SignIn
Kerala Kaumudi Online
Tuesday, 30 November 2021 2.38 AM IST

കുറുവ സംഘം ഭയന്ന് നാട് വലവിരിച്ച് പൊലീസ്

kuruva

'കുറുവ' സംഘം എന്നു കേൾക്കുമ്പോഴേ വിറയ്ക്കുകയാണ് അതിർത്തി ഗ്രാമങ്ങൾ. ആളുകളെ ഭീകരമായി ആക്രമിച്ച് കവർച്ച നടത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഈ കൊള്ളസംഘങ്ങൾ പാലക്കാടിന് പുറമേ കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിലേക്കും എത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ എലത്തൂർ പൊലീസ് സ്‌റ്റേഷനിൽ മാത്രം രണ്ട് കേസുകളാണ് ഈ സംഘങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വലിയൊരു സംഘമാണ് വടക്കൻ മലബാർ ലക്ഷ്യമാക്കി എത്തിയിട്ടുള്ളതെന്നും പൊലീസ് പറയുന്നു.

കുറച്ച് മാസം മുമ്പ് വരെ കേരളത്തിന് ഈ പേര് അപരിചിതമായിരുന്നു. ഇപ്പോഴും സംഘത്തെക്കുറിച്ചും പ്രവർത്തനശൈലിയെക്കുറിച്ചും വ്യക്തതക്കുറവുണ്ട് സമൂഹത്തിന്. അതുകൊണ്ട് തന്നെ ഇതിനോടകം പല കഥകളും പ്രചരിക്കുന്നുണ്ട്.

ആരാണ് കുറുവ സംഘം?

ഒരു സമുദായമോ സമൂഹമോ അല്ല, ആക്രമണവും കവർച്ചയും തൊഴിലാക്കിയ വ്യക്തികളുടെ ഒരു കൂട്ടം മാത്രമാണ് കുറുവ സംഘം. പഠിച്ച കള്ളന്മാർ. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമങ്ങളാണ് ഇവരുടെ കേന്ദ്രം. കരുത്തുറ്റ ആളുകളുടെ കൂട്ടമെന്ന നിലയിലാണ് തമിഴ്നാട് ഇന്റലിജൻസ് സംഘം ഈ കവർച്ചാ സംഘത്തിന് കുറുവ സംഘമെന്ന പേര് നൽകിയത്. നാളിതുവരെ തമിഴ്നാട്ടിൽ മാത്രമാണ് കവർച്ച നടത്തിയിരുന്നതെങ്കിലും ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വേട്ട വ്യാപിപ്പിച്ചിരിക്കുകയാണ്.

മാസങ്ങൾക്ക് മുമ്പ് സംസ്ഥാന അതിർത്തിയിൽ വാളയാറിനോടു ചേർന്ന ചാവടി, മധുക്കര മേഖലയിൽ ഈ സംഘമെത്തിയിരുന്നു. ഇത് തമിഴ്നാട് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

പരിക്കേല്‌പിക്കുന്നത് ഹരം

അത്യന്തം അപകടകാരികളാണ് കുറുവ സംഘം, നാല്‌‌പതും അൻപതും അംഗങ്ങളുള്ള സംഘമായാണ് ഇവർ മോഷണത്തിനിറങ്ങുക. ആയോധന കലകൾ പയറ്റിത്തെളിഞ്ഞ ഇവർ മോഷണ ശ്രമത്തിനിടെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരെ നിഷ്കരുണം കൊലപ്പെടുത്തുകയോ മാരകരീതിയിൽ മുറിവേല്‌പിക്കുകയോ ചെയ്യും. കൊള്ളസംഘത്തിൽ 19 മുതൽ 59 വയസ് വരെയുള്ളവരുണ്ട്. പണവും സ്വർണവും തട്ടിയെടുക്കാൻ എന്ത് അക്രമവും നടത്തുമെന്നാണ് ഈ സംഘത്തെക്കുറിച്ചുള്ള തമിഴ്നാട് ഇന്റലിജൻസ് റിപ്പോർട്ട്. ഇരുമ്പുദണ്ഡും കുന്തവും വാളും അരിവാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണു കവർച്ചയ്ക്കെത്തുക. വലതും ചെറുതുമായ കവർച്ചാ സംഘങ്ങൾ തിരുച്ചിറപ്പള്ളി ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങളിൽ ഇപ്പോഴും സജീവമാണ്.

