SignIn
Kerala Kaumudi Online
Wednesday, 08 December 2021 3.20 PM IST

നവാഖലി, വീണ്ടും

bengladesh

അഫ്ഗാനിസ്ഥാനിൽ താലിബൻ നിർണായക വിജയം നേടിയതോടെ തെക്കുകിഴക്കേ ഏഷ്യയിൽ പൊതുവേ തീവ്രവാദം ശക്തിപ്പെടുമെന്നും നവരാത്രി ആഘോഷവേളയിൽ രാജ്യത്ത് ഭീകരാക്രമണങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇന്ത്യയിൽ നവരാത്രി അനിഷ്ട സംഭവങ്ങളൊന്നും കൂടാതെ കടന്നുപോയി. ബംഗ്ളാദേശിലാണ് വലിയ കലാപം അരങ്ങേറിയത്. കേരളത്തിന് ഒാണം പോലെയാണ് ബംഗാളിൽ ദുർഗാപൂജ. ക്ഷേത്രങ്ങളിൽ മാത്രമല്ല പൊതുസ്ഥലങ്ങളിൽ ഒരുക്കുന്ന പന്തലുകളിലും ദുർഗാപൂജ നടക്കും. ദുർഗാഷ്ടമി ദിവസം കുമില്ല ജില്ലയിലെ നാനുവ ദിഗിർ പാർ എന്ന സ്ഥലത്ത് പൂജയ്ക്കൊരുക്കിയ മണ്ഡപത്തിൽ ദുർഗാ വിഗ്രഹത്തിന്റെ കാൽച്ചുവട്ടിൽ വിശുദ്ധ ഖുർ - ആന്റെ പ്രതി കണ്ടെത്തിയതാണ് കലാപത്തിനുണ്ടായ പ്രകോപനം. ഇക്ബാൽ ഹുസൈൻ എന്ന യുവാവാണ് ഹീനകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. വിവാദപരമായ ദൃശ്യം ഉടനടി വീഡിയോയിൽ പകർത്തുകയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ രാജ്യത്തെമ്പാടും പ്രചരിപ്പിക്കുകയും ചെയ്തു. പിന്നിലുള്ള ഗൂഢാലോചനയും ആസൂത്രണവും വളരെ വ്യക്തം. ബംഗ്ളാദേശിന്റെ വിവിധ ഭാഗങ്ങളിൽ ആ രാത്രി തന്നെ പൂജാമണ്ഡപങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെ ആക്രമണങ്ങൾ നടന്നു. അക്രമാസക്തരായ ജനക്കൂട്ടം ഹിന്ദുമത വിശ്വാസികളെ ആക്രമിച്ചു. വെടിവയ്പിലും കത്തിക്കുത്തിലുമായി എട്ടുപേർ മരിച്ചു. വളരെ പേർക്ക് പരിക്കേറ്റു. കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ നശിപ്പിക്കപ്പെട്ടു. 60 ഒാളം ക്ഷേത്രങ്ങൾ തകർത്തു. മഹാനവമി, വിജയദശമി ദിവസങ്ങളിലും ബംഗ്ളാദേശ് കലുഷിതമായിരുന്നു. പൊലീസ് ജാഗ്രത പാലിച്ചതുകൊണ്ടു മാത്രമാണ് കൂട്ടക്കൊലകൾ അരങ്ങേറാതിരുന്നത്. ഒക്ടോബർ 15 ന് വെള്ളിയാഴ്ച ജുമ നമസ്കാരത്തിനുശേഷം വിവിധ ഭാഗങ്ങളിൽ അക്രമാസക്തരായ ജനക്കൂട്ടം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു പ്രകടനം നടത്തി. പൊലീസ് ജാഗ്രത പുലർത്തിയതു കൊണ്ട് കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. കുറ്റവാളികൾക്കെതിരെ കർശനനടപടി കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി ഷേക്ക് ഹസീന മുന്നറിയിപ്പ് നൽകി. രാജ്യത്താകമാനം ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. കുറ്റവാളികളെന്നു കരുതപ്പെടുന്ന എഴുന്നൂറിലധികം പേരെ അറസ്റ്റുചെയ്തു. കലാപം ഒരുവിധം അടങ്ങിയ മട്ടാണ്.

