SignIn
Kerala Kaumudi Online
Friday, 03 December 2021 2.59 PM IST

ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ

photo

ഒരിക്കൽ കൂടി മണ്ണിടിച്ചിലിൽ കണ്ണീർക്കയമായി കേരളം. മുണ്ടക്കയത്തിനു ചുറ്റുമുള്ള മലയോരമേഖലകളിൽ രക്ഷകരായി ജനങ്ങളും ഫയർഫോഴ്സും മറ്റു രക്ഷാസേനകളും സേവകരും എത്തി. ദുർഘട സാഹചര്യങ്ങളിൽ തടസങ്ങൾ നീക്കി സ്ഥലത്തെത്തി മണിക്കൂറുകളും ദിവസങ്ങളും നീണ്ട തിരച്ചിലുകൾക്കൊടുവിൽ കണ്ണീരുണങ്ങിയാലും ഉള്ളിലെ മുറിവുണങ്ങാത്ത അവസ്ഥ. ഓരോ വർഷവും ദുരന്തങ്ങൾ ആവർത്തിക്കുന്ന ഒന്നായി നമ്മുടെ മഴക്കാലം മാറിക്കൊണ്ടിരിക്കുന്നു. 2021 ഒക്‌ടോബർ 16 ന് പുലരുന്നതിനു മുൻപുതന്നെ ഇടിമിന്നലോടു കൂടിയ മഴയും കറുത്തമാനവും ഉള്ളിൽ ആശങ്ക പടർത്തിയിരുന്നു. 2018 നെ അപേക്ഷിച്ച് ഫയർഫോഴ്സിനു ഡിങ്കികൾ മറ്റുപകരണങ്ങൾ സ്‌കൂബ ടീമുകൾ ഇവയൊക്കെയുണ്ട്. സിവിൽ ഡിഫൻസ് അംഗങ്ങളുണ്ട്. എല്ലാം റെഡിയാക്കി നിറുത്തി. പിന്നീടെത്തിയത് കൂട്ടിക്കലിൽ നിന്നുള്ള നടുക്കുന്ന വിവരം. സംഭവസ്ഥലത്തേക്കു പോയ ഫയർഫോഴ്സ് ടീമിന് അവിടെ നിന്നും വിവരങ്ങളൊന്നും വിളിച്ചു പറയാനാകാത്ത അവസ്ഥ. തടസങ്ങൾ നീക്കി സ്ഥലത്തെത്തി തിരച്ചിൽ നടത്തിയ കഥ എന്റെ സേനാംഗങ്ങൾക്ക് എന്നോടു നേരിട്ടു വിവരിക്കാനായത് 19 ന് രാവിലെ ഞാൻ കൂട്ടിയ്ക്കലിൽ എത്തുമ്പോഴാണ്. അവരിൽ ചിലർ തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന ആറ്റിൽനിന്ന് സ്‌കൂബാ ഡ്രസിൽ കയറിവന്നാണ് കാര്യങ്ങൾ പറഞ്ഞത്. അവരുടെ സേവനത്തിൽ എനിക്കഭിമാനമുണ്ട്.

സംഭവസ്ഥലത്ത് മണ്ണും മരവും മറ്റും നീക്കം ചെയ്ത് എത്തിപ്പെടാനുള്ള വിഷമം മണ്ണിടിച്ചിൽ സ്ഥലങ്ങളിലെ രണ്ടാം ദുരന്തമാണ്. ഉറ്റവരെ നഷ്ടപ്പെട്ട വേദന. ദുരിതാശ്വാസ ക്യാമ്പുകളിലെ ജീവിതം ഇതൊക്കെ തുടർക്കഥയാകുമ്പോൾ നമ്മുടെ നാട് ദുരന്തസാദ്ധ്യതാ പ്രദേശമായി മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം വെളിപ്പെടുന്നു. ജിയോളജിസ്റ്റുകൾ, ജിയോഫിസിസ്റ്റുകൾ, ഹൈഡ്രോളജിസ്റ്റുകൾ, പരിസ്ഥിതി ശാസ്ത്രജ്ഞർ, മണ്ണുവിദഗ്ദ്ധർ കാലാവസ്ഥാ ശാസ്ത്രജ്ഞർ, ആക്ടിവിസ്റ്റുകൾ, സാധാരണക്കാർ, ഭരണാധികാരികൾ എന്നിവരുടെയെല്ലാം അഭിപ്രായങ്ങൾക്ക് അതിന്റേതായ പ്രാധാന്യമുണ്ട്.

