തിരുവനന്തപുരം : പക്ഷാഘാതത്തെ തുടർന്ന് വർഷങ്ങളായി കിടപ്പിലായ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. മാരായമുട്ടം മണവാരിക്ക് സമീപം കോരണംകോട് ഒലിപ്പുറത്ത് കാവുവിള പുത്തൻവീട് രോഹിണിയിൽ ജ്ഞാനദാസ് (ഗോപി-72) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ സുമതി(66) അറസ്റ്റിലാകുന്നത്. കൊലപാതകത്തിന് ശേഷം സമീപത്തെ കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സുമതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ എട്ടിനും ഒമ്പതിനും മദ്ധ്യേയായിരുന്നു കൊലപാതകം. പണി നടക്കുന്ന കുടുംബവീടിന്റെ സമീപത്തുള്ള കൃഷിയിടത്തിലെ ഒറ്റമുറി കെട്ടിടത്തിനുള്ളിൽ നിലത്താണ് ജ്ഞാനദാസിന്റെ മൃതദേഹം കിടന്നത്. കഴുത്തറത്ത നിലയിലായിരുന്നു. സമീപത്ത് താമസിക്കുന്ന മകൻ സുനിൽദാസ് ഇവർക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.
ടാപ്പിംഗ് തൊഴിലാളിയായ ജ്ഞാനദാസ് 10 വർഷം മുമ്പാണ് പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായത്.
റൂറൽ എസ്.പി. പി.കെ.മധു, നെയ്യാറ്റിൻകര ഡിവൈ.എസ്.പി. എം.അനിൽകുമാർ, മാരായമുട്ടം സി.ഐ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായശേഷം സുമതിയെ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.