ബാലരാമപുരം: വെള്ളായണി എൽ.എം.എൽ.പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെത്തി. ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിച്ച് അവരുടെ വിഷമങ്ങൾ അദ്ദേഹം നേരിട്ട് മനസിലാക്കി. അന്നം പുണ്യം പ്രവർത്തകർ ഭക്ഷണമെത്തിച്ചെന്നും ധരിക്കാനുള്ള വസ്ത്രങ്ങളുടെ അപര്യാപ്‌തയുണ്ടെന്നും ക്യാമ്പിലുള്ളവർ ഗവർണറോട് പറഞ്ഞു. ഇക്കാര്യം അദ്ദേഹം കളക്ടർ നവജോത് ഖോസയുടെ ശ്രദ്ധയിൽപ്പെടുത്തി.
വെള്ളായണി ആറാട്ടുകടവിലും പരിസരപ്രദേശങ്ങളിലുമുള്ള 40ഓളം കുടുംബങ്ങൾ ക്യാമ്പിൽ കഴിയുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ സഹായമെത്തിക്കാനുള്ള നടപടിയുണ്ടാകുമെന്ന് ഗവർണർ അവരെ അറിയിച്ചു. എം. വിൻസെന്റ് എം.എൽ.എ, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.