ഉറവകളും നീർച്ചാലുകളും തടസപ്പെടുത്തി വലിയ ഭിത്തികളും കെട്ടിടങ്ങളും പണിയുമ്പോൾ വെള്ളം എങ്ങനെ ബോംബായി മാറുമെന്ന് ഹൈഡ്രോളജിസ്റ്റ് പറയും. റബർ പോലെയുള്ള വേരോട്ടം അധികമില്ലാത്ത മരങ്ങൾ നിറഞ്ഞ തോട്ടങ്ങൾ, മണ്ണുവെട്ടിമാറ്റൽ ഇവയൊക്കെ മണ്ണിന്റെ ഘടനയെ എങ്ങനെ മാറ്റുമെന്ന് മണ്ണ് ശാസ്ത്രജ്ഞനറിയാം. മണ്ണിന്റെ ഉറപ്പിനെക്കുറിച്ച് അവർ തിട്ടപ്പെടുത്തും. മലഞ്ചെരിവുകളിൽ പാറകൾ ഖനനം ചെയ്യുമ്പോൾ അതിന്റെ ആഘാതം എത്രമാത്രം ഉണ്ടായേക്കാമെന്ന് ജിയോളജിസ്റ്റ് പറയും. കാട് വെട്ടിത്തെളിയ്ക്കുമ്പോൾ അത് പരിസ്ഥിതിയെ എപ്രകാരം ബാധിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർക്ക് നന്നായറിയാം. കാലാവസ്ഥാ വ്യതിയാനം എങ്ങനെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തപനവും ചുഴലിക്കാറ്റുകളും സൃഷ്ടിക്കുന്നു എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയും.

കോൺക്രീറ്റ് വീടുകളും മലയിലേക്കു കുത്തനെയുള്ള റോഡുകളും മലമുകളിൽ വാട്ടർടാങ്കും കുളവും മറ്റുമുണ്ടാക്കാനോ തോട്ടങ്ങൾക്കായി മലഞ്ചെരിവുകൾ വെട്ടിനിരത്താനോ പൈസയുണ്ടാക്കാനായി പാറ ഖനനം ചെയ്യാൻ അതിഭീകര സ്‌ഫോടനങ്ങളുണ്ടാക്കാനോ പ്ലാസ്റ്റിക്കും മാലിന്യവും വലിച്ചെറിഞ്ഞ് നദികൾ മലിനമാക്കാനോ നദിയിലേക്കിറക്കി കെട്ടിടങ്ങൾ പണിയാനോ നാം മടിക്കുന്നില്ല. മലനാടും ഇടനാടും തീരപ്രദേശവും ഒരുപോലെ കനത്ത കോൺക്രീറ്റ് കാടാക്കി നാം മാറ്റി.

