SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.32 PM IST

ഹോട്ടലുടമയുടെ ആത്മഹത്യ

kk

കൊവിഡ് രോഗബാധ തുടങ്ങിയതിനുശേഷം സാമ്പത്തിക ബാദ്ധ്യത താങ്ങാനാവാതെ നിരവധിപേർ കേരളത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. എന്നാൽ ഒരാളെ അതിലേക്ക് തള്ളിവിടുന്ന കാരണങ്ങൾ ഒരു വലിയ പരിധിവരെ അധികാരികളുടെയും പൊതുപ്രവർത്തകരുടെയും അയൽക്കൂട്ടങ്ങളുടെയും മറ്റും സമയോചിതമായ ഇടപെടലിൽ ഒഴിവാക്കാനാവുമെന്ന വസ്തുത കണക്കിലെടുക്കാതിരിക്കരുത്.

മഹാമാരിയുടെ തുടക്കം മുതൽ ലോക്ഡൗൺ എന്ന പ്രതിസന്ധിയും നമുക്ക് സഹിക്കേണ്ടി വന്നു. ഒരു സുപ്രഭാതത്തിൽ ജീവിതമാർഗം മുട്ടിയാൽ സാധാരണക്കാർ പകച്ചുപോകുക സാധാരണമാണ്.

ഒറ്റയ്ക്ക് തോണിതുഴഞ്ഞ് ചെറുകുടുംബങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി പേരുള്ള നാടാണ് നമ്മുടേത്. വിദേശത്തേക്ക് പോകാതെ സ്വന്തം നാട്ടിൽ പിടിച്ചുനില്‌ക്കുന്ന, സർക്കാർ ജോലിയില്ലാത്തവരിൽ അധികവും ജീവിതോപാധിക്ക് ചെറിയ മാർഗങ്ങളാണ് കണ്ടുപിടിക്കുന്നത്. അതിലൊന്നാണ് മെെക്ക് സെറ്റ് വാടകയ്ക്ക് കൊടുക്കൽ. അങ്ങനെയുള്ളവരുടെ തലയിലാണ് കൊവിഡ് ഇടിത്തീപോലെ ആദ്യം വീണത്. മഹാമാരിയുടെ തുടക്കകാലത്ത് കേരളത്തിലേറ്റവും കൂടുതൽ ആത്മഹത്യ ചെയ്തത് ഇവരായിരുന്നു.

രണ്ടു വർഷത്തോളമായി തുടരുന്ന മഹാമാരിയുടെ താണ്ഡവം കുറഞ്ഞു തുടങ്ങുന്ന ഈ ഘട്ടത്തിൽ ചെറുകിട റിസോർട്ടുകളും റസ്റ്റോറന്റുകളും നടത്തിയിരുന്നവരുടെ ആത്മഹത്യാ വാർത്തകളാണ് കൂടുതലും കേൾക്കുന്നത്. ഏറ്റവും ഒടുവിൽ വന്നത് കോട്ടയം കുറിച്ചിയിൽ വിനായക എന്ന ചെറിയ ഹോട്ടൽ നടത്തിയിരുന്ന സരിൻ മോഹന്റെ ആത്മഹത്യാ വാർത്തയാണ്. തന്റെ മരണത്തിന്റെ ഉത്തവാദിത്തം സർക്കാരിന്റെ അശാസ്ത്രീയ ലോക്ഡൗൺ നയമാണെന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടാണ് ആ യുവാവ് ജീവനൊടുക്കിയത്. ബിവറേജസ് തുറക്കുകയും ബസിൽ യാത്രചെയ്യാൻ അനുവദിക്കുകയും മാളുകൾ തുറക്കുകയും ചെയ്തപ്പോൾ പോലും റസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കാതിരുന്നത് അനീതിയാണെന്ന് ആ യുവാവ് ചൂണ്ടിക്കാട്ടിയത് ആർക്കും അവഗണിക്കാനാവില്ല. കഴിഞ്ഞുപോയത് സർക്കാരിനെന്നല്ല ആർക്കും തിരുത്താനാകില്ല. ഭാവിയിലെങ്കിലും ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ അത് എത്രപേരെ എങ്ങനെ ബാധിക്കുമെന്നത് കൂടി കണക്കിലെടുക്കാൻ തീരുമാനങ്ങളെടുക്കുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ ഓരോ ജില്ലകളിലും നൂറുകണക്കിന് ചെറിയ ഹോട്ടലുകൾ പൂട്ടിപ്പോയി. പലരും കടക്കെണിയിലാണ്. അവരെ ഇപ്പോൾ അലട്ടുന്ന ഏറ്റവും വലിയപ്രശ്നം പലിശയ്‌ക്ക് പണം നൽകിയവരുടെ വിരട്ടലാണ്. ഒരു സാവകാശവും നൽകാതെ അവർ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തും. പണത്തിന്റെ പ്രശ്നമായതിനാൽ ഇതിൽ പൊതുപ്രവർത്തകരും ഇടപെടാൻ മടിക്കുന്നു. കൊവിഡ്ക്കാലത്തും ഇവിടെ അഴിമതിക്കൊന്നും ഒരു കുറവുമില്ലായിരുന്നു.

ഇങ്ങനെ സമ്പാദിക്കുന്ന അഴിമതിപ്പണത്തിന്റെ ഒരു വലിയ പങ്കാണ് ഗുണ്ടകളുമായുള്ള അവിശുദ്ധബന്ധത്തിലൂടെ കറങ്ങിത്തിരിഞ്ഞ് പലിശക്കാശായി സമൂഹത്തിൽ എത്തുന്നത്. പലിശയ്ക്ക് പണം നല്‌കുന്നവരുടെ ഭീഷണി പൊലീസ് സമയോചിതമായി ഇടപെട്ടാൽ വലിയൊരു പരിധിവരെ തടയാൻ കഴിയും. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഓപ്പറേഷൻ കുബേര എന്ന് പേരിട്ട് നടത്തിയ ഇടപെടലിലൂടെ നിരവധി പലിശക്കാരെ കുറച്ചുകാലത്തേക്കെങ്കിലും ഒതുക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ അവരെല്ലാം വീണ്ടും തലപൊക്കി പൂർവാധികം ശക്തിപ്രാപിച്ച മട്ടാണ്. പലിശയ്ക്ക് പണം നല്കിയിരുന്നവർ വീട്ടിൽക്കയറി ആത്മഹത്യയുടെ തലേന്നും ഭീഷണിപ്പെടുത്തിയിരുന്നതായി സരിൻ മോഹന്റെ ഭാര്യ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയും ആ കുടുബത്തിന് സർക്കാർ സഹായം ലഭ്യമാക്കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.