ബ്രിട്ടീഷ് ഭരണകാലത്തു തന്നെ സാമുദായിക കലാപങ്ങൾക്കും കൂട്ടക്കൊലകൾക്കും കുപ്രസിദ്ധമാണ് പില്‌ക്കാലത്ത് കിഴക്കൻ പാകിസ്ഥാനും ബംഗ്ളാദേശുമായി മാറിയ ഭൂപ്രദേശം. 1946 ഒക്ടോബറിൽ നവാഖലിയിൽ നടന്ന കലാപത്തിൽ 800 ഒാളം പേർ കൊല്ലപ്പെട്ടു. പതിനായിരത്തോളം പേർ നിർബന്ധിത മതപരിവർത്തനത്തിനിരയായി. ഒട്ടേറെ സ്ത്രീകൾ മാനഭംഗത്തിനും നിർബന്ധിത വിവാഹത്തിനും വിധേയരാക്കപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ നശിപ്പിക്കപ്പെട്ടു. മഹാത്മാഗാന്ധി 1946 നവംബർ ആറു മുതൽ 1947 മാർച്ച് രണ്ടു വരെ പദയാത്ര നടത്തിയാണ് നവാഖലിയിൽ സമാധാനം പുന: സ്ഥാപിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിലും താൻ നവാഖലിയിലായിരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഗാന്ധിജിയുടെയും മുൻ മുഖ്യമന്ത്രി എച്ച്. എസ്. സുഹ്രവർദിയുടെയും പരിശ്രമഫലമായി വിഭജനകാലത്ത് ബംഗാൾ ശാന്തമായിരുന്നു. വലിയതോതിൽ വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെട്ടില്ല. പഞ്ചാബിലേതുപോലെ കൂട്ടക്കൊലയും അഭയാർത്ഥി പ്രവാഹവുമുണ്ടായില്ല. ബ്രാഹ്മണരും കായസ്ഥരുമായ ഭൂവുടമകൾ ക്രമേണ പശ്ചിമബംഗാളിലേക്ക് താമസം മാറ്റി. പാകിസ്ഥാനിൽ നിയമമന്ത്രിയായിരുന്ന ജോഗേന്ദ്രനാഥ് മണ്ഡലിന്റെ സ്വാധീനത്താൽ നമോ ശൂദ്രർ അടക്കമുള്ള പട്ടികജാതിക്കാർ കിഴക്കൻ പാകിസ്ഥാനിൽ തുടർന്നു. വിഭജനത്തിനുശേഷം കിഴക്കൻ ബംഗാളിലെ 4.2 കോടി ജനസംഖ്യയിൽ സുമാർ ഒരു കോടിയോളം ഹിന്ദുക്കളായിരുന്നു, ഏകദേശം 23 ശതമാനം. അവരിൽ ബഹുഭൂരിപക്ഷവും പട്ടികസമുദായക്കാർ തന്നെ. 1949 ഡിസംബറിൽ കിഴക്കൻ ബംഗാൾ പ്രക്ഷുബ്ധമായി. പട്ടികജാതിക്കാർക്കെതിരെ വ്യാപക അക്രമം നടന്നു. 1950 ഫെബ്രുവരി ആകുമ്പോഴേക്കും കലാപം പിടിച്ചാൽ കിട്ടാതായി. കുറഞ്ഞത് പതിനായിരം പേരെങ്കിലും കൊല്ലപ്പെട്ടു. ഡാക്കയിൽ മാത്രം 50,000 ഹിന്ദുക്കൾ ഭവനരഹിതരായി. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പതിനായിരക്കണക്കിന് അഭയാർത്ഥികൾ പടിഞ്ഞാറൻ ബംഗാളിലേക്ക് പ്രവഹിച്ചു. അതിർത്തി ഗ്രാമങ്ങളിൽ വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. ദേശീയ രാഷ്ട്രീയം പ്രക്ഷുബ്‌ധമായി. ഡാക്കയിലേക്ക് പട്ടാളത്തെ അയയ്‌ക്കണമെന്ന് ഹിന്ദുമഹാസഭയും സോഷ്യലിസ്റ്റ് പാർട്ടിയും ആവശ്യപ്പെട്ടു. വിഷയം മുൻനിറുത്തി ശ്യാമപ്രസാദ് മുഖർജിയും കെ.സി. മാളവ്യയും കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. പിന്നീട് നെഹ്റുവിനെ നിശിതമായി കുറ്റപ്പെടുത്തിക്കൊണ്ട് ഡോ. അംബേദ്കറും രാജിവെച്ചു. നെഹ്റു യുദ്ധമല്ല സമാധാനമാണ് ആഗ്രഹിച്ചത്. അദ്ദേഹം നയതന്ത്രത്തിന്റെ വഴിതേടി. 1950 ഏപ്രിൽ ആദ്യം പാകിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാൻ ഡൽഹിയിലെത്തി. ഇരുരാജ്യങ്ങളും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന് നെഹ്റുവും ലിയാഖത്തും തമ്മിൽ ഏപ്രിൽ എട്ടിന് ഉടമ്പടി ഒപ്പിട്ടു. പക്ഷേ, ഉടമ്പടിയിലെ വ്യവസ്ഥകൾ കടലാസിൽ മാത്രമായി. പട്ടികജാതിക്കാർക്കെതിരെയുള്ള അക്രമങ്ങളിൽ മനംനൊന്ത് ജോഗേന്ദ്രനാഥ് മണ്ഡൽ പാകിസ്ഥാൻ കാബിനറ്റിൽ നിന്ന് രാജിവയ്‌ക്കുകയും ഇന്ത്യയിലേക്ക് മടങ്ങിവരികയും ചെയ്തു. അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ശിഷ്ടകാലം ബംഗാളിൽ നിന്നുള്ള അഭയാർത്ഥികളുടെ ക്ഷേമത്തിനു വേണ്ടി മാത്രം പ്രവർത്തിച്ചു.