ജനസാന്ദ്രത ഏറെയുള്ള നമ്മുടെ നാട്ടിൽ വികസനസ്വപ്നങ്ങൾ എങ്ങനെ ദുരന്തങ്ങൾക്കു കാരണമായി എന്നന്വേഷിച്ച് നാം ഒരുപാടു ഓടേണ്ടതില്ല. കോൺക്രീറ്റ് കാടുകൾ ഇനിയും പണിയാൻ നമുക്ക് ഭൂമിയില്ല. പാറയും മണലും ഉപയോഗിക്കാത്ത നിർമ്മാണരീതികൾ വികസിപ്പിച്ചേ മതിയാകൂ. ജനങ്ങളുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും വിരുദ്ധമായി കർക്കശ നിലപാടെടുക്കാൻ ജനാധിപത്യസംവിധാനത്തിൽ ആർക്കാണു കഴിയുക? നാം ശാസ്ത്രസത്യങ്ങളെ അംഗീകരിക്കുകയും സമഗ്രമായ ശാസ്ത്രീയ പഠനങ്ങളിലൂടെ നമ്മുടെ അഭിലാഷങ്ങൾ പരിസ്ഥിതി ആഘാതമേല്‌പ്പിക്കാതെ പൂർത്തീകരിക്കാനാകുന്ന വിധത്തിലുള്ള ഭൂവിനിയോഗ നിർമ്മാണരീതികളിലേക്ക് ചുവടുമാറ്റുകയും വേണം. ഇന്റർഡിസിപ്ലിനറി റിസർച്ച് ടീമുകളെ ഉൾപ്പെടുത്തി ഉത്തരവാദപ്പെട്ട ഭരണ സംവിധാനത്തിനു കീഴിൽ കൃത്യമായ സമയത്തു പൂർത്തീകരിക്കുന്ന വിധത്തിൽ കേരളത്തിലെ പ്രകൃതി പ്രതിഭാസങ്ങളെ പഠിച്ച് കാലാവസ്ഥാ പ്രവചനത്തിനും ഭൂവിനിയോഗത്തിനും നിർമ്മാണത്തിനും പുതിയ രീതികൾ നടപ്പിലാക്കണം. സമവായത്തിലൂടെ ഇത്തരം മാതൃകകൾ പൊതുസമൂഹം അംഗീകരിയ്ക്കുന്ന സ്ഥിതിയിലേക്ക് വരണം. ഭൂമി, ജലം ഇവയ്ക്കു പരിധിയും പരിമിതിയുമുണ്ടെന്നു മനസിലാക്കി അവ തോന്നിയതുപോലെ ഉപയോഗിക്കാൻ ആവുകയില്ലെന്ന സത്യം ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകണം. ഭൂമി ഇഷ്ടമുള്ള രീതിയിൽ വെട്ടിമുറിയ്ക്കാനും ഇഷ്ടമുള്ള രീതിയിൽ കെട്ടിടങ്ങളും മതിലുകളും സംരക്ഷണഭിത്തികളും മറ്റും നിർമ്മിയ്ക്കാനും വെള്ളത്തിൽ ഇഷ്ടമുള്ളതൊക്കെ വലിച്ചെറിയാനും ഇഷ്ടമുള്ള രീതിയിൽ ഉറവകളും കാനകളും മൂടിക്കളയാനും സാധിയ്ക്കുമെന്നുള്ള ധാരണ അടുത്ത തലമുറയിലെ കുട്ടികൾക്കെങ്കിലും ഉണ്ടാകാതിരിക്കാനുള്ള വിദ്യാഭ്യാസം കുട്ടികൾക്കു നൽകണം.
ദുരന്തനിവാരണവും പരിസ്ഥിതിയും ഭൂവിനിയോഗവും ജലവിനിയോഗവും ഒരു കുടക്കീഴിൽ വരണം. മണ്ണിടിച്ചിൽ കണ്ടുപിടിക്കാനായി Automated landslide detectionസംവിധാനം നിലവിൽ വരണം. Deep learning approach പോലെയുള്ള മോഡലുകൾ ഉപയോഗിച്ച് remote sensing data വിശകലനം ചെയ്ത് അപ്പപ്പോൾ Landslide and flood hazard ന്റെ high resolution map ലഭ്യമാക്കണം. ഒരു കുടക്കീഴിൽ മേൽപ്പറഞ്ഞ വകുപ്പുകളെല്ലാം വരികയും ഭരണസംവിധാനത്തോട് നേരിട്ട് ഉത്തരവാദിത്തമുള്ളനിലയിൽ വിവിധ ശാസ്ത്രശാഖകളിലെ ശാസ്ത്രജ്ഞർ ഒരുമിച്ച് പ്രവർത്തിക്കുകയും വേണം. നമുക്ക് ഉണർന്നു പ്രവർത്തിക്കാനാകട്ടെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MIZHIYORAM, FLOOD
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.