SignIn
Kerala Kaumudi Online
Friday, 03 December 2021 3.53 PM IST

എന്നവസാനിക്കും ഈ ടിക്കറ്റ് കൊള്ള

flight

പറഞ്ഞും പ്രതിഷേധിച്ചും മടുത്തു, കൊള്ള സഹിക്കുക തന്നെ. ഓഫ് സീസണിലും വിമാന ടിക്കറ്റ് നിരക്കിലെ തീവെട്ടി കൊള്ളയിൽ നിന്ന് രക്ഷയില്ല പ്രവാസികൾക്ക്. സാധാരണഗതിയിൽ വിമാനടിക്കറ്റ് നിരക്ക് ഏറ്റവും കുറയുന്ന സമയമാണിപ്പോൾ. എന്നാൽ നിലവിൽ ടിക്കറ്റ് നിരക്ക് പലയിരട്ടിയാണ് . സെപ്തംബർ 15 മുതൽ ഡിസംബർ വരെയും ജനുവരി 15 മുതൽ മാർച്ച് വരെയും ഗൾഫ് സെക്ടറിൽ ഓഫ് പീക്കായാണ് കണക്കാക്കാറുള്ളത്. ഒക്ടോബറിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത്. എന്നാൽ എയർഇന്ത്യയിലടക്കം ഉയർന്ന ടിക്കറ്റ് നിരക്കാണിപ്പോൾ. ദുബായിൽ വേൾഡ് എക്സ്പോ നടക്കുന്നതാണ് അവിടേക്കുള്ള ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമെന്ന് അംഗീകരിച്ചാൽ പോലും മറ്റിടങ്ങളിലേക്കുള്ള നിരക്ക് എന്തുകൊണ്ട് കുറയുന്നില്ലെന്ന ചോദ്യമാണ് പ്രവാസികൾ ഉയർത്തുന്നത്.

കൊവിഡ് വ്യാപനത്തോടെ വിവിധ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പ്രവാസികളുടെ എണ്ണത്തിൽ മുന്നിലുള്ള ഗൾഫ് രാജ്യങ്ങളും കർശന വിലക്കും നിബന്ധനകളും കൊണ്ടുവന്നു. ഇതോടെ അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾ മാസങ്ങളോളം തിരിച്ചുപോവാനാവാതെ പ്രതിസന്ധിയിലായി. പലർക്കും ജോലി നഷ്ടപ്പെട്ടു. വിസ കാലാവധി തീർന്നവർ മടങ്ങിപോവാൻ കഴിയാതെ നാട്ടിൽ കുടുങ്ങി. ഏത് നിമിഷവും ജോലി നഷ്ടപ്പെടാമെന്ന അവസ്ഥയിലായിരുന്നു ഭൂരിഭാഗം പ്രവാസികളും.

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് മറ്റ് രാജ്യങ്ങളിൽ 14 ദിവസം താമസിക്കുന്നതിലൂടെ മറികടക്കാനാവുമെന്ന തിരിച്ചറിവിൽ പിന്നീട് ഇതു സംബന്ധിച്ച അന്വേഷണത്തിലായി പ്രവാസികൾ. മാലി,​ അർമേനിയ,​ ഉസ്ബക്കിസ്ഥാൻ,​ ഖത്തർ,​ നേപ്പാൾ,​ സെർബിയ,​ എത്യോപ്യ എന്നീ രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈന് ശേഷമാണ് പ്രവാസികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ എത്തിയിരുന്നത്. ഇവിടെയും അവസരം മുതലെടുത്ത് പാക്കേജിന് ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെ ട്രാവൽ ഏജൻസികൾ ഈടാക്കി. ജോലിയും ജീവിതോപാധികളും നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ കടം വാങ്ങിപ്പോലും ടിക്കറ്റെടുത്ത് യാത്ര ചെയ്തവർ നിരവധിയാണ്. ഇതിനും സാധിക്കാതിരുന്നവർ യാത്രാവിലക്ക് പിൻവലിക്കുന്നതും കാത്തുനില്‌പ്പായിരുന്നു. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് ഗൾഫ് രാജ്യങ്ങൾ വിലക്ക് നീക്കിയിട്ട് മാസം മൂന്ന് ആവാറായിട്ടും ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവ് ഇതുവരെ ഉണ്ടായിട്ടില്ല. കേന്ദ്ര സ‌ർക്കാരിന്റെ ശ്രദ്ധയിൽ പ്രവാസി സംഘടനകൾ പലതവണ വിഷയം ഉന്നയിച്ചെങ്കിലും നടപടി ഒന്നുമുണ്ടായില്ല.