അതിനുശേഷവും സ്ഥിതി മെച്ചപ്പെട്ടില്ല. 1963 ഡിസംബർ അവസാനം ശ്രീനഗറിലെ ഹസ്റത്ത്ബാൽ പള്ളിയിൽ നിന്ന് പ്രവാചകന്റെ തിരുകേശം കാണാതായെന്ന കിംവദന്തിയെത്തുടർന്ന് വടക്കേ ഇന്ത്യയിൽ പലയിടത്തും വർഗീയ ലഹളകളുണ്ടായി. അതു കിഴക്കൻ പാകിസ്ഥാനിലേക്കും വ്യാപിച്ചു. അവിടെ ന്യൂനപക്ഷ സമുദായക്കാർ വലിയതോതിൽ അക്രമങ്ങൾക്കിരയായി. 1965 ൽ ഇന്ത്യ - പാകിസ്ഥാൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോഴും അക്രമങ്ങൾ ആവർത്തിച്ചു. 1967 ൽ ഫീൽഡ് മാർഷൽ അയൂബ് ഖാന്റെ സ്ഥാനത്ത് ജനറൽ യഹ്യഖാൻ പട്ടാള ഭരണാധികാരിയായി വന്നപ്പോൾ സ്ഥിതി കൂടുതൽ വഷളായി. കിഴക്കൻ ബംഗാളിൽ രബീന്ദ്ര സംഗീതത്തിനുവരെ വിലക്കേർപ്പെടുത്തി. ചിറ്റഗോങ്ങ് മേഖലയിലെ ബുദ്ധമതാനുയായികളായ ചക്മ ആദിവാസികളും കൊടിയ പീഡനങ്ങൾക്കിരയായി. ക്രൈസ്തവരുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. കിഴക്കൻ പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങൾ മുജീബുർ റഹ്മാന്റെ അവാമി ലീഗിനെയാണ് പ്രായേണ പിന്തുണച്ചിരുന്നത്. 1971 ലെ പൊതുതിരഞ്ഞെടുപ്പിൽ അവാമി ലീഗിന് ഭൂരിപക്ഷം ലഭിക്കുകയും ഷേക്ക് മുജീബുർ റഹ്മാൻ ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തതോടെ ഹിന്ദുക്കളുടെ കാര്യം കൂടുതൽ പരിതാപകരമായി. സൈനിക മേധാവി ലെഫ്‌. ജനറൽ ടിക്ക ഖാൻ ഒാപ്പറേഷൻ സെർച്ച് ലൈറ്റ് പ്രഖ്യാപിച്ച രാത്രിയിൽത്തന്നെ ഹിന്ദുക്കൾ കൂട്ടക്കൊലയ്ക്ക് ഇരയായി. ജമാ അത്തെ ഇസ്ളാമി, ബംഗ്ളാ ദേശീയവാദികൾക്കും ഹിന്ദുക്കൾക്കുമെതിരെ വ്യാപക അക്രമം അഴിച്ചുവിട്ടു. അവർ രൂപീകരിച്ച അൽ ബദർ, അൽ ഷംസ് എന്നീ സായുധ സംഘങ്ങളും റസാക്കർമാരും അഴിഞ്ഞാടി. ഗുലാം അസം എന്നൊരു ഭയങ്കരനായിരുന്നു നേതൃത്വം നൽകിയത്. മൂന്നു ലക്ഷത്തിലധികം പേർ കൂട്ടക്കൊലക്കിരയായി. നിർബന്ധിത മതപരിവർത്തനത്തിനും ബലാത്സംഗത്തിനും വിധേയരായവർ അതിലുമെത്രയോ അധികമായിരുന്നു.

