SignIn
Kerala Kaumudi Online
Wednesday, 06 July 2022 9.58 PM IST

വള്ളിക്കോട്ട് മഴ ബാക്കിവച്ചത് ദുരിതപ്പെയ്ത്ത്

v

പത്തനംതിട്ട: വള്ളിക്കോട് തെക്കെമുറി മുരുപ്പേൽ വീട്ടിൽ ആറാം ക്ളാസുകാരൻ അശ്വിന് പഠിക്കാൻ ഇനി പുസ്തകങ്ങളില്ല. മാറിയിടാൻ വസ്ത്രങ്ങളില്ല. കിടക്കാൻ കട്ടിലില്ല... എല്ലാം വെള്ളമെടുത്തു. കനത്ത മഴയിൽ കുതിച്ചെത്തിയ അച്ചൻകോവിലാറാണ് ഇവ കവർന്നത്.

രണ്ട് മുറികളുള്ള വീട് പുഴയെടുക്കുമോയെന്ന് ഭയന്ന് മഴ കനത്ത് വെള്ളം ഏറുന്നതിന് മുമ്പ് അശ്വിനെയും കൂട്ടി അമ്മ മായ പൂങ്കാവിലെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. കൂലിപ്പണി കഴിഞ്ഞ് വന്ന ഗൃഹനാഥൻ അജയൻ വീട്ടിലെ കാഴ്ച കണ്ട് തളർന്നിരുന്നു. വീടിന്റെ ജനലിന് മുകളിൽ വരെ വെള്ളം പൊങ്ങി. മലവെള്ളം വലിഞ്ഞപ്പോൾ വീട്ടിലേക്ക് കയറാൻ പറ്റാത്ത വിധം ചെളി. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ അജയൻ അടുപ്പുപുകച്ച് കഞ്ഞിവച്ചു. വസ്ത്രങ്ങൾ ചെളിവെള്ളത്തിൽ കുഴഞ്ഞുകിടക്കുന്നു. അലമാര മറിഞ്ഞ് അടുക്കളയിലെ പാത്രങ്ങൾ നിലത്ത് ചിതറിയതിൽ ചെളിവെള്ളം മൂടി. വീടിനുള്ളിലെ ചെളി നീക്കണമെങ്കിൽ ക്ളീനിംഗ് മെഷിൻ വേണം. അത് പ്രവർത്തിപ്പിക്കാൻ പ്രദേശത്ത് കറന്റില്ല. മൊബൈൽ ഫോണുകൾ ചാർജ് തീർന്ന് ഒാഫായി. നാല് ദിവസമായി അജയൻ ജോലിക്ക് പോകാത്തതിനാൽ കുടുംബ ജീവിതം താളംതെറ്റി.

വള്ളിക്കോട് - ഞക്കുനിലം റോഡിന്റെ വശത്താണ് അജയന്റെ വീട്. ഇൗ ഭാഗത്തെ മിക്ക വീടുകളിലും വെള്ളം കയറി. റോഡിൽ ഇപ്പോഴുമുണ്ട് മുട്ടോളം വെള്ളം. വാഹന ഗതാഗതം പൂർണമായി നിലച്ചു.

പ്രളയം പോലെ

2018ലെ പ്രളയം പോലെയായിരുന്നു വള്ളിക്കോട്ടെ ഇത്തവണത്തെ സ്ഥതിയെന്നാണ് വിലയിരുത്തൽ. പാഞ്ഞെത്തുന്ന കിഴക്കൻ മലവെള്ളം അച്ചൻ കോവിലാറിലൂടെ ആദ്യം ഒഴുകിപ്പരക്കുന്നത് വള്ളിക്കോട്ടാണ്. പിന്നീടാണ് പടിഞ്ഞാറേക്ക് ഒഴുകുന്നത്. വാഴമുട്ടത്തിനും കൊടുമണ്ണിനുമിടയിലുള്ള പാടശേഖരങ്ങൾ നിറഞ്ഞ് കടൽ പോലെ കിടക്കുന്നത് മനോഹര കാഴ്ചയാണെങ്കിലും

നാട്ടിലെ കർഷകർക്ക് അതു കണ്ടാൽ ഉള്ള് പൊള്ളും.

തൃപ്പാറ ദേവന് മൂന്നാമത്തെ 'ആറാട്ട്'

വള്ളിക്കോട് തൃപ്പാറ മഹാദേവന് ഇൗ വർഷത്തെ കാലവർഷത്തിൽ മൂന്നാമത്തെ ആറാട്ട് കഴിഞ്ഞു. അച്ചൻകോവിലാറിന്റെ തീരത്താണ് ക്ഷേത്രം. തൃപ്പാദമാണ് പ്രധാന വിഗ്രഹം. നദിയിൽ ക്രമാതീതമായി വെള്ളം ഉയർന്നാൽ ശ്രീകോവിൽ ഇല്ലാത്ത ക്ഷേത്രം പൂർണമായും മുങ്ങും. ഇൗ വർഷം മൂന്ന് തവണയാണ് ക്ഷേത്രം മുങ്ങിയത്. ഇൗ അവസരങ്ങളിൽ ദേവൻ സ്വയം ആറാട്ട് നടത്തുന്നതായാണ് ഭക്തരുടെ വിശ്വാസം. മറ്റൊരു എെതീഹ്യം ഇങ്ങനെയാണ്- തൃപ്പാറ ക്ഷേത്രം മുങ്ങിയാൽ അടുത്തുളള തൃക്കോവിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഇടത്തേ കൽത്തൂണുകളിൽ ഒന്ന് ചൂടുപിടിക്കുകയും വിയർപ്പ് പോലെ നനയുകയും ചെയ്യും. തൃപ്പാറ ദേവൻ തൃക്കോവിൽ ക്ഷേത്രത്തിലേക്ക് എത്തിയെന്നാണ് ഇതിലെ വിശ്വാസം. തൃപ്പാറയിൽ നിന്ന് വെള്ളം ഇറങ്ങിയാൽ കാളയുടെ രൂപത്തിലെ ഇടത്തേ കൊമ്പ് തെളിയും. ഇൗ സമയം മഹാദേവൻ ക്ഷേത്രത്തിൽ തിരിച്ചെത്തിയെന്നാണ് കരുതപ്പെടുന്നത്. മുങ്ങിയ ക്ഷേത്രത്തിൽ മൂന്ന് ദിവസമായി പൂജ മുടങ്ങിയിരുന്നു. ഇന്നലെ വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോൾ കാളയുടെ ഇടത്തേ കൊമ്പ് തെളിഞ്ഞു. വൈകിട്ട് ക്ഷേത്രത്തിൽ പൂജയും ദീപാരാധനയും നടന്നു.

പകുതിയോളം വാർഡുകൾ മുങ്ങി.

300 വീടുകളിൽ വെള്ളം കയറി.

119 ആളുകൾ നാല് ദുരിതാശ്വാസ ക്യാമ്പുകളിൽ

ഒരു വീട് തകർന്നു

150 ഏക്കർ നെൽപ്പാടത്തെ വിത നശിച്ചു.

വാഴ, ഇടവിള കൃഷികൾക്കും നാശം

സന്നദ്ധപ്രവർത്തകർ വീടുകളും കിണറുകളും വൃത്തിയാക്കും. ആശ പ്രവർത്തകർ ക്ളോറിനേഷൻ നടത്തും. കൃഷി നാശത്തിന്റെ കണക്ക് ശേഖരിച്ച് നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കും.

മോഹനൻ നായർ, പഞ്ചായത്ത് പ്രസിഡന്റ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.