കേരളത്തിൽ 100ഓളം കേസുകൾ

വർഷങ്ങൾക്കു മുമ്പ് കുറുവസംഘം കേരള പൊലീസിന്റെ വലയിലായിട്ടുണ്ട്. 2008ൽ ഒറ്റപ്പാലം അമ്പലപ്പാറയിൽ നിന്ന് പത്തിലധികം ആളുകളെ പിടികൂടിയിരുന്നു. അതായിരുന്നു ആദ്യ സംഭവം. ശേഷം, മലപ്പുറം മക്കരപറമ്പിൽനിന്ന് 2010ൽ മറ്റൊരു സംഘത്തെയും അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ഇവർ ഇന്ന് എവിടെയാണെന്ന് പൊലീസിനു പോലും കൃത്യമായ ഉത്തരമില്ല. കഴിഞ്ഞയാഴ്ച ആലത്തൂർ പൊലീസിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ പിടികൂടിയിരുന്നു. അതാണ് ഒടുവിലത്തെ സംഭവം. തമിഴ്നാട്ടിലെ വിഴിപ്പുറം, കല്ലക്കുറുച്ചി സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാക്കൾ പരുത്തിവീരൻ, കൃഷ്ണൻ, വീരൻ എന്നിവർ അന്ന് അറസ്റ്റിലായവരിൽ ഉൾപ്പെട്ടിരുന്നു. ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ 50 ലധികം കേസുകളുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംസ്ഥാനത്താകെ നൂറോളം കേസുകളും.

എണ്ണ തേച്ച് മിനുക്കിയ ശരീരം

പകൽ സമയത്ത് അമ്മികൊത്ത്, ആക്രി പെറുക്കൽ, വസ്ത്ര വ്യാപാരം എന്നീ വ്യാജേന മോഷണത്തിനുള്ള വീടുകളും കടകളും കണ്ടുവെച്ച് രാത്രിയിൽ മാരകായുധങ്ങളുമായി കവർച്ചയ്‌ക്കിറങ്ങും. ശരീരം മുഴുവൻ എണ്ണ തേച്ചാവും മോഷണത്തിനിറങ്ങുക. വീടുകളുടെ മുൻവാതിൽ ആയുധങ്ങൾകൊണ്ട് തകർത്താണ് അകത്ത് കയറുക. മോഷണം നടത്തി വേഗത്തിൽ തിരിച്ചു പോകുന്നതാണ് രീതി. പിന്നീട് കുറേ ദിവസത്തേക്ക് മൊബൈൽ ഫോൺ ഓഫാക്കി കമ്പം, തേനി, തഞ്ചാവൂർ, ആനമല പ്രദേശങ്ങളിൽ തമ്പടിക്കും. അത് കഴിഞ്ഞാൽ അടുത്ത സംഘമെത്തും. പിടക്കപ്പെട്ടാൽ സംഘാംഗങ്ങളെ ഒറ്റിക്കൊടുക്കാതെ ഇവർ പിടിച്ചുനില‌്ക്കും.

