SignIn
Kerala Kaumudi Online
Tuesday, 17 May 2022 10.44 AM IST

കർഷകർ നിയമം കൈയിലെടുക്കരുത്

farmers

ലഖിംപൂരിൽ സമരം തുടരുന്ന കർഷകരുടെ ഇടയിലേക്ക് വാഹനമോടിച്ച് കയറ്റിയതിലും തുടർന്നുണ്ടായ ഏറ്റുമുട്ടലിലും എട്ടുപേർ മരിക്കാനിടയായ സംഭവം തികച്ചും നിർഭാഗ്യകരമാണ്. ഈ അക്രമസംഭവത്തെ ജനാധിപത്യവാദികളാരും ന്യായീകരിക്കില്ല. കർഷക സമരം കൂടുതൽ രൂക്ഷമാക്കാനും ഈ സംഭവം ഇടയാക്കി. അത് തികച്ചും സ്വാഭാവികമാണുത‌ാനും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ഉൾപ്പെടെ ഏതാനും പ്രതികൾ അറസ്റ്റിലാവുകയും ചെയ്തു. ഇവർക്കെതിരെ നിയമ നടപടികൾ തുടരുകയാണ്. എന്നാൽ കേന്ദ്രമന്ത്രിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുന്നതുവരെ സമരത്തിൽനിന്ന് പിന്നാക്കം പോകില്ലെന്നാണ് കർഷക നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതിൽ ആർക്കും കുറ്റം പറയാനാകില്ല. എന്നാൽ ഈ ആവശ്യം നടപ്പാക്കി കിട്ടുന്നതിന് കർഷകർ അക്രമത്തിലേക്ക് തിരിയുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. കർഷക സമരങ്ങളുടെ വേദി പലപ്പോഴും അക്രമസംഭവങ്ങൾക്കും അഴിഞ്ഞാട്ടങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. സിഖ് മതഗ്രന്ഥത്തെ നിന്ദിച്ചു എന്നാരോപിച്ച് പട്ടികജാതിക്കാരനായ ഒരു യുവാവിനെ കൈയും കാലും ഛേദിച്ച് കെട്ടിത്തൂക്കി പരസ്യമായി കൊലപ്പെടുത്തിയ സംഭവം അതിലൊന്നു മാത്രമാണ്. കർഷകരിലെ പഞ്ചാബിൽ നിന്നുള്ള തീവ്ര നിലപാടുകാരായ നിഹാംഗ് എന്ന വിഭാഗം ഈ നിഷ്‌ഠൂര സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. പലപ്പോഴും കർഷകരുടെ താത്‌പര്യങ്ങൾ മുതലെടുത്ത് സമരം ആളിക്കത്തിക്കാൻ മറ്റ് ചില ശക്തികളും പിന്നിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയിക്കാൻ ഇത്തരം നടപടികൾ ഇടയാക്കുന്നു.

കഴിഞ്ഞ ദിവസം സംയുക്ത കിസാൻ മോർച്ച ഉത്തരേന്ത്യയിൽ പലയിടത്തും വ്യാപകമായി ട്രെയിൻ തടയൽ നടത്തി. ഇതിന്റെ ഫലമായി 293 ട്രെയിൻ സർവീസുകൾ ഭാഗികമായോ പൂർണമായോ തടസപ്പെട്ടു. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെയായിരുന്നു സമരം.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഒഡിഷ, യു.പി സംസ്ഥാനങ്ങളിലെ ട്രെയിൻ സർവീസിനെ സമരം സാരമായി ബാധിച്ചു. രാജ്യത്തെ ഏഴ് റെയിൽവേ സോണുകളിലായി 184 സ്ഥലങ്ങളിൽ പുരുഷന്മാരും സ്‌ത്രീകളും ഉൾപ്പെട്ട ആൾക്കൂട്ടം ട്രെയിനുകൾ തടഞ്ഞു. 63 ട്രെയിനുകൾ പാതിവഴിയിൽ നിറുത്തിയിടേണ്ടിവന്നു. കൽക്കരിയുടെ ക്ഷാമം രാജ്യത്തെ വല്ലാത്ത ഉൗർജ്ജ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഈ സമയത്ത് കൽക്കരിയുമായി പവർ പ്ളാന്റുകളിലേക്ക് പുറപ്പെട്ട 75 ട്രെയിനുകളടക്കം 150 ചരക്ക് വണ്ടികൾ കർഷകർ തടഞ്ഞു. പഞ്ചാബ് - ഹരിയാന സംസ്ഥാനങ്ങളിൽ സമരം ഏറെക്കുറെ പൂർണമായിരുന്നു. അമ്പാലയുടെ തൊട്ടടുത്ത സ്റ്റേഷനുകളിലായി 18 ട്രെയിനുകൾ നിശ്ചലമായി. ഒഡിഷയിലെ റെയിൽവേ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം ട്രെയിനുകൾ ഓടിയില്ല. ഇതുമൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പ്രത്യേകിച്ച് പറയേണ്ടതില്ല. ഏതു സമരത്തിന്റെ പേരിലായാലും, ടിക്കറ്റെടുത്ത് ഓരോ കാര്യങ്ങൾക്കായി യാത്രചെയ്യുന്നവരെ തടയുന്നത് പ്രാകൃതമായ രീതിയാണെന്ന് പറയാതിരിക്കാനാവില്ല. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണ്. ഈ സ്വാതന്ത്ര്യം തടയുന്നത് ഗുരുതരമായ കുറ്റകൃത്യം തന്നെയാണ്. നിയമം കൈയിലെടുത്ത് നടത്തുന്ന ഏതു സമരവും ആർക്കും അംഗീകരിക്കാനാവില്ല. എത്ര നല്ല ലക്ഷ്യത്തിന് വേണ്ടി ഉള്ളതാണെങ്കിൽപ്പോലും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FARMERS PROTEST
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.