SignIn
Kerala Kaumudi Online
Thursday, 25 April 2024 5.15 PM IST

ആംഗലാ മെർകെൽ ; ഈടുറ്റ രാഷ്‌ട്രീയ അദ്ധ്യായം

angela-merkel

നയതന്ത്ര രംഗത്ത് എന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ള പലരും സ്വന്തം രാജ്യങ്ങളിൽ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്. പനാമയുടെ പ്രസിഡന്റ്, നമീബിയയുടെ പ്രധാനമന്ത്രി, സ്ളൊവീനിയയുടെ പ്രസിഡന്റ് എന്നിവരോടൊപ്പം ജർമ്മൻ ചാൻസലറായ ആംഗലാ മെർക്കെലും ഉയർന്ന പദവിയിലെത്തിയ നയതന്ത്ര പ്രതിനിധിയാണ്.

ജർമ്മനികളുടെ കൂടിച്ചേരലിനുശേഷം ഉന്നത നിലയിലെത്തിയ ചുരുക്കം ചില കിഴക്കൻ ജർമ്മനിക്കാരിൽ ഒരാളായിരുന്നു മെർകെൽ. 1995ൽ അവർ ജർമ്മനിയുടെ പരിസ്ഥിതി മന്ത്രിയായത് ചാൻസലർ ആയിരുന്ന ഹെൽമുട്ട് കോളിന്റെ താത്‌പര്യത്തിലായിരുന്നു എന്നാണ് അറിയുന്നത്. അവരുടെ ആദ്യത്തെ പ്രധാന ദൗത്യം ബെർലിനിൽ വച്ചു നടന്ന കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ഒരു പ്രധാന ആഗോള സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു. അവിടെ ഇന്ത്യൻ ഡെലിഗേഷന്റെ തലവൻ എന്ന നിലയിൽ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി - 77ന്റെ വക്താവായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യരാജ്യങ്ങൾ ഒരുവശത്തും വികസ്വര രാജ്യങ്ങൾ മറ്റൊരു വശത്തും ആയിരുന്നതിനാൽ ബെർലിൻ സമ്മേളനം വളരെ ദുർഘടമായിരുന്നു. എന്നാൽ സമ്മേളനത്തെ വിജയത്തിലെത്തിക്കുക എന്നത് മെർകെലിന്റെ രാഷ്ട്രീയ ഭാവിക്ക് അനിവാര്യമായിരുന്നു.

രണ്ടുദിവസത്തെ പരസ്യപ്രസ്താവനകൾ സമ്മേളനം പരാജയമായിരിക്കുമെന്ന സൂചനകളാണ് നൽകിയത്. അതിനാൽ മെർകെൽ രണ്ടുവശത്തുമുള്ള ശക്തരായ നയതന്ത്ര പ്രതിനിധികളെ പ്രത്യേകം കാണാനും അനുനയത്തിലെത്തിക്കാനും ശ്രമിച്ചു. അങ്ങനെ ഞാനും മെർകെലിന്റെ ഉപദേശകനായി മാറി. എല്ലാദിവസവും ഘോരപ്രസംഗങ്ങൾക്കു ശേഷം ഞങ്ങൾ അഞ്ചുപേർ മെർകെലിന്റെ ഓഫീസിൽ അർദ്ധരാത്രിവരെ സമവായത്തിന്റെ മാർഗങ്ങൾ തേടാൻ തുടങ്ങി. എതിരാളികളെ ഒന്നിച്ചും പ്രത്യേകമായും അവർ ക്ഷണിക്കുകയും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു.

അഞ്ച് പേരടങ്ങുന്ന ഈ ചെറിയ സംഘത്തിൽപ്പെട്ട എല്ലാവരും തങ്ങളുടെ അന്തിമ നിലപാട് എന്തായിരിക്കുമെന്ന് മെർകെലിനെ അറിയിക്കുന്ന സ്ഥിതിയിലെത്തി. അങ്ങനെ സമ്മേളനത്തിന്റെ അവസാന ദിവസത്തിന് തൊട്ടുമുമ്പ് ഒരു സമവായത്തിലെത്തി. ഞങ്ങളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ മെർകെൽ അവതരിപ്പിച്ച നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്തു. വികസിത രാജ്യങ്ങൾ അവരുടെയും വികസ്വര രാജ്യങ്ങൾ തങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഒരു സമവായം ഉണ്ടായതോടെ സമ്മേളനം വിജയിക്കുകയും ചെയ്തു. മെർകെലിന്റെ ജൈത്രയാത്രയുടെ ഒരു നാഴികക്കല്ലായിരുന്നു ബെർലിൻ സമ്മേളനം.

സമാപന സമ്മേളനത്തിൽ അവർക്ക് ലഭിച്ച അനുമോദനങ്ങൾക്ക് നന്ദി പറയുമ്പോൾ അവരുടെ ഉപദേശകരായി പ്രവർത്തിച്ച ഞങ്ങൾ അഞ്ചുപേരെയും അവർ പ്രകീർത്തിച്ചു. താൻ ആത്മകഥ എഴുതുമ്പോൾ ഞങ്ങളെ സ്മരിക്കുമെന്നും മെർകെൽ പറഞ്ഞു. പിന്നീട് നയ്റോബിയിലും ജനീവയിലും മറ്റുമുള്ള പല പരിസ്ഥിതി സമ്മേളനങ്ങളിൽ ഞങ്ങൾ കണ്ടുമുട്ടുകയുണ്ടായി. മെർകെലിന്റെ അത്ഭുതാവഹമായ വളർച്ച ഞാൻ ശ്രദ്ധിച്ചിരുന്നു. അവരുടെ വേഷത്തെയും ഭാവത്തെയും പശ്ചിമ ജർമ്മനിക്കാർ കളിയാക്കാറുണ്ടായിരുന്നു. കിഴക്കൻ ജർമ്മനിയിലെ ഒരു ഫാക്ടറി തൊഴിലാളിയുടെ വേഷമാണ് അവരുടേതെന്ന് പലരും പരിഹസിച്ചു. മെർകെൽ പ്രതിപക്ഷ നേതാവായപ്പോഴും ചാലസലറായപ്പോഴും വേഷത്തിൽ മാറ്റമുണ്ടായില്ല. 'താനൊരു ഫാഷൻ മോഡലല്ലെന്നും രാഷ്ട്രീയ പ്രവർത്തകയാണെന്നുമായിരുന്നു' അവരുടെ മറുപടി.

