SignIn
Kerala Kaumudi Online
Monday, 16 May 2022 11.24 AM IST

ഇംഗ്ലീഷ് വാക്കുകൾ മൊഴിമാറ്റണോ ?

letters

പുതിയ ആംഗലേയപദങ്ങൾ മലയാളഭാഷയിൽ ഉപയോഗിക്കേണ്ടിവരുമ്പോൾ
മൊഴിമാറ്റാതെയാണ് കാലങ്ങളായി നമ്മൾ ഉപയോഗിച്ചുവരുന്നത്. ആരോഗ്യം, കമ്പ്യൂട്ടർ, ധനതത്വശാസ്ത്രം, ഭൂമിശാസ്ത്രം, വാനശാസ്ത്രം, സമുദ്രശാസ്ത്രം, ഗതാഗതം, വിവരസാങ്കേതികവിദ്യ, എൻജിനിയറിംഗ് തുടങ്ങിയ ശാസ്ത്രശാഖകളുടെ വ്യവഹാരഭാഷയിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോ ഗിക്കേണ്ടിവരുമ്പോൾ നമ്മൾ പരിഭാഷപ്പെടുത്താതെ അതേപടി ഉപയോഗിക്കുന്നു. വിവരസാങ്കേതിക വിദ്യയുടെ കാര്യത്തിലാണെങ്കിൽ എത്രയോ വാക്കുകളാണ് ഇംഗ്ലീഷിൽത്തന്നെ ഉപയോഗിച്ചുവരുന്നത്. മഹാമാരിയുടെ കാലത്ത് അതുമായി ബന്ധപ്പെട്ട നൂറോളം വാക്കുകൾ ഇംഗ്ലീഷിൽത്തന്നെ നമ്മൾ ഉപയോഗിച്ചു തഴമ്പിച്ചിരിക്കുന്നു. ആ വാക്കുകൾക്കൊന്നും മലയാള വാക്ക് കണ്ടുപിടിച്ചില്ല. മലയാളത്തിൽക്കൂടി ഒരു വാക്ക് സൃഷ്ടിച്ചിരുന്നെങ്കിൽ ഭാഷയിലെ പദസമ്പത്ത് വിപുലമായേനെ. തമിഴർ ഈ വാക്കുകളെല്ലാം മൊഴിമാറ്റം നടത്തി പ്രചരിപ്പിക്കുന്നുണ്ട്. പുതുതായി വരുന്ന ആംഗലേയ പദങ്ങളെ വിവർത്തനം ചെയ്ത് പ്രചരിപ്പിക്കുന്നത് പ്രശംസനീയമാണ്. അതിനുവേണ്ടി തമിഴ് ലെക്സിക്കൻ സദാ ജാഗരൂകരായി ഇരിക്കുകയാണ്. തമിഴർ തുടക്കത്തിലേ ആകാശവാണിക്ക് വാനമൊഴിയെന്നും എൽപി റെക്കോഡിന് ഇശൈതട്ട് എന്നും മൊഴിമാറ്റിയിരുന്നു. അവർ ഇ-മെയിലിന്, മിന്നഞ്ചലെന്നും വെബ്‌സൈറ്റിന് ഇണയമെന്നും, ഓൺലൈനിന് ഇണയവഴിയെന്നും ഉപയോഗിക്കുന്നുണ്ട്. ആദികാലം തൊട്ടേ തമിഴ് ജനതയ്ക്ക് തമിഴ് വാക്കുകൾ തന്നെ ഉപയോഗിക്കണമെന്ന വാശിയുണ്ട്. സ്വത്വാഭിമാനമുള്ള ഒരു ജനതയുടെ ലക്ഷണമാണത്. എല്ലാ ശാസ്ത്രശാഖകളിൽ നിന്നും കടമെടുത്ത ഇംഗ്ലീഷ് വാക്കുകളുടെ ഒരു കൂമ്പാരമാണ് ഇന്ന് മലയാളഭാഷ. നമ്മുടെ ഭാഷ ഒരു സങ്കരഭാഷയായി പരിമിതപ്പെട്ടിരിക്കുന്നു. ഭാവിയിൽ ശാസ്ത്രം വികസിക്കുമ്പോൾ വീണ്ടും പുതിയ ആംഗലേയപദങ്ങൾവരും. അതെല്ലാം മൊഴിമാറ്റാതെ ഉപയോഗിച്ചുകൊണ്ടിരുന്നാൽ ഗത്യന്തരമില്ലാതെ ഇംഗ്ലീഷ് പദങ്ങളുടെ അതിപ്രസരത്തിൽ നമ്മുടെ ഭാഷ മരണമടയും. നമ്മുടെ ഭാഷയിൽ എഴുതാനും വായിക്കാനും ആളില്ലാതെ വരുന്ന അവസ്ഥ സങ്കടകരമാണ്. പൂർവസൂരികളായ കവികൾ വാക്കുകളാൽ മായാജാലം തീർത്ത ഭാഷ മരിക്കുന്നത് ചിന്തിക്കാനേ വയ്യ.
ജർമ്മൻ വംശജനായ നരവംശശാസ്ത്രജ്ഞനും ആഫ്രിക്കൻ ഭാഷാ ശാസ്ത്ര വിദഗ്ധനുമായ ബ്രെൻസിഗർ മത്ത്യാസിന്റെ പുസ്തകം പറയുന്നത് ഇംഗ്ലീഷ് പോലുള്ള ആധിപത്യഭാഷകളിൽ നിന്നും പദങ്ങൾപോലുള്ള ഘടകങ്ങൾ സ്വീകരിക്കുന്നത് ഭാഷയുടെ മരണത്തിന് വഴിയൊരുക്കുന്ന കാരണങ്ങളിൽ ഒന്നാണെന്നാണ്. സമൂഹം പാരമ്പര്യഭാഷ ഉപേക്ഷിച്ച് മറ്റൊരു ഭാഷ സ്വീകരിക്കുകയും പാരമ്പര്യഭാഷ ഉപയോഗത്തിലില്ലാതാവുകയും ചെയ്യുമ്പോഴാണ് ഭാഷ മരിക്കുന്നത്. ഇതു തലമുറകളായി സംഭവിക്കുന്നതാണ്. മാതാപിതാക്കൾ കുട്ടികളെ അവരുടെ പാരമ്പര്യഭാഷ പഠിപ്പിക്കാതിരിക്കുമ്പോൾ ക്രമേണ ആ ഭാഷ മരണമടയും. ചില ഭാഷകൾ മറ്റു ഭാഷകളായി പരിണമിച്ച് ഇല്ലാതാവുന്ന അവസ്ഥയുമുണ്ട്. ലാറ്റിൻ ഭാഷ ഇറ്റാലിയൻ, സ്പാനിഷ് ഫ്രഞ്ച്, റൊമാനിയൻ ഭാഷകളായി പരിണമിക്കുകയും ലാറ്റിൻ ഭാഷ സംസാരിക്കുന്നവർ ഇല്ലാതാവുകയും ചെയ്തു.

