കൊച്ചി: ജഡ്ജിയെ കാണണമെന്ന ആവശ്യവുമായെത്തിയ പോക്സോ കേസ് പ്രതിയെ ഹൈക്കോടതി വളപ്പിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. സുരക്ഷാ ജീവനക്കാർ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കോടതിയുടെ മുഖ്യകവാടത്തിന് സമീപത്തെ കാർ പോർച്ചിൽ എത്തിയ ഇയാൾ കേന്ദ്ര സർക്കാർ അഭിഭാഷകനായ സുവിൻ ആർ. മേനോനോട് ജഡ്ജിയുടെ മുറി എവിടെയാണെന്ന് ചോദിച്ചു. ജഡ്ജിയെ കാണാനാകില്ലെന്ന് പറഞ്ഞപ്പോൾ അല്പം മാറി ഇരുന്നു. അസ്വാഭാവികത തോന്നിയ അഭിഭാഷകൻ വിവരം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ അറിയിച്ചു. അപ്പോഴേക്കും ഇയാൾ കുഴഞ്ഞു വീണിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിഷം കഴിച്ചതാണെന്ന് മനസിലായത്. മകളെ ഉപദ്രവിച്ച കേസിൽ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.