SignIn
Kerala Kaumudi Online
Thursday, 25 April 2024 11.06 PM IST

കടപുഴകാത്ത നെടുമുടി

nedumudi-venu

സ്വഭാവനടനല്ല, സ്വാഭാവിക നടനാണ് നെടുമുടി വേണു. ഇത് തന്റേതു മാത്രമെന്ന് പേറ്റന്റ് എടുക്കാവുന്ന നിലയിൽ, തനതായ അഭിനയശൈലി രൂപപ്പെടുത്തിയ നടനാണ് അദ്ദേഹം. ഒരു കാലഘട്ടം ആവശ്യപ്പെട്ട കഥാപാത്രങ്ങൾക്ക് ജീവനും ഓജസും നല്‌കാൻ ജനിച്ച അതുല്യനടൻ. നെടുമുടി വേണുവിനു മുമ്പ് അങ്ങനെയൊരു അഭിനയശൈലി ഉണ്ടായിരുന്നില്ല. മലയാളത്തിലെ പ്രഗല്‌ഭരായ മിക്ക നടന്മാരെയും, അവരുടെ അഭിനയരീതിയെ മുൻനിറുത്തി വിശകലനം ചെയ്താൽ ഇതുപോലെ മറ്റാരൊക്കെയോ അഭിനയിച്ചിട്ടില്ലേ എന്ന് തോന്നാം. നെടുമുടിയുടെ അഭിനയമൂഹൂർത്തങ്ങളിലൊന്നും അങ്ങനെയൊരു പൂർവബന്ധം കണ്ടെത്താനാവില്ല. ആരവത്തിലെ മരുത്,​ ആലോലത്തിലെ കുട്ടൻ തമ്പുരാൻ,​ തകരയിലെ ചെല്ലപ്പനാശാരി,​ യവനികയിലെ ബാലഗോപാൽ,​ സ്വാതിതിരുന്നാളിലെ ഇരയിമ്മൻതമ്പി,​ ചാമരത്തിലെ ഫാദർ,​ ചമയത്തിലെ ഉണ്ണി,​ കള്ളൻ പവിത്രനിലെ പവിത്രൻ,​ വിടപറയും മുമ്പേയിലെ സേവ്യർ,​ പാളങ്ങളിലെ രാമൻകുട്ടി തുടങ്ങിയ കഥാപത്രങ്ങളെപ്പോലെ തന്നെ, വാണിജ്യ സിനിമകളിലെ കഥാപാത്രങ്ങളെയും നെടുമുടി വ്യതിരിക്തമാക്കി. ഈ കഥാപാത്രത്തെ നെടുമുടിയ്‌ക്കല്ലാതെ ഇങ്ങനെ ജീവസുറ്റതാക്കാൻ കഴിയില്ലെന്ന ബോദ്ധ്യമാണ് അനുവാചകനിൽ സന്നിവേശിക്കുന്നത്.

അഭിനയത്തിന്റെ വ്യാകരണം നന്നായി അറിയാവുന്ന നടനായിരുന്നു നെടുമുടി വേണു. ഭാഷ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും വ്യാകരണവും ഭാഷാശാസ്ത്രവും അറിയണമെന്നില്ല, എന്നതുപോലെ അഭിയത്തിന്റെ വ്യാകരണവും ക്രാഫ്റ്റും എല്ലാവരും ഉൾക്കൊണ്ടിരിക്കണമെന്നില്ല. സംഗീതത്തിന് ശ്രുതിയും താളവും മുഖ്യമാകുന്നതുപോലെ നടനത്തിനും ശ്രുതിയും താളവും മുഖ്യമാണ്. അതും നന്നായി അറിയുകയും വഴങ്ങുകയും ചെയ്യുന്ന നടനായിരുന്നു നെടുമുടി വേണു. കാവാലം നാരായണപ്പണിക്കരുടെ നാടകക്കളരിയിൽനിന്നു പഠിച്ച നടനവ്യാകരണവും കുട്ടനാടൻ പ്രകൃതി സമ്മാനിച്ച ഗ്രാമീണസംഗീതത്തിന്റെ താളലയങ്ങളും കുടുംബാന്തരീക്ഷത്തിൽ നിന്നു കിട്ടിയ കലാഭിരുചിയുമെല്ലാം നെടുമുടി വേണുവിലെ നടനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടാവും.

