SignIn
Kerala Kaumudi Online
Thursday, 25 April 2024 12.20 PM IST

തമിഴ്നാട് എന്തുകൊണ്ട് നീറ്റിനെ എതിർക്കുന്നു? കേരളത്തിലെ സ്‌റ്റേറ്റ് സിലബസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത്

neet-

തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഡി എം കെയുടെ മുഖ്യ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മെഡിക്കൽ പ്രവേശനത്തിനു വേണ്ടിയുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നിർത്തലാക്കുക എന്നത്. നീറ്റ് നിലവിൽ വന്നതിനു ശേഷം ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഈ പരീക്ഷയിൽ പിന്തള്ളപ്പെട്ടുപോകുന്നു എന്നത് ഡി എം കെ വളരെകാലമായി ഉന്നയിക്കുന്ന പ്രശ്നം ആയിരുന്നു. എന്നാൽ അധികാരത്തിൽ എത്തിയ ഉടനെ ചാടിക്കയറി ഒരു ബിൽ പാസാക്കി നീറ്റ് റദ്ദാക്കുകയല്ല തമിഴ്നാട് ചെയ്തത്. മദ്രാസ് ഹൈക്കോടതി മുൻ ജസ്റ്റിസ് എ കെ രാജന്റെ നേതൃത്വത്തിൽ ഒരു പാനലിനെ നിയമിക്കുകയും നീറ്റ് പരീക്ഷയെ കുറിച്ച് വിശദമായ ഒരു പഠനം നടത്തുകയുമാണ് എ കെ സ്റ്റാലിൻ സർക്കാർ ചെയ്തത്. ആ പഠനത്തിൽ ഉരുതിരിഞ്ഞു വന്ന കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി നീറ്റ് പരീക്ഷ വേണ്ടെന്നു വയ്ക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയുമായിരുന്നു.

നീറ്റ് പരീക്ഷ തമിഴ്നാട് വേണ്ടെന്നു വച്ചു എന്നതിലുപരി അതിനുള്ള കാരണമാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ചർച്ച ചെയ്യേണ്ടത്. 165 പേജുള്ള എ കെ രാജൻ റിപ്പോർട്ട് കഴിഞ്ഞ മാസം 20നാണ് തമിഴ്നാട് സർക്കാർ പുറത്തു വിടുന്നത്. നീറ്റ് നിലവിൽ വന്നതിനു ശേഷം ഗ്രാമപ്രദേശങ്ങളിൽ നിന്നും മെഡിക്കൽ പഠനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകൾ നിരത്തി റിപ്പോർട്ട് പറയുന്നു. ഇതിനു പുറമേ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ പിന്നോക്ക വിദ്യാർത്ഥികളുടെ എണ്ണത്തിലും 11.2 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളത്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് സമൂഹത്തിലെ ഉന്നതരായവരുടെയോ സാമ്പത്തിക ഭദ്രതയുള്ളവരുടെയോ മക്കളാണ് കൂടുതലും നീറ്റ് എന്ന കടമ്പ മറികടക്കുന്നതെന്നാണ്. ഈയൊരു സാഹചര്യം തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ മേഖലയേയും സാരമായി ബാധിക്കുമെന്ന് സർക്കാർ കണക്കു കൂട്ടുന്നു.

മുകളിൽ പറയുന്ന കണക്കുകൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വളരെ ഗൗരവമായി എടുക്കേണ്ട വസ്തുതയാണ്. 2019ലെ നീറ്റ് റിസൾട്ട് വന്നപ്പോൾ ആദ്യ 50 റാങ്കുകളിൽ ഒന്നിൽ പോലും പിന്നോക്ക വിഭാഗത്തിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഇല്ലായിരുന്നു.

പ്ലസ്ടു മാർക്കിനെ തഴയുന്ന നീറ്റ് പരീക്ഷ, വളരെ കൃത്യമായി എങ്ങനെയാണ് സി ബി എസ് ഇ, ഐ സി എസ് ഇ സിലബസുകൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌‌കൂളുകളിലെ കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിൽ കിട്ടാവുന്ന പരീക്ഷയായി മാറിയത്. കൂടാതെ സംസ്ഥാന ബോർഡിൽ നിന്നും പാസാവുന്ന വിദ്യാർത്ഥികളുടെ എണ്ണം ആശങ്കജനകമാം വിധം താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് കമ്മിറ്റി കണക്കുകൾ സഹിതം കാണിക്കുന്നുണ്ട്. നീറ്റ് പരീക്ഷ എഴുതുന്നവരിൽ പാസാവുന്ന തമിഴ് മീഡിയം കുട്ടികളുടെ ആകെ ശതമാനം ഒന്നിൽ താഴെ മാത്രമാണ്. ഈ വർഷം മുതൽ മലയാളത്തിൽ നീറ്റ് എഴുതാമെന്നിരിക്കെ അതിന്റെ കണക്കുകൾ വരാനിരിക്കുന്നതേയുള്ളൂ.

മലയാളം മീഡിയം സ്‌ക്കൂളുകളിലും സർക്കാർ സ്‌ക്കൂളുകളിലും പഠിക്കുന്ന എത്ര വിദ്യാർത്ഥികൾ ഈ പരീക്ഷ പാസാവുന്നുണ്ട് എന്നത് കേരള സർക്കാരും പരിശോധിക്കേണ്ടതാണെന്ന് ബാംഗ്ലൂർ ക്രൈസ്റ്റ് സർവകലാശാലയിലെ സോഷ്യോളജി അദ്ധ്യാപകനായ ഡോ രാജീവ് കുമരംകണ്ടത്ത് പറയുന്നു.

കുറച്ചു നാളത്തെ കണക്കുകൾ പരിശോധിച്ചാൽ, ഡിഗ്രി പഠനത്തോടൊപ്പം നീറ്റിന് വേണ്ടി തയ്യാറെടുത്ത വിദ്യാർത്ഥികളാണ് ഉയർന്ന റാങ്കുകൾ കരസ്ഥമാക്കിയിട്ടുള്ളത്. അതായത് ചെലവേറിയ എൻട്രൻസ് കോച്ചിംഗിനോടൊപ്പം ഡിഗ്രി പഠനവും നടത്താൻ സാമ്പത്തികമായി ശേഷിയുള്ളവരുടെ മക്കളാണ് കൂടുതലും ഈ രംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്. ഇത് സമൂഹത്തിൽ സൃഷ്ടിക്കുന്ന അസമത്വം കൂടുതൽ പഠനങ്ങൾക്കു വിധേയമാക്കേണ്ടതുമാണ്. തമിഴ്നാട് തുടങ്ങിവച്ച ഈ ചർച്ച കേരളം പോലെ പുരോഗമന ആശയങ്ങളുള്ള ഒരു സംസ്ഥാനം ഏറ്റെടുത്ത് നീറ്റിന് ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, NEET, TAMILNADU, KERALA, ENTRANCE EXAM, MBBS, MEDICAL STUDY, MK STALIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.