SignIn
Kerala Kaumudi Online
Tuesday, 07 December 2021 9.42 PM IST

വേണം, ആരോഗ്യകരമായ മാനസികാവസ്ഥ

mental-

ഓരോരുത്തർക്കും അവരവരുടേതായ ശരികളുണ്ട്. ശരിയും തെറ്റുമൊക്കെ തീരുമാനിക്കപ്പെടുന്നത് ഓരോരുത്തരുടേയും 'മൈന്റ് സെറ്റ് ' അഥവ മാനസികാവസ്ഥ അനുസരിച്ചാണ്. അതുകൊണ്ടാണ്, ഒരാളുടെ ശരി മറ്റൊരാൾക്ക് തെറ്റായും അന്യായമായും തോന്നുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ഒരാളുടെ മൈന്റ് സെറ്റ് അനുസരിച്ച് എന്തിനേയും ന്യായീകരിക്കാനും അല്ലെങ്കിൽ തള്ളിപ്പറയാനും സാധിക്കുമെന്ന് സാരം. നമുക്ക് ഗുണകരമാകുന്നതും അല്ലാത്തതുമൊക്കെ തീരുമാനിക്കപ്പെടുന്നതും ഇപ്രകാരമാണ്.

വളർന്നുവന്ന രീതി, അനുഭവങ്ങൾ, ചിന്തകൾ, പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉപയോഗിച്ച രീതികൾ, ഉപദേശങ്ങൾ, ശീലങ്ങൾ... അങ്ങനെ പലതുമാണ് മൈന്റ് സെറ്റ് രൂപപ്പെടുന്നതിന് കാരണമാകുന്നത്. ഇതിൽ ഏറ്റവും പ്രധാനം മനോഭാവം തന്നെയാണെന്ന് പറയേണ്ടിവരും. ഒരാളുടെ മനോഭാവം ആഗ്രഹിക്കുന്ന രീതിയിൽ മാറ്റിയെടുക്കാൻ മറ്റൊരാളിന് സാധിക്കില്ല. എന്നാൽ, കുറച്ചൊക്കെ 'പോളിഷ് ' ചെയ്‌തുപയോഗിക്കാൻ അവരവർക്ക് ആകുമെന്നത് പ്രധാനമാണ്.

മനസ് മാറ്റിയെടുക്കാം

ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മൈന്റ് സെറ്റ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കാം. അത്യാവശ്യത്തിന് വണ്ണമുള്ളവർക്കാണ് ആരോഗ്യമുള്ളത് എന്ന മൈന്റ് സെറ്റുള്ള ഒരാൾ മെലിഞ്ഞിരിക്കുന്ന അവസ്ഥയിൽ ദുഃഖിതനാകുകയും വണ്ണം വയ്‌ക്കുന്നതിനായി എന്തും 'പയറ്റുകയും' ചെയ്യും. ഒരു രോഗം പോലുമില്ലാതെ ജീവിക്കണമെന്ന് ശക്തമായി ആഗ്രഹിച്ച വരെ ചില നിസ്സാര അസുഖങ്ങൾ പോലും തളർത്തിക്കളയുന്നതായി നമ്മൾ കാണുന്നതല്ലേ. ആരോഗ്യമെല്ലാം നഷ്ടപ്പെട്ടു, ഇനി എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല... എന്ന ചിന്തയാണ് അതിന് കാരണം.

മിക്കവാറുമുള്ള രക്ഷകർത്താക്കൾക്കും അവരുടെ കുട്ടികൾ ഒന്നും കഴിക്കുന്നില്ല, വണ്ണവും വയ്ക്കുന്നില്ല എന്ന പരിഭവമുണ്ടാകുന്നതും മൈന്റ് സെറ്റിന്റെ വിഷയമാണ്. പലർക്കും അവരുടെ നിറം ജീവിതത്തിന്റെ ഏതെങ്കിലുമൊരു കാലയളവിലെങ്കിലും അപകർഷതയുണ്ടാക്കിയിട്ടുള്ളതും എന്നാൽ, മൈന്റ് സെറ്റ് മാറ്റിയതിലൂടെ അത് പരിഹരിച്ചിട്ടുള്ളവരുമാണ്.

വെള്ളക്കോളർ ജോലിയുള്ളവരിൽ അവരുടെ സ്റ്റാറ്റസ് നിലനിർത്താനായി ചില പ്രത്യേക രീതികൾ ശീലിക്കുന്നവർ പോലുമുണ്ട്. അതിൽ സർക്കാർ സംവിധാനങ്ങൾ ഒഴിവാക്കുന്നവരും ക്യൂ പാലിക്കുന്നത് സഹിക്കാൻ കഴിയാത്തവരും നിരവധിയാണ്. അദ്ധ്വാനത്തേക്കാൾ പ്രാധാന്യം വിശ്രമത്തിന് നൽകുന്നവരുമുണ്ട്.

പരീക്ഷണങ്ങൾക്ക്

തയ്യാറാകാത്തവർ

താൻ പിടിച്ച മുയലിന് മൂന്ന്‌ കൊമ്പ് എന്ന രീതിയിൽ എനിക്കൊരു രോഗവും ഒരുകാലത്തുമുണ്ടാകില്ല, കൊവിഡാണേൽ തിരിഞ്ഞുപോലും നോക്കില്ല... എന്നൊക്കെ പറയുന്നവരിൽ ചിലരെങ്കിലും എന്നെങ്കിലുമൊരിക്കൽ മരിക്കുമെന്ന കാര്യം പോലും അംഗീകരിക്കാത്തവരാണ്.

