SignIn
Kerala Kaumudi Online
Thursday, 25 April 2024 6.19 PM IST

പ്രണയപ്പക വിളയരുത് ഇനി കലാലയങ്ങളിൽ

photo

നിതിന എന്ന മകൾ പ്രണയപ്പകയുടെ അവസാനത്തെ ഇരയാകട്ടെയെന്ന് ആശിക്കാം. കലാലയങ്ങൾ സജീവമാകുമ്പോൾ വിശ്വസിച്ച് എങ്ങനെ പെൺമക്കളെ കോളേജിൽ വിടുമെന്ന ചോദ്യം രക്ഷിതാക്കളുടെ മനസിൽ വേരോടിക്കഴിഞ്ഞിരിക്കും. രാഷ്ട്രീയ വൈരം നിലനിന്ന കാമ്പസുകളിലിന്ന് പ്രണയപ്പക മുളപൊട്ടിയിരിക്കുന്നു. ആൺപെൺ സൗഹൃദങ്ങൾ പൂത്തുലയുന്ന കാഴ്ചകൾ കാമ്പസുകളിൽ പതിവാണ്. പണ്ടും ഇത് പതിവായിരുന്നെങ്കിലും പ്രണയത്തെ ഇന്നത്തെപ്പോലെ ഭയക്കേണ്ടതില്ലായിരുന്നു.
കൊതിച്ചത് കിട്ടിയില്ലെങ്കിൽ തട്ടിപ്പറിച്ചു നിലത്തിട്ട് ചവിട്ടിയരയ്ക്കുന്ന മാനസികാവസ്ഥയിലേക്ക് കൗമാരക്കാരുടെയും യുവജനങ്ങളുടെയും മനസ് ചുരുങ്ങുമ്പോഴാണ് ക്രൂരമായ പ്രതികാര പ്രവൃത്തികളുണ്ടാവുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കത്തിച്ചതും ആസിഡൊഴിച്ച് പൊള്ളിച്ചതും വെടിവച്ചിട്ടതും കുത്തിക്കൊന്നതും പ്രണയപ്പകയുടെ ഉദാഹരണങ്ങളാണ്.
കോളേജുകളിൽ വനിതാ സെൽ, ജെൻഡർ ജസ്റ്റിസ് ഫോറം, ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി തുടങ്ങി സ്ത്രീശാക്തീകരണ സമിതികൾ നിലവിലുണ്ട്. സെമിനാറുകളും വെബിനാറുകളും സംവാദങ്ങളും ചർച്ചകളുമൊക്കെയായി സമിതികളെല്ലാം സജീവവുമാണ്. എന്നാൽ ആൺകുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനങ്ങളില്ലാത്തത് എന്തുകൊണ്ടാണ് ?

വിജ്ഞാനം വിരൽത്തുമ്പിൽ നില്‌ക്കുന്ന ഈ കാലത്ത് അവർക്ക് വേണ്ടത് കേവലം ലൈംഗികവിദ്യാഭ്യാസമല്ല മനസുകളെ തങ്ങളുടെ ചൊല്‌പ്പടിക്ക് നിറുത്താനുള്ള പരിശീലനമാണ്. ആൺപെൺ സൗഹൃദങ്ങളെ നിരോധിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല. എന്നാൽ സൗഹൃദങ്ങൾ തെറ്റായ വഴി സഞ്ചരിക്കുമ്പോൾ നിയന്ത്രിച്ച് നേർവഴി നടത്താനാകും. നാല്പതുകോടി കിലോമീറ്റർ അകലെയുള്ള ചൊവ്വയിൽ പരീക്ഷണം നടത്തി ജീവന്റെ സാദ്ധ്യത അന്വേഷിക്കുന്ന നമുക്ക് അപ്പുറമിപ്പുറമിരിക്കുന്ന മനസുകളെ വായിക്കാൻ കഴിയുന്നില്ല. മുഖം മനസിന്റെ കണ്ണാടിയാണ്. മുഖംവായിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയുന്ന സംവിധാനങ്ങളുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാണ് ഉത്തരം. പെൺകുട്ടിയുടെ മുഖം വാടുന്നതുകണ്ട്
അസ്വസ്ഥരാകുന്നവർ ആൺകുട്ടിയെയും ശ്രദ്ധിക്കണം.

