SignIn
Kerala Kaumudi Online
Friday, 29 March 2024 5.17 PM IST

നിയമ കവചം മിണ്ടാപ്രാണികൾക്കുമുണ്ട്

street-dog

മനുഷ്യനോട് വളരെ ഇണങ്ങുന്നതും വിശ്വസ്‌തതയും സ്നേഹവും പുലർത്തുന്നതുമായ ജീവിയാണ് വളർത്തുനായ. അങ്ങനെയൊരു മിണ്ടാപ്രാണിയെ വാഹനത്തിൽ ബന്ധിച്ചശേഷം അതിവേഗത്തിൽ വാഹനമോടിച്ച് ക്രൂരമായി കൊലചെയ്യുന്ന അതിഹീനവും ക്രൂരവുമായ പ്രവൃത്തികളെക്കുറിച്ച് ചില വാർത്തകൾ വന്നിരുന്നു. വന്യജീവികളിൽ നിന്ന് കൃഷി സംരക്ഷിക്കാനെന്ന പേരിൽ 'ഗുണ്ടു"കൾ പൊട്ടിച്ച് കാട്ടാനകളെയും വന്യജന്തുക്കളെയും ദാരുണമായി കൊല ചെയ്യുന്ന സംഭവങ്ങളുമുണ്ട്. മൃഗങ്ങളെ വേട്ടയാടി മാംസക്കച്ചവടം നടത്തി ജീവിക്കുന്ന ചിലർ ഇന്നും നമുക്കിടയിലുണ്ടെന്നതും വസ്തുതയാണ്.

പക്ഷിമൃഗാദികളോടുള്ള ക്രൂരത വർദ്ധിച്ചതും വേട്ടയാടൽ നിയന്ത്രണാതീതമായി ഉയർന്നതും അവയെ വമ്പിച്ച കച്ചവടച്ചരക്കാക്കി മാറ്റിയതുമാണ് വന്യജീവികളുടെ എണ്ണം അപ്രതീക്ഷിത തോതിൽ കുറയാൻ പ്രധാന കാരണങ്ങൾ . ഈ സാഹചര്യത്തിലാണ് മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനും വന്യമൃഗ സംരക്ഷണത്തിനുമായി 1960ൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും 1972ൽ വന്യജീവി സംരക്ഷണ നിയമവും നിലവിൽ വന്നത്.

നിയമപ്രകാരം മൃഗങ്ങളോടുള്ള ക്രൂരതയെന്നാൽ ഏതെങ്കിലുമൊരു മൃഗത്തെ അടിക്കുക, തൊഴിക്കുക, ക്രമാതീതമായ രീതിയിൽ ഓടിക്കുക, തളർത്തുക, തത്‌ഫലമായി ആ മൃഗത്തിന് സഹിക്കാൻ കഴിയുന്നതിൽ കൂടുതൽ വേദനയുണ്ടാക്കുക; പ്രായാധിക്യത്തിലോ മറ്റോ ക്ഷീണിച്ചതോ, ദുർബലമായതോ, മുറിവ് പറ്റിയതോ, പണിയെടുക്കാൻ പറ്റാത്ത സ്ഥിതിയിലായതോ ആയ മൃഗത്തെ കൊണ്ട് പണിയെടുപ്പിക്കുക; മതിയായ കാരണമില്ലാതെ മനഃപൂർവം ആരോഗ്യത്തിന് ഹാനികരമായ മരുന്ന് നൽകുക; മൃഗങ്ങൾക്ക് സഹിക്കാൻ കഴിയാത്ത വിധത്തിൽ വേദനയുണ്ടാക്കുന്ന രീതിയിൽ കുത്തിനിറച്ച് വണ്ടിയിൽ കൊണ്ടുപോകുക; മൃഗങ്ങൾക്ക് ചലിക്കാനാകാത്ത രീതിയിൽ കൂട്ടിലിടുക; ദീർഘനേരത്തേക്ക് നീതീകരണമില്ലാത്തവിധത്തിൽ മൃഗങ്ങളെ ചങ്ങലയിലോ കയറിലോ കെട്ടിയിടുക; ആവശ്യമുള്ള തീറ്റയും വെള്ളവും നൽകാതിരിക്കുക; പകർച്ചവ്യാധിയോ അതുപോലുള്ള രോഗമോ പിടിപെട്ട മൃഗങ്ങളെ മനഃപൂർവം അഴിച്ചുവിടുക - ഇവയെല്ലാം മൃഗങ്ങളോടുള്ള ക്രൂരതയുടെ നിർവചനത്തിൽപ്പെടുന്നു. ഇങ്ങനെയുള്ള കുറ്റം തെളിഞ്ഞാൽ മൂന്നുമാസം വരെ തടവും പിഴയും കുറ്റക്കാർക്ക് ലഭിക്കുവാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പാൽ തരുന്ന (കറവയുള്ള) പശു ഉൾപ്പെടെയുള്ള മൃഗങ്ങളെ പാലിന്റെ ലഭ്യത വർദ്ധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തുകയോ, അതിന് പ്രേരിപ്പിക്കുകയോ ചെയ്തെന്ന് തെളിഞ്ഞാൽ കുറ്റക്കാർക്ക് രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്.