എന്തെല്ലാം ചൂഷണങ്ങൾ

ജൂലായിലാണ് ഇന്ത്യക്കാ‌ർക്കുള്ള വിലക്ക് ഖത്ത‌ർ പിൻവലിച്ചത്. ഇതോടെ ഖത്തർ വഴി മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി മുതലെടുത്ത് കേരളത്തിൽ നിന്ന് ഖത്തറിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനകമ്പനികൾ മൂന്ന് മടങ്ങിലേറെ വർദ്ധിപ്പിച്ചു. ഇക്കണോമി ടിക്കറ്റിന് 8,500 രൂപ വരെ ആയിരുന്നത് ഒറ്റയടിക്ക് 40,000 രൂപ വരെയായി ഉയർന്നു. അതേസമയം ഖത്തറിലെ ദോഹയിൽ നിന്ന് കേരളത്തിലേക്ക് 8,745 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമായിരുന്നു. ആഗസ്റ്റ് ആദ്യ വാരത്തിൽ യു.എ.ഇയും ഇന്ത്യക്കാ‌ർക്കുള്ള വിലക്ക് പിൻവലിച്ചു. സൗദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള യു.എ.ഇയിലേക്ക് രണ്ടര മാസത്തെ കാത്തിരിപ്പിന് ശേഷം പ്രവേശനാനുമതി ലഭിച്ചതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്ന് ഇരട്ടിയിലധികമാക്കി. ഏപ്രിൽ 24നാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയിരുന്നത്. പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമോയെന്ന ഭീതിയിൽ എത്രയും പെട്ടെന്ന് യു.എ.ഇയിൽ എത്താനായിരുന്നു പ്രവാസികളുടെ ശ്രമം. ഈ അവസരം മുതലെടുത്താണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്. ദുബായിലേക്ക് 10,000 രൂപയ്ക്കുള്ളിലും അബുദാബിയിലേക്ക് 15,​000 രൂപയ്ക്കുള്ളിലും ടിക്കറ്റ് ലഭിച്ചിരുന്ന സ്ഥാനത്ത് രണ്ടിടത്തേക്കും 30,​000 രൂപയ്ക്ക് മുകളിൽ നൽകേണ്ട അവസ്ഥയായി. കുറഞ്ഞ നിരക്ക് ഈടാക്കാറുള്ള എയർഇന്ത്യ എക്സ്‌പ്രസിലടക്കം 25,​000 രൂപ വരെ നൽകേണ്ടിവന്നു. അതേസമയം തിരിച്ച് കേരളത്തിലേക്ക് 9,500 രൂപയ്ക്ക് ടിക്കറ്റുണ്ടായിരുന്നു.

