SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.53 PM IST

പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കാൻ...

diabetics

പ്രമേഹത്തെക്കുറിച്ച് ചിലരെങ്കിലും പറയാനുള്ളത് ഇങ്ങനെയാണ് ; ഓഹ്, അതിനി മാറാനൊന്നും പോണില്ല,​ മരുന്നും കഴിച്ചിരിക്കാം.

ഒരിക്കലും മാറാത്തൊരു രോഗത്തിന് വേണ്ടി എന്തിന് ഇത്ര ശ്രദ്ധ നൽകുന്നു എന്ന് കരുതി ചികിത്സയുടെ ഗൗരവം കുറച്ചുകാണുന്നവരുമുണ്ട്. മരുന്ന് കഴിച്ചാൽ വേഗം കിഡ്നി അടിച്ചു പോകുമെന്ന് പറഞ്ഞു നടക്കുന്നവരും അതുകാരണം ചികിത്സ താമസിപ്പിച്ച് രോഗത്തിന്റെ സെക്കൻഡറി കോംപ്ലിക്കേഷനുകൾ നേരത്തെതന്നെ ക്ഷണിച്ചുവരുത്തുന്നവരുമുണ്ട്.

ഷുഗർലെവൽ

നോർമലാകണം

പ്രമേഹമുണ്ടെന്ന് അറിഞ്ഞശേഷം പലവിധ ഇടപെടലുകളിൽ ഏതാണ് വേണ്ടതെന്ന് അവരവർക്ക് തന്നെ തീരുമാനിക്കാം. എന്നാൽ,​ എന്തുതന്നെയായാലും രക്തത്തിലെ ഷുഗർലെവൽ നോർമലായിരിക്കണമെന്ന കാര്യം ശ്രദ്ധിച്ചേ മതിയാകൂ. ഭക്ഷണം കഴിച്ചാലും അതിന് മുമ്പും കൃത്യമായ ഇടവേളകളിലും ഷുഗർ കൂടി പരിശോധിച്ച് മാത്രമേ പ്രമേഹം നിയന്ത്രണത്തിലാണോ എന്ന് വിലയിരുത്താനാകൂ. ഡോക്ടർ ഒരിക്കൽ കുറിച്ചു തന്ന മരുന്ന് അണുവിട വ്യത്യാസമില്ലാതെ കഴിക്കുന്നതു കൊണ്ടോ വളരെ കൃത്യമായി മധുരം ഒഴിവാക്കുന്നതു കൊണ്ടോ മാത്രം ഷുഗർ നിയന്ത്രണത്തിലാകണമെന്നില്ല. ഭക്ഷണം ഒഴിവാക്കി ഷുഗർ നിയന്ത്രിക്കാമെന്നതും വ്യാമോഹം മാത്രമാണ്.

പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവരിൽ കൊളസ്ട്രോളും കരൾസംബന്ധമായ വിഷമതകളും പെട്ടെന്ന് വർദ്ധിക്കുന്നതായി കാണാം. ഇവയും മറ്റ് ദഹനപ്രശ്നങ്ങളും ഇല്ലാതിരിക്കുന്നവരിൽ മരുന്നിനൊപ്പം ശരിയായ പഥ്യങ്ങൾ ഉൾപ്പെടുത്തിയും അപഥ്യങ്ങൾ ഒഴിവാക്കിയുമുള്ള ഭക്ഷണവും വ്യായാമവും ഉൾപ്പെടെയുള്ള മറ്റു ശീലങ്ങളും പ്രമേഹത്തെ കുറയ്ക്കും.

പ്രമേഹത്തിന്റെ ദീർഘ സ്ഥായീഭാവം (ക്രോണിക് നേച്ചർ) കൊണ്ടും നിയന്ത്രണവിധേയമല്ലാത്തപ്പോഴും കാഴ്ചയ്ക്ക് കുഴപ്പം, മലബന്ധം,അമിതമായ ക്ഷീണം,കൈകാൽ തളർച്ച, പെരുപ്പ്, കഴപ്പ്, ഒന്നിനും ഉത്സാഹം ഇല്ലായ്മ, ലൈംഗികശേഷിക്കുറവ്, തോൾവേദന, ഫംഗസ് ബാധ, ചൊറിച്ചിൽ, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാകും. ഇത്തരം ലക്ഷണങ്ങൾ കുറയ്ക്കുന്നതിനുള്ള ചികിത്സ പ്രയോജനപ്പെടണമെങ്കിൽ ഷുഗർ നില നിയന്ത്രണവിധേയമാക്കേണ്ടിവരും. ഷുഗർ അവിടെ നിൽക്കട്ടെ, എനിക്കുള്ള മറ്റു ബുദ്ധിമുട്ടുകൾ മാറ്റിത്തരൂ.. എന്ന് പറയുന്ന രോഗികളെ ഡോക്ടർക്ക് നിരാശപ്പെടുത്തേണ്ടിവരും. അങ്ങനെയല്ല യഥാർത്ഥത്തിൽ ചികിത്സിക്കേണ്ടതെന്ന് അവരെ ഓർമ്മപ്പെടുത്തേണ്ടിയും വരും. പ്രമേഹത്തിന്റെ ചികിത്സ കൂടുതൽ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള മരുന്നുകൾതന്നെ പ്രധാനമായും നൽകേണ്ടതായുംവരും.