കുട്ടനാട്ടിലല്ല ജനിച്ചതെങ്കിൽ ഇന്നത്തെ നിലയിൽ ആവുമായിരുന്നില്ലെന്ന് നെടുമുടിതന്നെ പറഞ്ഞിട്ടുണ്ട്. 'ചുറ്റുവട്ടത്തുള്ള എല്ലാവർക്കും പരസ്പരം അറിയാം. പാടുന്ന ഒരാൾ, അഭിനയിക്കുന്ന ഒരാൾ, കൊട്ടുന്ന ഒരാൾ - ഇങ്ങനെയുള്ള ആളുകളെ എല്ലാവരും ചേർന്ന് പ്രോത്സാഹിപ്പിക്കും. അത്തരം ഗ്രാമീണ ലാളനകൾ ഏറെ കിട്ടിയിട്ടുള്ള ആളാണ് ഞാൻ. വീട്ടുകാർ, അദ്ധ്യാപകർ, അയൽപക്കക്കാർ എല്ലാവരും ആവോളം പ്രോത്സാഹിപ്പിച്ചു. ഒരുപാടുപേർക്ക് ഈ ലാളന കിട്ടിയിട്ടുണ്ട്.

വള്ളവും വെള്ളവും ചെളിനിറഞ്ഞ വരമ്പുകളും വള്ളംകളിയും ചക്രപ്പാട്ടുമെല്ലാം ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് വെറുതെ കിടക്കുമ്പോൾ ദൂരെനിന്ന് ഞാറ്റുപാട്ടു കേൾക്കാം. രാത്രികളിൽ ചെറിയ കൈത്തോടുവഴി വള്ളങ്ങൾ കടന്നുപോകുമ്പോൾ പരസ്പരം കൂട്ടിമുട്ടാതിരിക്കാൻ വേണ്ടി വിളിച്ചുപറയും വള്ളം വടക്കുവാാാ....... വള്ളം തെക്കുവാാാ.. ഇതാണ് ട്രാഫിക് സിഗ്നൽ. വള്ളത്തിന്റെ മുന്നിൽ വിളക്കും തൂക്കും. ഇതിലൊക്കെ ഒരു താളമുണ്ട്. അളവു തെറ്റാതിരിക്കാൻ നെല്ലളക്കുന്നത് താളത്തിലാണ്. ഒരു പറയിലോട്ട് നെല്ലിട്ട്, അത് കോലുകൊണ്ട് വടിച്ച് ഒന്നേ... പറ ഒന്നേ... ഒന്നേ... പൊലി ഒന്നേ... ഒന്നേ .. . പൊലി രണ്ടേ... രണ്ടേ... എന്ന് ഈണത്തിൽ പറയും. ഞാറ്റുപാട്ടിലെ പല്ലവിയിൽനിന്നും എത്ര പിടി ഞാറ് നട്ടെന്നും അറിയാം.'- നെടുമുടി രേഖപ്പെടുത്തിയ ഈ വസ്തുതയ്ക്കപ്പുറമുള്ള ദൈവാനുഗ്രഹമാണ് പ്രതിഭ. അതും ആവോളമുണ്ടായിരുന്നു നെടുമുടി വേണുവിൽ. ഒരു വ്യക്തിയെന്ന നിലയിൽ എത്രയും ലളിതവും ഹൃദ്യവുമായി പെരുമാറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നതും നിലതെറ്റാത്ത ഈ അറിവും തിരിച്ചറിവും പ്രതിഭയും എപ്പോഴും വിളങ്ങിയിരുന്നതു കൊണ്ടാണ്.