സിലബസും മാനസികാരോഗ്യവും

മാനസികാരോഗ്യത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ ബിരുദപഠന സിലബസിന്റെ ഭാഗമാക്കുന്നതിലൂടെ ശാസ്ത്രീയമായി കുട്ടികളെ സഹായിക്കാം. ഇപ്പോൾ അഞ്ചാം സെമസ്റ്ററിൽ ഓപ്പൺ കോഴ്സ് ഉണ്ട്. സ്വന്തം വിഷയമല്ലാതെ കോളേജ് പ്രദാനം ചെയ്യുന്ന മറ്റു വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കാവുന്ന സംവിധാനം. ഈ ലേഖകന്റെ അഭിപ്രായത്തിൽ ഓപ്പൺ കോഴ്സിനു പകരം മനോവ്യാപാരത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ ഒന്ന് മൂന്ന് അഞ്ച് സെമസ്റ്ററുകളിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. പ്ലസ് ടു കഴിഞ്ഞു വരുന്ന കുട്ടിക്ക് കലാലയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനും പ്രായത്തിനനുസരിച്ച് വളരുന്ന മനസിനെ പാകപ്പെടുത്താനും പ്രയോജനപ്പെടും. ഇതിന് പ്രശസ്തരായ മനഃശാസ്ത്രജ്ഞരുടെയും മാനസികാരോഗ്യ വിദഗ്ദ്ധരുടെയും സഹായം തേടാം. പരമ്പരാഗത പഠനവിഷയങ്ങളിൽ കുറവുവരുത്തിക്കൊണ്ട് പഠനഭാരം വർദ്ധിപ്പിക്കാതെ വേണം ഇത് നടപ്പാക്കേണ്ടത്.

കൗമാരക്കാരിൽ 10 മുതൽ 20 ശതമാനം മാനസിക പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യ സംഘടനയും ഓരോ വർഷവും കൗമാരക്കാരിൽ അഞ്ചിൽ ഒരാൾ വീതം മാനസിക പ്രശ്നങ്ങളിൽ അകപ്പെടുന്നതായി യൂണിസെഫും പറയുന്ന കാലഘട്ടത്തിൽ അതിനെ തരണം ചെയ്യാനുള്ള സാഹചര്യമൊരുക്കണം.

സമപ്രായക്കാർക്കിടയിൽ നിന്നുണ്ടാകുന്ന സമ്മർദ്ദം, പഠനവുമായി ബന്ധപ്പെട്ട ടെൻഷൻ, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവത്‌കരണത്തിനൊപ്പം പഠനകാര്യങ്ങളിൽ അമിത ടെൻഷൻ നല്‌കാതെ, ആത്മവിശ്വാസമുള്ളവരായി വളരാനുള്ള സാഹചര്യം വീട്ടിലും കലാലയങ്ങളിലുമുണ്ടാകണം. ആൺകുട്ടിയുടെ തെറ്റായ നിലപാടുകൊണ്ട് ഒരു പെൺകുട്ടിയും ജീവനറ്റ് വീഴരുത്. സൗഹൃദങ്ങൾ പൂത്തുലയട്ടെ. പിരിയേണ്ടിവന്നാൽ
മറ്റൊരാളെ സുഹൃത്തായി സ്വീകരിച്ച് മധുരമായി പ്രതികരിക്കാവുന്ന ആരോഗ്യമുള്ള മനസാണ് കുട്ടികൾക്ക് വേണ്ടത്.

( ലേഖകൻ മഞ്ചേരി എൻ.എസ്.എസ് കോളേജിലെ പ്രിൻസിപ്പലാണ് E-mail: vattavilavijayakumar@gmail.com ഫോൺ : 9447342497 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NITHINA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.