വർദ്ധിച്ച പ്രമേഹരോഗത്തിൽ കണ്ണിലുണ്ടാകുന്ന പ്രയാസങ്ങൾക്ക് തുള്ളിമരുന്ന് ഒഴിക്കുകയോ കാലിലെ തരിപ്പിനും മരവിപ്പിനും ബലക്കുറവിനും തൈലം പുരട്ടുകയോ ഗുളിക കഴിക്കുകയോ ചെയ്യുന്നതുകൊണ്ട് ശരിയായ പ്രയോജനം ലഭിക്കണമെന്നില്ലെന്നു സാരം. ഇതുപോലെയാണ് ത്വക്ക് രോഗങ്ങൾക്കും വായ്ക്കുള്ളിലെ രോഗങ്ങൾക്കും ഉൾപ്പെടെ പ്രമേഹരോഗനിയന്ത്രണം കൂടി നിർബന്ധമായും ആവശ്യമാണ്.

നല്ല ഉറക്കം

ലഭിക്കണം

ഒരുസമയം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്കുറച്ച് അതുതന്നെ പലതവണയായി കഴിച്ചാൽ ഉള്ളിലേക്കെത്തുന്ന ഷുഗറിന്റെ അളവ് അമിതമായി വർദ്ധിക്കാതെ ക്രമപ്പെടുത്താം. ധാന്യാഹാരം വളരെ കുറയ്ക്കാനും തവിടും ഉമിയുമുള്ള ധാന്യാഹാരം കഴിക്കാനും ശ്രദ്ധിക്കണം. എണ്ണയും മസാലയും കലർന്ന ആഹാരങ്ങൾ ദഹനത്തിന് കുഴപ്പമുണ്ടാക്കുമെന്നതിനാൽ അവയും നിയന്ത്രിക്കണം. ശരിയായ ഉറക്കം ലഭിക്കണം. അതിനായി ഉറക്കം ലഭിക്കുകയും പ്രമേഹത്തെ കുറയ്ക്കുകയും കണ്ണിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന എണ്ണ തലയിൽ തേച്ച് ചൂടാറ്റിയ വെള്ളത്തിലോ പച്ചവെള്ളത്തിലോ കുളിക്കണം.

ദുശീലങ്ങൾ

ഒഴിവാക്കണം

പ്രമേഹരോഗമുണ്ടെന്ന് അറിയുന്ന ദിവസം തന്നെ മദ്യപാനം, പുകവലി എന്നിവ നിറുത്തണം. കണ്ണിൽ ആയുർവേദ തുള്ളിമരുന്ന് ഇറ്റിക്കാൻ തുടങ്ങണം. കാലുകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് തൈലം പുരട്ടുകയും ദഹനസംബന്ധമായ രോഗങ്ങൾക്ക്കൂടി മരുന്ന് ഉൾപ്പെടുത്തുകയും മലശോധന സുഗമമാക്കുന്ന വിധത്തിൽ ഭക്ഷണം ക്രമീകരിക്കുകയും വേണം. ശരിയായ വ്യായാമംകൊണ്ടുതന്നെ ഷുഗർനില കുറയ്ക്കാനാകും. മാംസപേശികൾ എത്രമാത്രം ഉപയോഗിക്കപ്പെടുന്നുവോ അത്രമാത്രം ഷുഗർനില ശരീരത്തിൽ കുറഞ്ഞു കിട്ടും. എന്നാലും,​ അമിത വ്യായാമം കാരണം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതെയും ശ്രദ്ധിക്കണം. അത് വാതരോഗങ്ങളെ വർദ്ധിപ്പിക്കും.ഡയബറ്റിക് ന്യൂറോപ്പതി പോലുള്ള രോഗങ്ങൾ ഉണ്ടാകാനിടവരാതെ നോക്കണം. അത്തരം രോഗങ്ങളുടെ ചികിത്സയിലും പ്രമേഹനിയന്ത്രണത്തിനുള്ള അതേ പ്രാധാന്യംതന്നെ നൽകേണ്ടതുണ്ട്. അല്ലാതെ,​ പ്രമേഹമുള്ളവർക്ക് കാലുകളുടെ പ്രശ്നങ്ങൾ സ്വാഭാവികമാണെന്ന രീതിയിൽ ചികിത്സ ഒഴിവാക്കരുത്. നടക്കുന്നതും വിയർക്കുന്നതും നല്ലതാണ്.എന്നാൽ വിയർത്ത് കുഴഞ്ഞുപോകാതെ നോക്കണം.