അടുത്തിടെ പത്ത് ദിവസത്തെ ക്വാറന്റീനും യു.എ.ഇ പിൻവലിച്ചതോടെ വിമാനടിക്കറ്റ് നിരക്ക് പിന്നെയും ഉയർത്തി. യാത്രക്കാർ വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് ടിക്കറ്റ് നിരക്ക് വീണ്ടും ഉയർത്തിയത്. ഏറ്റവും ഒടുവിൽ നാല് മാസത്തിന് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രയ്‌ക്ക് അനുമതിയേകിയ കുവൈറ്റിലേക്കും ഒമാനിലേക്കും അഞ്ചിരട്ടിയിലധികമാണ് ടിക്കറ്റ് നിരക്ക്. കേരളത്തിൽ നിന്ന് കുവൈറ്റിലേക്കുള്ള കുറഞ്ഞ നിരക്ക് ഒരു ലക്ഷം രൂപ വരെയായി ഉയർന്നു. കരിഞ്ചന്തയ്‌ക്കായി ട്രാവൽ ഏജൻസികൾ ടിക്കറ്റെല്ലാം ബുക്ക് ചെയ്തതും പ്രവാസികൾക്ക് തിരിച്ചടിയായി. ഒന്നരമാസത്തിന് ശേഷമാണ് ടിക്കറ്റ് നിരക്കിൽ കുറവുണ്ടായത്. എന്നാൽ ഇപ്പോഴും അരലക്ഷത്തിന് മുകളിൽ നൽകണം. അതേസമയം, തിരിച്ച് കേരളത്തിലേക്ക് 14,​000 രൂപയ്ക്കും ടിക്കറ്റുണ്ട്.

കൊള്ളയുടെ തന്ത്രങ്ങൾ

കൂടുതൽ യാത്രക്കാരുള്ള ഇടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടുകയെന്ന തന്ത്രമാണ് എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ സ്വീകരിക്കുന്നത്. നേരത്തെ സൗദിയിലേക്ക് 60,​000 രൂപയ്‌ക്ക് മുകളിൽ ടിക്കറ്റ് വില ഈടാക്കിപ്പോൾ യാത്രക്കാർ കുറ‌ഞ്ഞിരുന്നു. ഇപ്പോൾ 30,​000 രൂപയ്ക്കും ടിക്കറ്റുണ്ട്. സൗദിയിൽ നിന്ന് നാട്ടിലേക്കുള്ളവരുടെ എണ്ണം കൂടിയതോടെ കേരളത്തിലേക്കുള്ള യാത്രയ്‌ക്ക് 20,000 രൂപയ്ക്ക് മുകളിൽ നൽകണം. യാത്രക്കാ‌ർ കുറഞ്ഞതോടെ ദുബായ്,​ അബുദാബി റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറഞ്ഞിരുന്നു. ദുബായ് എക്സ്പോയോടെ നിരക്ക് വീണ്ടും ഉയർത്തി. എയർഇന്ത്യ എക്സ്പ്രസിൽ 23,​000 രൂപയാണ് ഈ ആഴ്ചയിലെ കുറഞ്ഞ നിരക്ക്. മറ്റ് വിമാന കമ്പനികളിൽ 30,​000 രൂപയ്ക്ക് മുകളിൽ വരെ ടിക്കറ്റിന് നൽകണം. അതേസമയം കേരളത്തിലേക്ക് 6,​500 രൂപയ്ക്ക് വരെ ടിക്കറ്റുണ്ട്.

സ്വകാര്യ വിമാനക്കമ്പനികളെ അപേക്ഷിച്ച് എയർഇന്ത്യയിലാണ് ടിക്കറ്റ് നിരക്ക് താരതമ്യേനെ കുറവുള്ളത്. പൊതുമേഖല സ്ഥാപനമെന്ന പരിഗണന കൊണ്ടാവാം ഇത്. എയർഇന്ത്യയെ കേന്ദ്രസർക്കാർ ടാറ്റയ്ക്ക് വിറ്റതോടെ ടിക്കറ്റ് നിരക്ക് വർദ്ധിക്കുമോയെന്ന ആശങ്കയിലാണ് പ്രവാസികൾ. സീസൺ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് ഉയർത്തുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ ഇനിയെങ്കിലും നടപടിയെടുക്കമെന്ന ആവശ്യമാണ് കേന്ദ്ര സർക്കാരിന് മുന്നിൽ പ്രവാസികൾ ഉയർത്തുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MALAPPURAM DIARY, FLIGHT CHARGE
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.