ഒരു ഭാഷ സംസാരിക്കുന്ന ജനവിഭാഗം യുദ്ധമോ കൂട്ടക്കൊലയോ മാരക
രോഗങ്ങളോ പ്രകൃതി ദുരന്തമോ കൊണ്ട് ഇല്ലാതാകുമ്പോഴും ഭാഷയുടെ മരണം സംഭവിക്കാം. അധിനിവേശ സമൂഹം ന്യൂനപക്ഷ സമൂഹത്തെ കീഴടക്കുകയും തങ്ങളുടെ ഭാഷ അടിച്ചേല്പ്പിക്കുകയും ചെയ്തതിന്റെ ഫലമായി പലഭാഷകളും മൃതിയടഞ്ഞിട്ടുണ്ട്. ഭാഷയുടെ വംശനാശം ഭാഷയുടെ മരണത്തിൽ നിന്ന് വിഭിന്നമാണ്. വംശനാശം വന്ന ഭാഷ സംസാരിക്കാൻ പ്രാദേശികമായി ആരും ജീവിച്ചിരിപ്പുണ്ടാവില്ലെന്നു മാത്രമല്ല അത് പ്രയോഗത്തിലുമുണ്ടാവില്ല. ഈജിപ്‌റ്റിലെ ഹൈറോഗ്ലിഫിക്സ് കുറ്റിയറ്റു പോയ ഭാഷയാണെന്ന് കരുതുന്നു.

ഉള്ളൂർ, കുണ്ടൂർ നാരായണമേനോൻ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
എന്നിവർ വിചാരിച്ചിട്ടും പച്ചമലയാളം കെട്ടുപോയി. എന്തായിരിക്കാം ഇതിനുള്ള
കാരണം? ഭാഷ മനുഷ്യന്റെ ആവശ്യമാണ്. ഉപഭോക്തൃ സംസ്‌‌കാരത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ജനത പ്രയോജനമുള്ള ഭാഷയേ ഉപയോഗിക്കൂ. ഉപജീവനമാർഗത്തിനുള്ള പഠനഭാഷയാണ് അവർക്കു വേണ്ടത്. നേരമ്പോക്കിനും സാഹിത്യാസ്വാദനത്തിനും വേണ്ടി മാത്രം ഒരു ഭാഷയെ സമീപിക്കുന്നവർ വിരളമാണ്. എപ്പോൾ നമ്മുടെ ഭാഷ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ചെയ്യാൻ പര്യാപ്തമാകുന്നുവോ അന്നു നമ്മുടെ ഭാഷയുടെ ഗ്രഹണം
മാറിക്കിട്ടുമെന്നുറപ്പാണ്.

പീപ്പിൾസ് ലിംഗ്വിസ്‌റ്റിക് സർവേ ഓഫ് ഇൻഡ്യ ചെയർമാൻ ഡോ.ഗണേഷ് എം. ഡേവിയുടെ അഭിപ്രായപ്രകാരം 2050 ആകുമ്പോഴേക്കും ലോകത്തിലെ 7000 ഭാഷകളിൽ നിന്നും 4000 ഭാഷകൾക്ക് വംശനാശം സംഭവിക്കും. എന്തായാലും അതിലെ അപകടസാദ്ധ്യതയുള്ള ഭാഷകളുടെ കൂട്ടത്തിൽ മലയാളമില്ല എന്നത് പ്രതീക്ഷ നൽകുന്നു. പക്ഷേ നമുക്കുറപ്പുണ്ടോ നമ്മുടെ ഭാഷ നഷ്ടപ്പെടില്ലെന്ന് ? അതിനാൽ തമിഴർ ചെയ്യുന്ന
പോലെ ഇനിയെങ്കിലും ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുമ്പോൾ മൊഴിമാറ്റി ഉപ
യോഗിക്കുക. നമ്മുടെ ഭാഷ വളരേണ്ടത് മറ്റു ഭാഷകളിൽ നിന്നും വാക്കുകൾ അതേപടി കടംകൊണ്ടിട്ടല്ല. അതു മൊഴിമാറ്റി ഉപയോഗിക്കുമ്പോഴാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.


ലേഖകൻ കവിയും റീജിയണൽ കാൻസർ സെന്ററിൽ ടെക്നിക്കൽ ഓഫീസറുമാണ് ഫോൺ: 9895374588

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MALAYALAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.