SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.26 PM IST

ശംഖുംമുഖത്തിന്റെ ദുരവസ്ഥ

photo

കേരളത്തിലെ മനോഹരമായ കടൽത്തീരങ്ങളിലൊന്നാണ് ശംഖുംമുഖം. പണ്ട് അവിടെ ടൂറിസത്തിന്റെ നിർമ്മിതികളൊന്നും ഇല്ലായിരുന്നു. അന്നത്തെ കടൽത്തീരം കണ്ടിട്ടുള്ളവർ ഇപ്പോൾ അവിടെപ്പോയി നോക്കിയാൽ യുദ്ധം തകർത്ത് തരിപ്പണമാക്കിയ ഏതോ ഒരു പ്രദേശമായി തോന്നും. തീരത്തിന്റെ ഭംഗി കൂട്ടാൻ കോടികൾ ചെലവഴിച്ച് നടത്തിയ നിർമ്മിതികൾ തീരത്തെ വികൃതമാക്കാനേ ഇടയാക്കിയിട്ടുള്ളൂ. പദ്‌മനാഭസ്വാമിയുടെ ആറാട്ട് നടക്കുന്ന പവിത്രമായ ഈ കടൽത്തീരം ഇന്ന് അവഗണനയുടെ ഏറ്റവും വലിയ പ്രതീകമായി മാറിയിരിക്കുന്നു. കടലാക്രമണം കാരണം റോഡുകൾ തരിപ്പണമായിട്ട് വർഷങ്ങളായി. എയർപോർട്ടിലേക്ക് യാത്രക്കാർ പെട്ടിയും പിടിച്ച് നടന്നു പോകേണ്ട ഗതികേടിലാണ് റോഡിന്റെ കിടപ്പ്. എയർപോർട്ടിലേക്കുള്ള യാത്രക്കാരുടെയും പ്രദേശവാസികളുടെയും ക്ളേശം പരിഹരിക്കാൻ റോഡ് നിർമ്മാണം അതിവേഗം പൂർത്തിയാക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പ് വെറുംവാക്കായി മാറി. ശംഖുമുഖത്ത് കടലാക്രമണ ഭീഷണി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പക്ഷേ അതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തി പ്രതിവിധികൾ കാലേകൂട്ടി നിശ്ചയിച്ച് അതനുസരിച്ച് നിർമ്മാണം പൂർത്തിയാക്കാൻ ആരും മുൻകൈയെടുത്തില്ല. അപ്പപ്പോഴുള്ള മുട്ടുശാന്തി പണികളാണ് നടത്തിയിരുന്നത്. അത് കുറച്ച് കഴിയുമ്പോൾ കടലെടുത്തു കൊണ്ടുപോവുകയും ചെയ്യുമായിരുന്നു. വിദേശ രാജ്യങ്ങളിലൊക്കെ ഇതിനെക്കാൾ കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങൾ എൻജിനിയറിംഗിന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി അവർ സംരക്ഷിച്ചിട്ടുണ്ട്. അതുപോലൊരു ശ്രമം നേരത്തേ തന്നെ അധികൃതർ നടത്തേണ്ടതായിരുന്നു. അതുണ്ടായില്ല. ഇതിന്റെ ഫലമായി ഓരോ വർഷം കഴിയുമ്പോഴും തീരത്തിന്റെ വ്യാപ്തി കുറഞ്ഞുവരികയാണ്. 2020 ജനുവരിയിൽ 35 മീറ്ററായിരുന്നു തീരത്തിന്റെ ദൈർഘ്യം. അതുപോലെ തന്നെ കടലെടുത്ത് തിരികെ നിക്ഷേപിക്കപ്പെടുന്നതിന്റെ അളവും കുറഞ്ഞുവരികയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റോഡിന്റെ മുക്കാൽ ഭാഗവും കടലെടുത്തു. നവംബറോടെ റോഡുപണി പൂർത്തിയാകുമെന്നാണ് അധികാരികൾ പറയുന്നതെങ്കിലും ഇപ്പോൾ നടക്കുന്ന പണിയുടെ വേഗത വിലയിരുത്തിയാൽ അത് നടക്കുമെന്ന് പറയാനാകില്ല.

കടലാക്രമണത്തെ സ്ഥിരമായി ചെറുക്കുന്നതിന് ഡയഫ്രം വാൾ നിർമ്മാണം പൂർത്തിയാക്കാൻ മുന്തിയ പരിഗണന നൽകണം. ടൂറിസം പ്രോജക്ടിന്റെ ഭാഗമായി അഞ്ച് കോടി ചെലവിട്ട് നിർമ്മിച്ച ടൈലുകൾ പാകിയ നടപ്പാതയും കരിങ്കൽക്കെട്ടും മറ്റ് നിർമ്മിതികളുടെയും പകുതിയിലധികം നശിച്ചുപോയി.

സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതികവിദ്യയിൽ ഉൗരാളുങ്കൽ സൊസൈറ്റിയാണ് ഡയഫ്രം വാൾ നിർമ്മിക്കുന്നത്. ഇതിന്റെ പണിയും മഴ കാരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നിരിക്കുകയാണ്. ഉപരിതലത്തിൽ നിന്ന് എട്ട് മീറ്റർ കുഴിച്ച് അടിസ്ഥാനം നിർമ്മിച്ചാണ് ഡയഫ്രം വാൾ നിർമ്മിക്കുന്നത്. റോഡിൽ ഓരോ അട്ടിയായി മണ്ണിട്ട് ഉറപ്പിച്ച് ഉപരിതലം വരെ എത്തിച്ചശേഷം ടാർ ചെയ്യും. ഇനിയൊരു കടലാക്രമണമുണ്ടായാൽ പോലും പ്രതിരോധിക്കാൻ കഴിയുംവിധമാണ് ഡയഫ്രം വാൾ രൂപകല്പന ചെയ്തിരിക്കുന്നത്. കുട്ടിക്കാലം മുതൽ ശംഖുംമുഖം തീരവുമായി ആത്മബന്ധമുള്ള മൂന്ന് മന്ത്രിമാർ മന്ത്രിസഭയിലുണ്ട്. ആന്റണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ. നിർമ്മാണം കാലതാമസം കൂടാതെ പൂർത്തിയാക്കുന്നതിന്റെ മേൽനോട്ടം അവർ കൂടി ഏറ്റെടുക്കണം. അങ്ങനെ ശംഖുംമുഖത്തിന്റെ ദുരവസ്ഥയ്ക്ക് മോക്ഷം നൽകാനായാൽ അതായിരിക്കും അവർ തലസ്ഥാനവാസികൾക്ക് നൽകുന്ന ഏറ്റവും വലിയ ഉപഹാരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAMKHUMMUKHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.