മരിക്കുന്നതിനെക്കുറിച്ചും ഏറി വരുന്ന പ്രായത്തെക്കുറിച്ചും ചിന്തിക്കുക പോലും ചെയ്യില്ലെന്ന് മൈന്റ് സെറ്റുള്ളവരുണ്ട്. അപ്രകാരം ചിന്തിക്കുന്നത്‌ പോലും പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളും രോഗങ്ങളും സൃഷ്‌ടിക്കുമെന്നും മരണത്തെ വേഗം ക്ഷണിച്ചുവരുത്തുമെന്നും അവർ കരുതുന്നു.

ചിലർക്ക് എന്തെങ്കിലും രോഗമുണ്ടായാൽ വളരെ സ്‌പെഷ്യാലിറ്റികളുള്ള ചികിത്സാകേന്ദ്രങ്ങളിലും വളരെ വലിയ സ്ഥാപനങ്ങളിലും വളരെ ചെലവേറിയ ചികിത്സകൾക്കും മാത്രമേ വിധേയമാകൂവെന്നും അത്തരം ചികിത്സകൾ കൊണ്ട് മാത്രമേ തന്റെ രോഗം ശമിക്കുകയുള്ളൂ എന്നും കരുതുന്നവർ പോലുമുണ്ട്. ചെറിയ ചികിത്സകൾ ചെയ്‌തു നോക്കാൻ പോലും ഇത്തരമാൾക്കാർ തയ്യാറാകില്ല. ഒരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ലെന്ന് പറയുന്നവരാണിവർ. ഇതുപോലെ ചെറിയ സൗകര്യങ്ങളുള്ള ചികിത്സാകേന്ദ്രങ്ങളിൽ നിന്ന് വലിയസേവനങ്ങൾ പ്രതീക്ഷിക്കുന്നവരും അത് ലഭിക്കാതെ വന്നാൽ വഴക്കുണ്ടാക്കുന്നവരുമുണ്ട്. മൈന്റ് സെറ്റ് തന്നെയാണ് അവിടെയും വിഷയം. ഒത്തിരി കഷ്ടപ്പെട്ട് ഒരു രോഗവും മാറേണ്ട,കഴിച്ചും കുടിച്ചും സുഖിച്ചും ഇങ്ങനെ ജീവിക്കാം എന്ന് കരുതുന്നവരും കുറവല്ല.

അസുഖത്തിന് മരുന്ന് മതി, പഥ്യങ്ങളോ ലൈഫ് സ്റ്റെൽ മോഡിഫിക്കേഷനോ ഒന്നും പറ്റില്ല എന്നതും ചിലർ തീരുമാനിച്ചുറച്ച കാര്യങ്ങളാണ്. ശീലിച്ച കാര്യങ്ങളിൽ മാറ്റം വരുത്താൻ ചിലരെങ്കിലും തയ്യാറാകില്ല എന്നതാണ് യാഥാർത്ഥ്യം. അഥവാ ചില പ്രത്യേക സാഹചര്യത്തിൽ സമ്മർദ്ദത്തിന് വിധേയമായി ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ, ഇഷ്ടമല്ലാതെ വരുത്തിയ മാറ്റമായതിനാൽ വളരെ വലിയ മാനസിക വിക്ഷോഭങ്ങൾക്ക് അടിമപ്പെടുന്നവരുമുണ്ട്.

ചികിത്സയേക്കാൾ

പ്രാധാന്യം സംരക്ഷണത്തിന്

പലതിന്റേയും ഗുണവും ദോഷവും തിരിച്ചറിഞ്ഞ് തള്ളേണ്ടതും കൊള്ളേണ്ടതും മനസിലാക്കി പ്രവർത്തിക്കാൻ സാധിക്കാത്ത തരത്തിലുള്ള മൈന്റ് സെറ്റാണോ രൂപപ്പെടുത്തേണ്ടത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ചികിത്സയേക്കാൾ പ്രാധാന്യം ആരോഗ്യസംരക്ഷണത്തിന് നൽകേണ്ടതല്ലേ എന്നതും രോഗമുണ്ടാകുന്നതിന് പലതും കാരണമാകുന്നതുപോലെ ആരോഗ്യസംരക്ഷണത്തിനായും പലതും ചെയ്യേണ്ടതുണ്ടെന്നതും നല്ല പ്രാധാന്യം നൽകേണ്ടവയല്ലേ?

സർവ്വത്ര അതി വർജ്ജയേത് എന്ന ആപ്തവാക്യംകൊണ്ട് നമ്മുടെ എല്ലാവിധ പ്രവർത്തനങ്ങളിലും ശീലങ്ങളിലും ചിന്തകളിലും അമിതമായവയെല്ലാം ഒഴിവാക്കേണ്ടതാണ്.

'സർവ്വ കർമ്മേഷു മധ്യമാം' എന്നത് പരിഗണിച്ച് സർവതിലും മധ്യമമായതിനെയാണ് ശീലിക്കേണ്ടതും. കൂടുതലും പാടില്ല. കുറവും വേണ്ട.
ആയുർവേദശാസ്ത്രത്തിലെ ഇത്തരം ഉപദേശങ്ങൾ പാലിച്ചുകൊണ്ട് ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ സാധിക്കേണ്ടതുണ്ട്. കടുംപിടിത്തം മാറ്റി വച്ച് ആശ്വാസമുണ്ടാക്കുന്ന പുതിയ ശീലങ്ങളെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതിനായി നമ്മുടെ മൈന്റ് സെറ്റിൽ ആവശ്യമായ മാറ്റങ്ങൾ കൂടി സ്വയം വരുത്തേണ്ടതുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.