തിരുവനന്തപുരം: സംസ്ഥാനം പ്രളയ ദുരന്തം നേരിട്ട സാഹചര്യത്തിൽ കേന്ദ്രസർക്കാരും അയൽ സംസ്ഥാനങ്ങളും സഹായഹസ്തവുമായി കൂടെ നിന്നുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ച് എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
കഴിഞ്ഞ ദിവസം ദലൈലാമ നമ്മുടെ നാടിന് ഐക്യദാർഢ്യം അറിയിച്ച് സന്ദേശം അയച്ചിരുന്നു. പതിനൊന്ന് ലക്ഷം രൂപയുടെ സഹായവും വാഗ്ദാനം ചെയ്തു.
തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്റംഗങ്ങളായ ഇളങ്കോവനും അന്തിയൂർ സെൽവ രാജും നേരിട്ടെത്തി ഡി.എം.കെ ട്രസ്റ്റിന്റെ സംഭാവനയായി ഒരുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കർണാടക മുഖ്യമന്ത്രി നേരിട്ട് വിളിക്കുകയും അതിയായ ഉത്കണ്ഠരേഖപ്പെടുത്തുകയും ചെയ്തു. ഏതു രീതിയിലുള്ള സഹായവും ചെയ്യാൻ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.