പ്രമേഹരോഗം നിയന്ത്രണത്തിലാകണമെങ്കിൽ ആവശ്യത്തിനുള്ള വിശ്രമംമാത്രമേ പാടുള്ളൂ. വിശ്രമം അധികമായാലും ദോഷമാണ്. തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണ് കണ്ണുകൾക്കും മുടികൊഴിച്ചിൽ ഒഴിവാക്കുന്നതിനും ത്വക്കിന്റെ രൂക്ഷത കുറയ്ക്കുന്നതിനും നല്ലത്. കാലുകൾക്കും മറ്റും വേദന വർദ്ധിക്കുമെങ്കിൽ മാത്രം ചൂടാറ്റിയവെള്ളം ഉപയോഗിക്കാം.

ദഹനസംബന്ധമായ ബുദ്ധിമുട്ടുകളും ഗ്യാസും മലബന്ധവുമില്ലെങ്കിൽതന്നെ മെറ്റബോളിസം ഏകദേശം ശരിയായി മുന്നോട്ടു പോകുന്നുവെന്ന് മനസ്സിലാക്കാം. ഷുഗർനില കുറയുക എന്ന ലക്ഷ്യത്തോടെമാത്രം പ്രമേഹരോഗികൾ മരുന്ന് കഴിക്കരുത്. എത്രമാത്രം മരുന്ന് വർദ്ധിപ്പിക്കാം എന്നല്ല നോക്കേണ്ടത്. പരമാവധി മരുന്ന് കുറച്ച് പ്രമേഹത്തെ നിയന്ത്രണത്തിൽ നിർത്താൻ എന്തൊക്കെ ചെയ്യാമെന്നാണ് പരിശ്രമിക്കേണ്ടത്.

ഷുഗർലെവൽ

കുറയരുത്

മരുന്ന് പോലെതന്നെ ഉപയോഗപ്പെടുത്താവുന്നതാണ് പ്രമേഹത്തെ നിയന്ത്രിക്കുന്ന മറ്റ് ഇടപാടുകളും. അവയെല്ലാം ഭംഗിയായി ചെയ്താൽ ഷുഗർനില മാത്രമല്ല,​ പ്രമേഹഉപദ്രവ രോഗങ്ങളെല്ലാം നിയന്ത്രണത്തിലാക്കാം.

രക്തത്തിൽ ഷുഗർനില നോക്കുന്നതുപോലെ മൂത്രത്തിൽ മൈക്രോ ആൽബുമിൻ, രക്തത്തിൽ ക്രിയാറ്റിനിൻ എന്നിവയും ഇടയ്ക്ക് പരിശോധിക്കേണ്ടതാണ്. ജീവിതശൈലീരോഗങ്ങളിൽ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടെങ്കിലും അത് മാത്രമാണ് ചികിത്സ എന്ന് കരുതരുത്. ഏതൊക്കെ ജീവിതശൈലീരോഗങ്ങളുണ്ടോ അവയെല്ലാം നിയന്ത്രണത്തിലാക്കണം. അമിതവണ്ണമുള്ളവരും രക്തസമ്മർദ്ദം കൂടിയവരും കൊളസ്ട്രോൾ വർദ്ധിച്ചവരും അതുകൂടി നിയന്ത്രണത്തിലാക്കിയാൽ പക്ഷാഘാതവും ഹൃദ്രോഗവും തടയാനാകും.

ഇടയ്ക്കിടെ ഷുഗർലെവൽ വല്ലാതെ കൂടുകയും അതുപോലെ കുറയുകയും ചെയ്യുന്നത് കൂടുതൽ അപകടകരമാണ്. വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ ഷുഗർലെവൽ നിയന്ത്രിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.പ്രമേഹ നിയന്ത്രണത്തിന് മരുന്നിന്റെ അളവ് വർദ്ധിപ്പിച്ച് ഉപയോഗിക്കുന്നവർ ഷുഗർലെവൽ പെട്ടെന്ന് വളരെ കുറഞ്ഞുപോകാതിരിക്കാൻ കൂടുതൽ ശ്രദ്ധ നൽകണം. ഷുഗർ വർദ്ധിക്കുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ട് ഷുഗർ കുറഞ്ഞുപോയത് കാരണം സംഭവിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.