ഒരു സ്റ്റൈൽ മന്നനല്ല നെടുമുടി വേണു. അഭിനയത്തിൽ സംഗീതത്തിന്റെ ആർദ്രത കൊണ്ടുവന്ന നടൻ. അഭിനയത്തിൽ പരമ്പരാഗത താളത്തിന്റെ ലയം നടപ്പിലാക്കിയ നടൻ. അങ്ങനെയൊരാൾ അതിനുമുമ്പില്ല. ഒരു കാലഘട്ടം ആവശ്യപ്പെട്ട നടനാണ് നെടുമുടി. അതുകൊണ്ടാണ് വിഖ്യാത സംവിധായൻ അരവിന്ദൻ തന്റെ ഈടുറ്റ കഥാപാത്രങ്ങളെ നെടുമുടിയെ ഏല്‌പിച്ചത്. നെടുമുടിക്കു വേണ്ടി സൃഷ്ടിച്ച സിനിമയും കഥാപാത്രങ്ങളുമുള്ള ഒരു കാലഘട്ടം. അതുമാറി, പ്രമേയത്തിലും അവതരണത്തിലും സാങ്കേതികവിദ്യയുടെ പ്രയോഗത്തിലും സെൻസിബിലിറ്റിയിലും ആവിഷ്കാരതന്ത്രങ്ങളിലും തീർത്തും വ്യതിരിക്തമായ അന്തരീക്ഷം വന്നുചേർന്നപ്പോഴും നെടുമുടി കടപുഴകിയില്ല. ആ നടനവൈഭവം കൊടുമുടിയിൽത്തന്നെ നിലകൊണ്ടു. സമാന്തര സിനിമകളിൽ കണ്ട നടനെ ആയിരുന്നില്ല പില്‌ക്കാല സിനിമകളിൽ നമ്മൾ കണ്ടത്. പകർന്നാട്ടത്തിന്റെ മറ്റൊരു രൂപമാണ് അവിടെ പ്രത്യക്ഷമായത്. അവിടെയും നെടുമുടിക്കു മാത്രം വഴങ്ങുന്ന കഥാപാത്രങ്ങൾ പിറക്കുകയും വളരുകയും ചെയ്തു.

ഒപ്പം അഭിനയിക്കുന്നവരെക്കൂടി ഉത്തേജിപ്പിക്കുന്ന അഭിനയതന്ത്രമാണ് എന്നും നെടുമുടി കാഴ്ചവച്ചത്. ബാലേട്ടനിൽ മോഹൻലാലുമായും പെരുന്തച്ചനിൽ തിലകനുമായും ചേർന്നുള്ള അത്യസാധാരണ അഭിനയമുഹൂർത്തങ്ങൾ നോക്കിയാൽ ഇത് കൂറേക്കൂടി ബോദ്ധ്യമാകും. ഏത് നടീനടന്മാരുമായും ലയിച്ച് അഭിനയിക്കാൻ നെടുമുടി വേണു പ്രകടിപ്പിച്ച പ്രാവീണ്യം സമാനതകളില്ലാത്തതാണ്.