1971 മാർച്ചിനും ഡിസംബറിനുമിടയിൽ ഒരുകോടിയോളം അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പ്രവഹിച്ചു. അത് ഇന്ത്യാ - പാകിസ്ഥാൻ യുദ്ധത്തിൽ കലാശിച്ചു. യുദ്ധത്തിനൊടുവിൽ ബംഗ്ളാദേശ് യാഥാർത്ഥ്യമായി. ഷേക്ക് മുജീബുർ റഹ്മാൻ തിരിച്ചു വരികയും രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ ജമാ അത്തെ ഇസ്ളാമി നിരോധിക്കപ്പെട്ടു. ഗുലാം അസമിന്റെ പൗരത്വം റദ്ദാക്കി. 1972 ൽ പുതിയ ഭരണഘടന നിലവിൽവന്നു. ബംഗ്ളാദേശ് സ്വതന്ത്ര പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ളിക്കായി. എല്ലാ മതങ്ങൾക്കും തുല്യ സ്വാതന്ത്ര്യം അനുവദിച്ചു. എന്നാൽ സുവർണകാലം അധികം നീണ്ടില്ല. 1975 ആഗസ്റ്റ് 15 ന് മുജീബ് കൊലചെയ്യപ്പെട്ടു. സൈന്യം അധികാരം പിടിച്ചെടുത്തു. പാകിസ്ഥാനും സൗദി അറേബ്യയും തൽക്ഷണം സൈനിക ഭരണകൂടത്തെ അംഗീകരിച്ചു. അവരുടെ താത്പര്യപ്രകാരം ജമാ അത്തെ ഇസ്ളാമിയുടെ നിരോധനം നീക്കുകയും ഗുലാം അസം രാജ്യത്ത് തിരിച്ചെത്തുകയും ചെയ്തു. അവാമി ലീഗ് നേതാക്കളും ബംഗ്ളാ ദേശീയ വാദികളും അതിലുപരി ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെട്ടു. സൈനിക ഭരണം നിലനിന്നിടത്തോളം അതേ അവസ്ഥ തുടർന്നു. രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യ 13.5 ശതമാനമായി കുറഞ്ഞു. 1988 ൽ ഭരണഘടന ഭേദഗതി ചെയ്ത് ഇസ്ളാം രാജ്യത്തിന്റെ ഒൗദ്യോഗിക മതമായി പ്രഖ്യാപിച്ചു. എല്ലാ മതങ്ങൾക്കും തുല്യ പ്രധാന്യമുണ്ടാകുമെന്നും മതസ്വാതന്ത്ര്യം മൗലികാവകാശമായിരിക്കുമെന്നും ഉറപ്പുനല്‌കി. പക്ഷേ വാഗ്ദാനം ഒരിക്കലും പാലിക്കപ്പെട്ടില്ല.