മൃഗങ്ങളുടെ കൊമ്പ് മുറിക്കൽ, വരിയുടയ്‌ക്കൽ, ചാപ്പകുത്തൽ, മൂക്ക് കയറിടൽ, അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്‌ക്കളെ ചട്ടങ്ങൾക്ക് വിധേയമായി നശിപ്പിക്കൽ എന്നിവ മൃഗങ്ങളോടുള്ള ക്രൂരതയിൽ പെടുന്നവയല്ല. വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ വന്യമൃഗസംരക്ഷണ നിയമത്തിലെ ഒന്നാംപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് നിയമം അനുവദിച്ചിട്ടുണ്ട്. അതുപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ രേഖാമൂലമുള്ള ഉത്തരവനുസരിച്ച് മനുഷ്യജീവന് ഭീഷണിയുള്ള വന്യമൃഗങ്ങളെയും തീരാരോഗത്താലോ അവയവങ്ങൾ തകർന്നതോ ആയ വന്യമൃഗങ്ങളെയും വേട്ടയാടാം. വന്യമൃഗ സംരക്ഷണനിയമം പട്ടിക രണ്ട്, മൂന്ന്, നാല് എന്നിവയിൽ വിവരിക്കുന്ന വന്യമൃഗങ്ങളെ അവ മനുഷ്യജീവനോ, കൃഷിവിളകൾക്കോ ഭീഷണിയെന്ന് ബോദ്ധ്യപ്പെട്ടാൽ ബന്ധപ്പെട്ട വനപാലകന്റെ നിർദ്ദേശപ്രകാരം വേട്ടയാടാം. സ്വയരക്ഷയ്‌ക്കോ മറ്റാരെയെങ്കിലും രക്ഷിക്കാൻ വേണ്ടിയോ നിയമാനുസരണം ഒരു വന്യമൃഗത്തെ കൊല്ലുകയോ മുറിവേല്പിക്കുകയോ ചെയ്യുന്നത് കുറ്റകരമല്ല. അങ്ങനെ മുറിവേല്പിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന മൃഗവും അതിന്റെ കൊമ്പിൽ നിന്നോ തോലിൽ നിന്നോ മറ്റ് ശരീരഭാഗങ്ങളിൽ നിന്നോ ഉത്‌പാദിപ്പിക്കുന്ന വസ്തുവകകളും സർക്കാർ വകയായി കണക്കാക്കുന്നതാണ്.

വന്യജീവിസംരക്ഷണ നിയമം ലംഘിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. കുറ്റംചെയ്തവരെ വനംവകുപ്പ് ഉദ്യോഗസ്ഥനോ, സബ് ഇൻസ്പെക്ടറുടെ പദവിയിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനോ വാറണ്ട് കൂടാതെ കസ്റ്റഡിയിലെടുക്കാനും നിയമലംഘനവുമായി ബന്ധപ്പെട്ട വസ്തുവകകൾ പിടിച്ചെടുത്ത് നടപടികൾ സ്വീകരിക്കാനും അധികാരമുണ്ട്. കുറ്റം തെളിഞ്ഞാൽ മൂന്നുമുതൽ ഏഴ് വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.