SignIn
Kerala Kaumudi Online
Saturday, 20 April 2024 3.09 AM IST

ചാരവൃത്തിയെന്ന് സംശയം: റോബോട്ടിനെ ജയിലിലാക്കി, ഒടുവിൽ മോചനം

ai-da

ചിത്രരചനയിലൂടെ പ്രസിദ്ധിയാർജ്ജിച്ച ബ്രിട്ടീഷ് നിർമ്മിത റോബോട്ടിനെ 10 ദിവസത്തെ തടങ്കലിന് ശേഷം മോചിപ്പിച്ച് ഈജിപ്ഷ്യൻ കസ്റ്റംസ്. രഹസ്യ ചാരവൃത്തിക്കായി എത്തിച്ചതെന്ന ആശങ്കയെ തുടർന്ന് കഴിഞ്ഞാഴ്ചയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അതിർത്തിയിൽ വച്ച് എയ്‌ഡ എന്ന റോബോട്ടിനെയും അതിന്റെ നിർമ്മാതാവ് എയ്‌ഡൻ മെല്ലറെയും തങ്ങളുടെ കസ്റ്റഡിയിലാക്കിയത്.

കെയ്റോയിൽ നടക്കുന്ന ഒരു ആർട്ട് ഷോയിൽ പങ്കെടുക്കാനാണ് മെല്ലർ എയ്‌ഡയുമായി ഈജിപ്റ്റിലേക്കെത്തിയത്. എയ്‌ഡ വരച്ച ചിത്രങ്ങളും, നിർമ്മിച്ച ശില്പങ്ങളും ഇവിടെ പ്രദർശിപ്പിക്കാൻ നിശ്ചയിക്കുകയായിരുന്നു. എന്നാൽ, എയ്‌ഡയുടെ വരവ് നയതന്ത്ര വിഷയത്തിൽ കലാശിക്കുകയും ഈജിപ്റ്റിലെ ബ്രിട്ടീഷ് അംബാസഡർ ഇടപെടേണ്ട സാഹചര്യവും വന്നു.

ഒടുവിൽ പ്രദർശനം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഈജിപ്ഷ്യൻ അധികൃതർ എയ്‌‌ഡയെ സ്വതന്ത്രമാക്കുകയായിരുന്നു. നീണ്ട പത്ത് ദിവസങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് എയ്‌ഡയെ സ്വതന്ത്രമാക്കിയതെന്നും നയതന്ത്ര ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിച്ചതായും കെയ്റോയിലെ ബ്രിട്ടീഷ് എംബസി വ്യക്തമാക്കി. എയ്‌ഡയെ ഇന്റർനെറ്റുമായി കണക്ട് ചെയ്യുന്ന മോഡമാണ് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരിൽ സംശയത്തിനിടെയാക്കിയത്.

മോഡം വേർപെടുത്തി പരിശോധിക്കാമെന്ന് മെല്ലർ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും എയ്‌ഡയുടെ കണ്ണിലെ ക്യാമറകളും പ്രശ്നമായി മാറുകയായിരുന്നു. ചിത്രം വരയ്ക്കുന്നതിന് എയ്‌ഡയെ സഹായിക്കുന്ന അഭിവാജ്യ ഘടകമാണ് ഈ ക്യാമറകൾ. ഈ ക്യാമറകളെ പുറത്തെടുത്ത് പരിശോധിക്കാനാകില്ലെന്ന് മെല്ലർ വ്യക്തമാക്കിയിരുന്നു.

ഏതായാലും എംബസി ഇടപെട്ട് പ്രശ്നം പരിഹരിച്ചതോടെ എയ്‌ഡയും മെല്ലറും ഈജിപ്റ്റിൽ പ്രവേശിക്കുകയും പ്രദർശനത്തിന്റെ ഭാഗമാവുകയും ചെയ്തു. ഒക്ടോബർ 21ന് ആരംഭിച്ച ' ഫോറെവർ ഈസ് നൗ " എന്ന ഈ പ്രദർശനം നവംബർ 7 വരെ തുടരും. ഗ്രേറ്റ് പിരമിഡ് ഒഫ് ഗിസയോട് ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഗിസ പിരമിഡിന് സമീപം സമകാലിക കലാ പ്രദർശനം നടക്കുന്നത്. ഈജിപ്റ്റിനകത്തും പുറത്തും നിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

 റോബോട്ടുകളിലെ ആർട്ടിസ്റ്റ് !

ഹ്യൂമനോയിഡ് റോബോട്ട് ( മനുഷ്യ രൂപത്തിൽ നിർമ്മിച്ച റോബോട്ട് ) ആയ എയ്ഡ ( Ai-da )​ ലോകത്തെ ആദ്യത്തെ അൾട്ര - റിയലിസ്റ്റിക് റോബോട്ട് ആർട്ടിസ്റ്റ് ആണ്. ചിത്രരചന, ശില്പ നിർമ്മാണം തുടങ്ങിയ ജോലികൾ എയ്ഡ ഭംഗിയായി ചെയ്യും. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന എയ്ഡ ലവ്‌ലേസിന്റെ സ്മരണാർത്ഥമാണ് നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഈ റോബോട്ടിന് എയ്ഡ എന്ന പേര് നൽകിയിരിക്കുന്നത്.

2019ൽ അവതരിപ്പിക്കപ്പെട്ട എയ്‌ഡയ്ക്ക് ആളുകളെ കണ്ട് ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കും. തന്റെ കൃത്രിമ കൈകൾ ഉപയോഗിച്ചാണ് എയ്ഡ പേപ്പറിലേക്ക് പെൻസിൽ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നത്. ഇതിനായി പ്രത്യേക ക്യാമറകൾ എയ്ഡയുടെ കണ്ണുകളിൽ സ്ഥാപിച്ചിട്ടുണ്ട്.സ്വന്തം ഛായച്ചിത്രങ്ങളും എയ്‌ഡ വരയ്ക്കാറുണ്ട്. ക്യാമറകളും അൽഗരിതവും റോബോട്ടിക് കൈകളുമാണ് ഇതിന് എയ്‌ഡയെ സഹായിക്കുന്നത്.

ഓക്സ്ഫഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർട്ട് ഗ്യാലറി ഉടമയായ എയ്‌ഡൻ മെല്ലർ എൻജിനിയേഡ് ആർട്സ് എന്ന റോബോട്ടിക്സ് കമ്പനിയുമായി ചേർന്നാണ് എയ്‌ഡയെ വികസിപ്പിച്ചത്. എയ്‌ഡയുടെ ചിത്രം വരയ്ക്കാനുള്ള കഴിവിന് വേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്. 2019 മുതൽ താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളിൽ ഉൾപ്പെടെ എയ്‌ഡ പ്രത്യക്ഷപ്പെടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, AI-DA, ROBOT, EGYPT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.