ചെയ്തിട്ടും വിയ്യൂർ സെൻട്രൽ ജയിലിൽ ഫോൺ വിളിയും ലഹരി ഉപയോഗവും നിർബാധം തുടരുകയാണ്.

മൊബൈലുകൾ മുന്തിയത്

ഏതാനും ദിവസങ്ങൾക്ക് മുമ്പ്,​ കോട്ടയത്തെ കെവിൻ കൊലക്കേസ് പ്രതി ടിറ്റോ ജെറോമിൽ നിന്ന് കഞ്ചാവും മൊബൈൽ ഫോണും പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 20,​000 രൂപയുടെ ഫോണായിരുന്നു ഇത്. ടിറ്റോയിൽ നിന്ന് തുടർച്ചയായി ഫോണും ലഹരി വസ്തുക്കളും പിടികൂടിയിട്ടും ഇയാളെ അതിസുരക്ഷ സെല്ലിലേക്ക് മാറ്റാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ടിറ്റോയുടെ സെല്ലിലെ ടോയ്‌ലറ്റിൽ നിന്നാണ് സിം കാർഡില്ലാത്ത മൊബൈൽ പിടിച്ചത്. നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ തന്നെ ജയിൽ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് ടിറ്റോ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടന്നുവരികയാണ്. മർദ്ദനമേറ്റെന്ന് പരാതിപ്പെട്ടതിന് ശേഷമാണ് ഇയാളെ വിയ്യൂരിലേക്ക് മാറ്റിയത്. എന്നാൽ, ടിറ്റോ നിരന്തരം ജയിൽ ജീവനക്കാരെ ഭീഷണപ്പെടുത്തുന്നതായാണ് പുതിയ പരാതി.

ജോലിക്കായി പുറത്തിറങ്ങിയ തടവുപുള്ളിയെ അകത്തേക്ക് കടത്തുമ്പോൾ നടത്തിയ ദേഹപരിശോധനയിൽ കഞ്ചാവ് പിടികൂടിയ സംഭവവും ഉണ്ടായി. ഫൈസൽ എന്ന തടവുകാരനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ജയിലിന്റെ പമ്പിൽ വച്ച് സംശയാസ്‌പദമായി കണ്ട രണ്ട് പേരെ ചോദ്യം ചെയ്ത് പരിശോധിക്കുന്നതിനിടെ മാടക്കത്തറ സ്വദേശി ദേവനാഥ്, വട്ടായി സ്വദേശി വിഷ്ണു എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ടോയ്‌ലറ്രിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. പമ്പിലെ ജീവനക്കാരായ തടവുപുള്ളികൾ വഴി ജയിലിനകത്തേക്ക് കടത്താനുള്ള കഞ്ചാവായിരുന്നു ഇത്.

പരിശോധന തഥൈവ

നേരത്തെ ജയിലിൽ ഫോൺവിളിയും ലഹരി വസ്തുക്കളുടെ ഉപയോഗവും കൂടുന്നതായും ഇത് തടയാൻ സൂപ്രണ്ട് അടക്കമുള്ളവർ ശക്തമായ നടപടി എടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി സൂപ്രണ്ടായിരുന്ന എ.ജി. സുരേഷിനെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, ജയിലിലേക്ക് ഇപ്പോഴും യഥേഷ്ടം കഞ്ചാവും മൊബൈൽ ഫോണുകളും കടത്തുന്നുണ്ടെന്ന തെളിവുകളാണ് കൂടുതൽ പേരിൽ നിന്ന് ഇവ കണ്ടെടുത്തതിലൂടെ വ്യക്തമാകുന്നത്. നേരത്തെ ജയിൽ ജീവനക്കാരെ പോലും പരിശോധന നടത്തിയാണ് അകത്തേക്ക് കടത്തി വിട്ടിരുന്നത്. എന്നാൽ അതിൽ ഇളവുകൾ വന്നുതുടങ്ങിയെന്നും പറയുന്നു. ഇതിനിടെ,​ ജയിലിലെ ഫോൺ വിളിയും ടി.പി വധക്കേസിലെ കൊടി സുനിയെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്നുമുള്ള ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ കൈമാറിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലുള്ളത്.

കേസെടുക്കലും റിപ്പോർട്ട് നൽകലുമെല്ലാം ചടങ്ങ്

ജയിലിൽ നിന്ന് കഞ്ചാവ് പിടികൂടിയാൽ കേസെടുക്കുമെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടാവാറില്ല. വിയ്യൂർ സ്‌റ്റേഷനിൽ സെൻട്രൽ ജയിലിലേയും ജില്ലാ ജയിലിലേയും ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ഉള്ളത്. കൊടി സുനി ഉൾപ്പടെയുള്ളവരിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചിട്ടും വിശദമായ അന്വേഷണം വേണമെന്ന റിപ്പോർട്ട് കൈമാറൽ മാത്രമാണ് നടന്നത്. 10 ഗ്രാമിൽ താഴെ കഞ്ചാവ് കൈവശം വച്ചാൽ കേസെടുക്കാൻ സാധിക്കില്ലെന്നും പറയുന്നു.

വിയ്യൂർ ജയിൽ അൽപ്പം ചരിത്രം

1914 ൽ കൊച്ചി രാജ്യത്തിന്റെ ഭാഗമായി ആരംഭിച്ച ജയിൽ സ്വാതന്ത്ര്യാനന്തരം സെൻട്രൽ ജയിലാക്കുകയായിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിനോട് ചേർന്ന് സ്‌പെഷൽ സബ് ജയിൽ, പുതിയ സബ് ജയിൽ, മദ്ധ്യമേഖലാ ഡി.ഐ.ജി ഓഫീസ്, ജീവനക്കാരുടെ താമസസ്ഥലം എന്നിവയുണ്ട്. ജയിലിലെ ബാക്കി സ്ഥലത്ത് കൃഷിയാണ്. വൃത്താകൃതിയിലുള്ള ജയിലിന് 968 മീറ്റർ ചുറ്റളവാണുള്ളത്. ജയിലിന് സുരക്ഷ ഒരുക്കി 5.5 മീറ്റർ ഉയരത്തിൽ മതിലുണ്ട്. ജയിലിനുള്ളിൽ 17 മീറ്റർ ഉയരത്തിൽ നിരീക്ഷണഗോപുരവും ഉണ്ട്. പൂവിന്റെ ഇതളുകൾ പോലെ ആറ് കെട്ടിടങ്ങൾ ഓഫീസ് കെട്ടിടത്തിന് നേരെയാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ നാലെണ്ണത്തിൽ 44 സെല്ലുകൾ വീതമുണ്ട്. ശേഷിക്കുന്ന രണ്ട് സെല്ലുകളിൽ ഡോർമെറ്ററി രീതിയിൽ നാല് വലിയ മുറികൾ ഉള്ളതിൽ അഞ്ചാമത്തെ കെട്ടിടം സ്ത്രീകളുടെ വിഭാഗമാണ്. ഇതോടൊപ്പം അടുക്കള, സൂക്ഷിപ്പുമുറി, നിർമ്മാണശാലകൾ, ലൈബ്രറി, ആശുപത്രി, ആരാധനാകേന്ദ്രങ്ങൾ എന്നിവയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, VIYYOOR CENTRAL JAIL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.