ജനാധിപത്യം പുന:സ്ഥാപിച്ചശേഷവും സ്ഥിതി ഒട്ടും ആശാവഹമായിരുന്നില്ല. 1991 ൽ ജമാ അത്തെ ഇസ്ളാമിയുടെ പിന്തുണയോടും പങ്കാളിത്തത്തോടും കൂടി ബി.എൻ.പി നേതാവ് ബീഗം ഖാലിദാ സിയ മന്ത്രിസഭ രൂപീകരിച്ചു. അതിനുശേഷവും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ തുടർന്നു. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടശേഷം ബംഗ്ളാദേശിൽ ഹൈന്ദവർക്കെതിരെ നിരവധി ആക്രമണങ്ങൾ നടന്നു. ക്ഷേത്രങ്ങൾ തകർത്തു. അവയുടെ പശ്ചാത്തലത്തിലാണ് തസ്‌ലിമ നസ്റിന്റെ പ്രസിദ്ധമായ 'ലജ്ജ' എന്ന നോവൽ രചിക്കപ്പെട്ടത്. 1996 ലെ തിരഞ്ഞെടുപ്പിൽ അവാമി ലീഗിന് ഭൂരിപക്ഷം ലഭിക്കുകയും മുജീബുർ റഹ്മാന്റെ മകൾ ഷേക്ക് ഹസീന പ്രധാനമന്ത്രിയാവുകയും ചെയ്തു. ശേഷം ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ താരതമ്യേന കുറഞ്ഞു. അവർക്ക് സംരക്ഷണം നൽകാൻ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധയായിരുന്നു. എന്നാൽ അവാമി ലീഗിലെ പലനേതാക്കളും അത്രതന്നെ മതേതര ചിന്താഗതിക്കാരായിരുന്നില്ല. 2001 ൽ വീണ്ടും ജമാ അത്തെ ഇസ്ളാമിയുടെ പിൻബലത്തിൽ ബീഗം ഖാലിദ സർക്കാർ രൂപീകരിച്ചു. അക്രമം മുമ്പത്തെക്കാൾ ഭയങ്കരമായിരുന്നു. കൊള്ളയും കൊലയും കൊള്ളിവയ്പും നിർബാധം നടന്നു. പൊലീസ് കാഴ്ചക്കാരായി. ഇന്ത്യയിലേക്ക് അഭയാർത്ഥികൾ പ്രവഹിച്ചു. ആ ഘട്ടത്തിലാണ് പൗരത്വനിയമം ഭേദഗതി ചെയ്യണമെന്നും ബംഗ്ളാദേശിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകണമെന്നുമുള്ള മുറവിളി അതിശക്തമായത്. 2009 ൽ അവാമി ലീഗ് ഭൂരിപക്ഷം തിരിച്ചു പിടിക്കുകയും ഷേക്ക് ഹസീന വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്തു. ജമാ അത്തെ ഇസ്ളാമിയടക്കമുള്ള മതമൗലികവാദികളെയും ഹുജി പോലെയുള്ള തീവ്രവാദ സംഘടനകളെയും അമർച്ച ചെയ്യുമെന്ന് അവർ പ്രഖ്യാപിച്ചു. സ്ഥിതി മെച്ചപ്പെട്ടു. 1971 ലെ യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാൻ സർക്കാർ ട്രിബ്യൂണൽ രൂപീകരിച്ചു. ബി.എൻ.പിയുടെയും ജമാ അത്തെ ഇസ്ളാമിയുടെയും മുതിർന്ന നേതാക്കൾ വിചാരണ ചെയ്യപ്പെട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയവർ ജീവപര്യന്തം കഠിന തടവിനോ വധശിക്ഷയ്‌ക്കോ വിധിക്കപ്പെട്ടു. 2013 ഫെബ്രുവരി മാസത്തിൽ ജമാ അത്തെ ഇസ്ളാമി നേതാവ് ദൽവാർ ഹുസൈൻ സയീദിയെ തൂക്കിക്കൊല്ലാൻ വിധിച്ചതിൽ പ്രതിഷേധിച്ച് മതമൗലിക വാദികൾ വലിയതോതിൽ അക്രമം അഴിച്ചുവിട്ടു. അമ്പതോളം ക്ഷേത്രങ്ങൾ തകർത്തു. ഹിന്ദുക്കളുടെ കച്ചവട സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു. 87 പേർ കൊല്ലപ്പെട്ടു. അനവധി പേർക്ക് പരിക്കേറ്റു. വലിയ സ്വത്തുനാശവും സംഭവിച്ചു. ഷേക്ക് ഹസീന ഉരുക്കുമുഷ്ടി ഉപയോഗിച്ച് അക്രമം അടിച്ചമർത്തി. 2013 ൽ ജമാ അത്തെ ഇസ്ളാമി വീണ്ടും നിരോധിക്കപ്പെട്ടു. ഇടക്കിയ്‌ടെ അനിഷ്ട സംഭവങ്ങളുണ്ടായെങ്കിലും നില വളരെ ഗുരുതരമായില്ല.