തിരുട്ട് ഗ്രാമം

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് സമീപമാണ് തിരുട്ട് ഗ്രാമം. ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടും കൂടി മോഷണം നടത്തുന്നവരുടെ നാട്. ഗ്രാമത്തിന്റെ മുഴുവൻ ചുമതല മൂപ്പനാണ്. കവർച്ചാ സംഘങ്ങൾ പിടിക്കപ്പെട്ട് ജയിലിലായാലും ബന്ധുക്കൾ പട്ടിണിയിലാകില്ല. അവരുടെ കുടുംബത്തെ നോക്കേണ്ട ചുമതലയും ജയിലിൽ നിന്ന് ഇറക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടതും മൂപ്പനാണ്. തിരുട്ട് ഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ് ഓരോ സംഘവും കവർച്ചയ്ക്ക് എത്തുന്നത്. ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പപ്പോൾ ഗ്രാമത്തിലേക്ക് കൈമാറും. അവിടെനിന്നും ഇടപെടലുകൾ നടത്തിയാണ് നിയമ സഹായമുൾപ്പെടെ നല്‌കുക. കവർച്ചനടത്തി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം മൂപ്പനെ ഏല്‌പ്പിക്കണം. ഈ തുക ഉപയോഗിച്ചാണ് കവർച്ചയ്ക്കിടെ ജയിലിലാകുന്ന കുടുംബങ്ങളെ സഹായിക്കുന്നത്. അങ്ങനെ ചെയ്യാത്തവരെ ഗ്രാമത്തിലേക്ക് അടുപ്പിക്കുകയോ അവരുടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയോ ചെയ്യില്ല. കുടുംബത്തിലെ ഒരംഗം ജയിലിലായാൽ പകരം മറ്റൊരംഗം മോഷണമേഖലയിലേക്ക് സജീവമാകണമെന്ന നിബന്ധനയും ഈ ഗ്രാമത്തിലുണ്ട്.

അപകട മരണങ്ങൾക്ക് പിന്നിലും ഇവരോ?

തമിഴ്നാട്ടിലെ പല അപകടമരണങ്ങൾക്കു പിന്നിലും ഇത്തരം കവർച്ചാ സംഘങ്ങളാണെന്ന ആരോപണം ശക്തമാണ്. 'തിരുട്ടു ഗ്രാമങ്ങൾ' സ്ഥിതി ചെയ്യുന്ന പരിസരങ്ങളിൽ അപകട മരണങ്ങൾ വർദ്ധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതാണ് അപകടമരണങ്ങൾക്ക് പിന്നിൽ ഈ സംഘങ്ങളാണോയെന്ന സംശയത്തെ ബലപ്പെടുത്തുന്നത്. കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് ദിവസേന നിരവധിയാളുകളാണ് കുടുംബത്തോടൊപ്പം തീർത്ഥയാത്രയ്ക്ക് പോകുന്നത്. ഇവരുടെ കൈവശം ധാരാളം പണമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. സ്ത്രീകൾ പൊതുവെ സ്വർണം ധരിക്കുമെങ്കിലും അപകടസ്ഥലത്തുനിന്ന് ഇവയൊന്നും ഉറ്റവർക്ക് തിരികെ കിട്ടുന്നില്ലെന്ന ആക്ഷേപവും സംശയം വർദ്ധിപ്പിക്കുന്നുണ്ട്. ഇത്തരം അപകട മരണങ്ങളിൽ എഫ്‌.ഐ.ആറിൽ 'ഡ്രൈവറുടെ അശ്രദ്ധ മൂലം സംഭവിച്ച അപകടം' എന്നെഴുതി അവസാനിപ്പിക്കുന്നതാണു തമിഴ്നാട് പൊലീസിന്റെ പതിവ്. സ്വർണവും മറ്റ് വിലയേറിയ ആഭരണങ്ങളും എവിടെപ്പോയെന്ന് അന്വേഷിക്കാൻ പൊലീസ് തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്. അപകടകാരികളായ ഇത്തരക്കാർ കേരളത്തിലെത്തിയത് വലിയ ആശങ്കയോടെയാണ് ജനം കാണുന്നത്. രാത്രികാല പട്രോളിംഗ് ഉൾപ്പെടെ ശക്തമാക്കി കേരള പൊലീസ് ഇവരെ വലയിലാക്കുമെന്ന് പ്രതീക്ഷിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PALAKKADU DIARY, KURUVA GANG
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.