മെർകെൽ 2002 മുതൽ 2005 വരെ പ്രതിപക്ഷ നേതാവാകുകയും 2005ൽ ചാൻസലറാകുകയും ചെയ്തപ്പോൾ ജർമ്മനിയുടെ ആദ്യത്തെ വനിതാ നേതാവാവുക മാത്രമല്ല യൂറോപ്യൻ യൂണിയന്റെ നേതാവാകുകയും ലോകത്തിലെ ഏറ്റവും ശക്തിശാലിയായ വനിതയാകുകയും ചെയ്തു. അവർ കിഴക്കൻ ജർമ്മനിയിൽ വളരുകയും കിഴക്കൻ ജർമ്മനിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിയാണെന്നുള്ളതും കൗതുകകരമായി. അതിന് ശേഷമുണ്ടായ തിരഞ്ഞെടുപ്പുകളിലെല്ലാം മെർകെൽ വിജയിക്കുകയും നാലുതവണ ചാൻസലറാകുകയും ചെയ്തു.

വിദേശനയത്തിൽ മെർകെൽ യൂറോപ്യൻ യൂണിയനെയും നേറ്റോയെയും ശക്തിപ്പെടുത്തി. ലോക സാമ്പത്തിക വ്യവസ്ഥയിലുണ്ടായ പ്രശ്നങ്ങൾ (2007-2008) പരിഹരിക്കുന്നതിലും മെർകെൽ വലിയ പങ്കുവഹിച്ചു. ആണവ ഉൗർജ്ജത്തിന്റെ ഉപയോഗം കുറയ്ക്കാനും ഹരിത വാതകങ്ങളുടെ വ്യാപനം തടയാനുമുള്ള നയങ്ങൾ രൂപീകരിക്കുകയും ചെയ്തു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിനു വേണ്ടിയുള്ള നീണ്ട ചർച്ചകളിലും മെർകെൽ വലിയ പങ്കുവഹിച്ചു.

യൂറോപ്പിലേക്ക് പ്രവഹിച്ചിരുന്ന കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും കൊവിഡ് -19 മഹാമാരിയെ നേരിടാനും മെർകെൽ അനവരതം ശ്രമിക്കുകയും ചെയ്തു. 2014 ആയപ്പോഴേക്കും ഏറ്റവും കൂടുതൽ പ്രാവശ്യം ചാൻസലർ ആയിരുന്ന വ്യക്തിയെന്ന ആദരവും അവർക്ക് ലഭിച്ചു. യൂറോപ്യൻ യൂണിയനിൽ തന്നെ അവർ ഒരു അനിഷേധ്യ നേതാവാകുകയും ചെയ്തു. തികഞ്ഞ സംതൃപ്തിയോടെയാണ് മെർകെൽ 2018ൽ താൻ ഇനി ചാൻസലർ ആകാനില്ലെന്ന് പ്രഖ്യാപിച്ചത്. മെർകെൽ അധികാരത്തിൽനിന്ന് വിരമിക്കുമ്പോൾ അവരുടെ നേതൃത്വത്തോടുള്ള ആദരവോടായിരിക്കും ജർമ്മൻകാരും മറ്റ് യൂറോപ്യൻ ജനതയും അവരോട് വിടപറയുക.

മെർകെൽ ഇന്ത്യയ്ക്ക് ജർമ്മനിയുമായും യൂറോപ്യൻ യൂണിയനുമായും ഉള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. പക്ഷെ മഹാമാരിയുടെ സമയത്ത് ഇന്ത്യയിൽ നിന്ന് മരുന്നുകൾ ലഭിക്കുകയില്ലെന്ന സൂചന കിട്ടിയപ്പോൾ അവർ പൊട്ടിത്തെറിച്ചു. ''നമ്മൾ ഇന്ത്യയെ ലോകത്തിന്റെ ഫാർമസിയാക്കി. ഇപ്പോൾ ഇന്ത്യയുടെ ആവശ്യങ്ങൾ വർദ്ധിച്ചതുകൊണ്ട് നമുക്ക് ഇന്ത്യയിൽ നിന്ന് മരുന്നുകൾ കിട്ടുകയില്ല" എന്ന് അവർ പരസ്യമായി പറഞ്ഞു. പക്ഷെ അതിനുശേഷവും ഇന്ത്യയുമായുള്ള സഹകരണം വളർത്താൻ തന്നെയാണ് അവർ ശ്രമിച്ചത്. ഇന്ത്യയെ ഒരു നല്ല പങ്കാളിയായി തന്നെയാണ് അവർ കരുതിയിരുന്നത്. അവരുടെ ഇന്ത്യാ സന്ദർശനവും വളരെ വിജയകരമായിരുന്നു.

ജർമ്മനിയുടെ ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായം മെർകെലിന്റെ രാഷ്ട്രീയ വിടവാങ്ങലോടെ അവസാനിക്കുകയാണ്. മറ്റൊരു കാലഘട്ടം ആരംഭിക്കുകയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANGELA MERKEL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.