തകരയിലെ ചെല്ലപ്പനാശാരിയും കള്ളൻ പവിത്രനിലെ പവിത്രനുമെല്ലാം ഇന്നും സിനിമാ ആസ്വാദകർക്കൊപ്പം സഞ്ചരിക്കുന്നു. ചെറിയ ചെറിയ മോഷണങ്ങൾ നടത്തി വീടുപുലർത്താൻ കഷ്ടപ്പെടുന്ന കഥാപാത്രമാണ് പവിത്രൻ. ഭാര്യയും രണ്ട് മക്കളുമിരിക്കെ മദാലസയായ ദമയന്തിയെയും രഹസ്യമായി അയാൾ ഭാര്യയാക്കി. അരിയാട്ടുമില്ല് നടത്തുന്ന മാമച്ചന്റെ കിണ്ടിയും മൊന്തയും കട്ടത് അന്വേഷിക്കാൻ വന്ന മാമച്ചനുമായി ദമയന്തി അടുത്തു. മൊന്തയും കിണ്ടിയും വില്‌ക്കാനായി നഗരത്തിലെത്തിയ പവിത്രൻ അവിടെ തന്നെക്കാൾ വലിയ കള്ളനായ പാത്രക്കടക്കാരനെ പരിചയപ്പെട്ടു. അയാളുടെ ഗോഡൗണിൽനിന്ന് മോഷ്ടിച്ച പ്രതിമ തനി തങ്കമായിരുന്നു. അത് പവിത്രനെ സമ്പന്നനാക്കി. സ്വന്തം കാറും ഡ്രൈവറും ഒക്കെ ആയി. മാമച്ചനാകട്ടെ കച്ചവടം പൊളിഞ്ഞ അസൂയാലുവായി. ദമയന്തിയുടെ അനുജത്തി ഭാമയെ കണ്ട പവിത്രനാകട്ടെ അവളുടെ സൗന്ദര്യത്തിൽ മുഴുകുന്നു. അവളെ മെല്ലെ തന്നിലേക്കടുപ്പിക്കാൻ ശ്രമിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങൾ ഗ്രാമീണമായ എല്ലാ ജാള്യതയോടും കൂടിയാണ് നെടുമുടി യാഥാർത്ഥ്യമാക്കിയത്.

സാങ്കേതിക വിദ്യയുടെ അതിപ്രസരവും അണുകുടുംബ പശ്ചാത്തലവും സൃഷ്ടിച്ച ന്യൂജൻ ഭാവുകത്വത്തിനും അതിനു തൊട്ടുമുമ്പുള്ള ആധുനിക സെൻസിബിലിറ്റിക്കും അപ്പുറമുള്ള ഒരു സവിശേഷ കാലഘട്ടത്തിലെ മനുഷ്യരുടെ വിഭ്രമങ്ങളും ജാള്യതയും സ്വകാര്യ ദുഃഖങ്ങളും കുശുമ്പും കുന്നായ്മയും ആവിഷ്കരിച്ച നെടുമുടി വേണുവിന്റെ കഥാപാത്രങ്ങളെ ഒരു മാലയിലെന്നപോലെ കോർത്തെടുത്താൽ അദ്ദേഹം ജീവിച്ചുവളർന്ന ഒരു സവിശേഷ കാലഘട്ടത്തിന്റെയും അന്നത്തെ മനുഷ്യരുടെ സ്വഭാവ വിശേഷങ്ങളുടെയും ഒരു പരിച്ഛേദം കാണാം.

ഫാൻസ് അസോസിയേഷനിലൂടെ പ്രേക്ഷകരെ ചുറ്റും നിറുത്തിയ നടനല്ല നെടുമുടി. ഫാൻസ് ഇല്ലാതെതന്നെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ ചേക്കേറാൻ നെടുമുടിക്ക് കഴിഞ്ഞു. ഹാസ്യവും സന്തോഷവും സന്താപവും സങ്കടവും ക്രോധവുമെല്ലാം ഇത്രയും സമ്യക്കായി കൈകാര്യം ചെയ്ത മറ്റൊരു നടൻ മലയാളത്തിലില്ല. ഒക്ടോബർ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെ നെടുമുടി വേണു അന്ത്യനിദ്രപൂകുമ്പോൾ സഹൃദയരായ ഓരോ മലയാളിക്കും അത് സ്വാകാര്യമായ നഷ്ടവും വേദനയുമായി. തൊട്ടരുകിൽനിന്നു മാഞ്ഞുപോയ മഹാനടന് കണ്ണീർപ്രണാമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM, NEDUMUDI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.