SignIn
Kerala Kaumudi Online
Thursday, 25 April 2024 1.42 PM IST

മിണ്ടിയില്ലെങ്കിലെന്താ...ആള് വൈറവലാണ്

unique

പാട്ടായും ഡാൻസായും പാചകമായും വെറും വാചകമടിയുമൊക്കെയായി സോഷ്യൽ മീഡിയയിൽ വീഡിയോകൾ പലതരത്തിലും പ്രചരിക്കുന്നുണ്ട്. മിക്കതും വൈറലാകാറുമുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്‌തമായി മിണ്ടാത്ത ഒരാളുടെ വീഡിയോ വൈറലായെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ. സംഗതി സത്യമാണ്. സോഷ്യൽമീഡിയയിൽ സദാസമയവും മുങ്ങിത്തപ്പുന്നവർ ഖാബി ലെയിമിന്റെ വിഡിയോകൾ കാണാതിരിക്കാൻ വഴിയില്ല. ഒരക്ഷരം പോലും മിണ്ടാതെ ഖാബിയുടെ വീഡിയോകൾക്ക് മില്യൺ കണക്കിന് ഫോളോവേഴ്സാണുള്ളത്. ഒന്നും സംസാരിക്കുന്നില്ലെന്ന് കരുതി ഖാബിക്ക് സംസാരശേഷിയില്ലെന്ന് കരുതരുത്. വീഡിയോകളിൽ മാത്രമാണ് ഖാബി സംസാരിക്കാത്തത്. എന്തുകൊണ്ട് വീഡിയോകളിൽ ഒരക്ഷരം പോലും ഉരിയാടുന്നില്ലെന്ന് ചോദിച്ചാൽ അത് തന്റെ സ്റ്റൈലാണെന്ന് ഖാബി പറയും.

ചിരിയും ചിന്തയും പകരുന്നവയാണ് ഖാബിയുടെ വീഡിയോകളെന്ന് അറിയുമ്പോൾ കൗതുകം ഇരട്ടിക്കും. ഇപ്പോഴിതാ ടിക്ടോക്കിൽ 100 മില്യൻ (10 കോടി) ഫോളോവേഴ്സ് തികച്ചിരിക്കുകയാണ് ഈ വൈറൽ താരം.

ഒരക്ഷരം പോലും സംസാരിക്കാതെയാണ് ഖാബിയുടെ വീഡിയോകളെല്ലാം പുറംലോകത്തെത്തുന്നത്. പക്ഷേ, എന്നിട്ടും ആരാധകർക്ക് മാത്രം കുറവില്ല. അത്രയും രസകരമാണ് സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ആ വീഡിയോകളെന്ന് സാരം. മുഖത്ത് തെളിയുന്ന ഭാവങ്ങളും ശരീരം കൊണ്ടുള്ള ആംഗ്യങ്ങളും മാത്രമാണ് ഖാബിയുടെ വീഡിയോകളിൽ നിറഞ്ഞു നിൽക്കുന്നത്.
ഖബാനി ലെയിം എന്ന ഇരുപത്തൊന്നുകാരൻ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിറഞ്ഞു നിൽക്കുന്നത് ഖാബി എന്ന പേരിലാണ്. ഇറ്റലിയാണ് സ്വദേശമെങ്കിലും ഖാബിയുടെ വീഡിയോകൾ ലോകം മുഴുവൻ വ്യാപിക്കുകയാണ്. ടിക്ടോക്കിൽ അക്കൗണ്ട് തുടങ്ങി 17 മാസം പിന്നിടുമ്പോഴാണ് 10 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഈ നേട്ടത്തിലെത്തുന്ന യൂറോപ്പിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും വ്യക്തിയായി ഖാബി മാറി.

'ഒരു വാക്ക് പോലും ഉച്ചരിക്കാതെ ഖാബി ലെയിം ടിക്ടോക്കിൽ 100 മില്യൻ ഫോളോവേഴ്സിനെ നേടിയിരിക്കുന്നു. അഭിനന്ദനങ്ങൾ ഖാബി. ആളുകളെ ചിരിപ്പിക്കുക എന്ന നിങ്ങളുടെ ലക്ഷ്യവും ക്രിയാത്മകതയും ടിക്ടോക്കിലെ എല്ലാവരും ഇഷ്‌ടപ്പെടുന്ന ഒന്നാണ് ' ഖാബിയെ അഭിനന്ദിച്ച് ടിക്ടോക് പോസ്റ്റ് ചെയ്‌ത കുറിപ്പ് ഇങ്ങനെയായിരുന്നു. നിലവിൽ ടിക്ടോക്കിൽ 107.7 മില്യൺ ഫോളേവേഴ്സാണ് ഖാബിക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കക്കാരി ചാർലി ഡി അമേലിയോ എന്ന 17കാരിക്ക് 123.4 മില്യൻ ഫോളോവേഴ്സുണ്ട്.
2020 മാർച്ച് മാസത്തിലാണ് ഖാബി ടിക്ടോക്കിൽ ആദ്യത്തെ വിഡിയോ പങ്കുവയ്‌ക്കുന്നത്. ചെറുപ്പം മുതലേ മറ്റുള്ളവരെ ചിരിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്നുവെന്നു പറയുന്ന ഖാബി അത് ആളുകളിലേക്ക് എത്താൻ അവസരം ഒരുക്കിയതിന് ടിക്ടോക്കിന് നന്ദിയും അറിയിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIQUE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.