കണ്ണൂർ: റെയിൽവെ സ്വകാര്യവത്കരണത്തിനും വില്പനക്കുമെതിരെ എ.ഐ.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധസമരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ റെയിൽവെ സ്റ്റേഷനുകൾക്ക് മുന്നിലും സമരം സംഘടിപ്പിച്ചു. വർദ്ധിപ്പിച്ച പ്ലാറ്റ് ഫോം ടിക്കറ്റ് ചാർജ് പിൻവലിക്കുക, കൊറോണ ആരംഭത്തിൽ സ്‌പെഷൽ ട്രെയിൻ എന്ന പേരിൽ ടിക്കറ്റ് ചാർജ്ജുകൾ വർദ്ധിപ്പിച്ചത് പിൻവലിക്കുക, നിർത്തിവെച്ച പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സമരം കണ്ണൂരിൽ സംസ്ഥാന സെക്രട്ടറി സി.പി മുരളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം സപ്ന അധ്യക്ഷയായി. മണ്ഡലം സെക്രട്ടറി എം അനിൽകുമാർ സ്വാഗതം പറഞ്ഞു. സി. രവീന്ദ്രൻ, എം. ഗംഗാധരൻ, ടി.വി നാരായണൻ, വി.കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
തലശ്ശേരി, കണ്ണപുരം, ഏഴിമല, പയ്യന്നൂർ എന്നീ റെയിൽവേ സ്റ്റേഷനിലും പ്രതിഷേധം സംഘടിപ്പിച്ചു.