നിലവിൽ 16.5 കോടിയാണ് ബംഗ്ളാദേശിലെ ജനസംഖ്യ. ഹിന്ദുക്കൾ ഒന്നേമുക്കാൽ കോടി മാത്രം. കഷ്ടിച്ച് 9.5 ശതമാനം. 2009 മുതൽ ഇത:പര്യന്തം അവാമി ലീഗാണ് ഭരണത്തിലുള്ളത്. ഷേക്ക് ഹസീന പ്രധാനമന്ത്രിയായി തുടരുന്നു. ഇന്ത്യാ ഗവൺമെന്റുമായി ഉറച്ച സൗഹൃദമാണ് അവാമി ലീഗിനും ഹസീനയ്ക്കുമുള്ളത്. ഇക്കാര്യം മതമൗലിക വാദികളെയും തീവ്രവാദികളെയും അസ്വസ്ഥമാക്കുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ സ്വതന്ത്ര ബംഗ്ളാദേശിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ നരേന്ദ്രമോദി ഡാക്ക സന്ദർശിച്ചിരുന്നു. അപ്പോഴും തീവ്രവാദികൾ വലിയതോതിൽ പ്രതിഷേധം സംഘടിപ്പിച്ചു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ അനിഷ്ട സംഭവങ്ങൾ.

1946 ലെന്നപോലെ നവാഖലി പ്രദേശത്താണ് ഇത്തവണയും വലിയതോതിൽ അക്രമം അരങ്ങേറിയത്. ദുർഗാപൂജ അലങ്കോലപ്പെടുത്താനോ ന്യൂനപക്ഷ സമുദായാംഗങ്ങളെ ഭയചകിതരാക്കി ഇന്ത്യയിലേക്ക് ഒാടിക്കാനോ മാത്രമല്ല കലാപം ആസൂത്രണം ചെയ്തത്. മോദിയുടെയും ഇന്ത്യയുടെയും സുഹൃത്തും ഹിന്ദുക്കളുടെ സംരക്ഷകയുമായ പ്രധാനമന്ത്രിയെ സ്ഥാനഭ്രഷ്ടയാക്കി താലിബാൻ മാതൃകയിൽ ഇസ്ളാമിക ഭരണം കൊണ്ടുവരാനാണ് അവർ താത്പര്യപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ഇന്ത്യാ ഗവൺമെന്റ് കരുതലോടു കൂടി ഇൗ വിഷയത്തെ സമീപിക്കുന്നതും ഷേക്ക് ഹസീനയ്ക്ക് ശക്തമായ പിന്തുണ നൽകുന്നതും.

വൈകി കിട്ടിയത് : ബംഗ്ളാദേശിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ടസംഭവങ്ങളെ ജമാ അത്തെ ഇസ്ളാമി കേരള അമീർ എം.ഐ. അബ്ദുൾ അസീസ് അപലപിച്ചു. ന്യൂനപക്ഷങ്ങൾക്ക് ആശങ്ക ഉണ്ടാക്കാത്തവിധം അവരുടെ ജീവനും ആരാധനാലയങ്ങൾക്കും ബംഗ്ളാദേശ് സർക്കാർ പൂർണ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. വർഗീയ ആക്രമണങ്ങളും നിയമലംഘനങ്ങളും ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും ആരാധനാലയങ്ങൾ തകർക്കുന്നത് ഇസ്ളാമികമോ ജനാധിപത്യപരമോ അല്ലെന്നും വർഗീയവും വംശീയവുമായ ഇടുങ്ങിയ ചിന്തയിൽ കുഴപ്പങ്ങളുണ്ടാക്കുന്നവർ മനുഷ്യദ്രോഹികളും രാജ്യദ്രോഹികളുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരമസത്യം !

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BENGLADESH
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.