SignIn
Kerala Kaumudi Online
Wednesday, 08 December 2021 2.52 PM IST

പാഴായ പദ്ധതിയും കുറെ പാഴ്‌വാഗ്‌ദാനങ്ങളും

dam

ദുരിതം വിതച്ച കാലവർഷക്കെടുതിയിൽ തെക്കൻ ജില്ലകൾ കണ്ണിമ ചിമ്മാതെ പ്രാർത്ഥനയോടെ കഴിഞ്ഞപ്പോൾ കണ്ണൂർ ജില്ലയുടെ പേടി പഴശ്ശി ഡാമിനെ കുറിച്ചായിരുന്നു. പ്രവർത്തനം തുടങ്ങി അരനൂറ്റാണ്ടിലെത്തിയിട്ടും ഇനിയും ലക്ഷ്യത്തിലെത്താത്ത അഴിമതിയുടെയും ധൂർത്തിന്റെയും സ്മാരകശില. വെള്ളാന എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളൂ. ഇതു അതിലപ്പുറമാണ്. അറ്റകുറ്റപ്പണിക്കായി നിരവധി തവണ ടെൻഡർ ക്ഷണിച്ചിട്ടും ഒരു കമ്പനി പോലും തിരിഞ്ഞു നോക്കാനുണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം. മുല്ലപ്പെരിയാറൊന്നുമല്ല ആദ്യം പൊട്ടുന്നത് പഴശ്ശിയാണെന്നാണ് നാട്ടുകാർ പറയുന്നത്.

ഓരോ മാസവും അമ്പതോളം ജീവനക്കാർക്ക് ലക്ഷങ്ങൾ ശമ്പളം നൽകുന്നതല്ലാതെ മറ്റു നേട്ടങ്ങളൊന്നും ഡാമിനെ കൊണ്ടില്ലെന്ന് പറയുന്നവരെ കുറ്റംപറയാൻ കഴിയില്ല. 1979ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിക്ക് ഇതുവരെയും പത്തുശതമാനം മാത്രമാണ് ലക്ഷ്യം കൈവരിക്കാനായത്. 2008 മുതൽ ജലവിതരണം തീരെ നടന്നിട്ടില്ലെന്നതാണ് കെടുകാര്യസ്ഥതയുടെ പ്രധാന തെളിവായി ചൂണ്ടിക്കാട്ടുന്നത്.

കുടക് മലനിരകളിൽ നിന്നും വയനാടൻ കാടുകളിൽ നിന്നും ഒഴുകിവരുന്ന വളപട്ടണം പുഴയ്ക്ക് കുറുകെയാണ് ഈ അണക്കെട്ട്. മട്ടന്നൂർ കുയിലൂരിൽ പുഴയിലെ ജലവിതാനം 16 മീറ്ററാക്കി ഉയർത്തിയാണ് കുപ്പം പുഴയ്ക്കും മാഹി പുഴയ്ക്കും ഇടയിലുള്ള കൃഷിഭൂമിയിൽ വെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതി തുടങ്ങിയത്. കനത്ത മഴയിൽ പുഴകൾ നിറഞ്ഞു കവിയുമ്പോഴുള്ള ആശങ്കയും ഇപ്പോൾ ഈ പ്രദേശത്തുകാർക്കുണ്ട്. അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കംചെയ്യുന്നതിന്റെ ഭാഗമായി കേന്ദ്രസംഘം കഴിഞ്ഞദിവസം പ്രദേശം സന്ദർശിച്ചിരുന്നു.

ബാരേജ് വിഭാഗത്തിൽ

പഴശ്ശി പദ്ധതി ബാരേജ് വിഭാഗത്തിലാണ്. ഡാമുകൾ നീരൊഴുക്കിനെ തടഞ്ഞു നിറുത്തുന്നതും ബാരേജുകൾ നീരൊഴുക്ക് തടഞ്ഞ് ഗതി തിരിച്ചു വിടുന്നതുമാണ്. 1957 ലെ ഇ .എം. എസ് സർക്കാർതയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മൂന്ന് കനാലുകളുടെ പണി പൂർത്തിയായെങ്കിലും വെള്ളം ശേഖരിക്കാനോ വിതരണം ചെയ്യാനോ ഇനിയും കഴിഞ്ഞിട്ടില്ല. മണ്ണിൽ നിർമിച്ച കനാലുകൾ പലതും പൂർണമായും ജീർണിച്ചു. രണ്ട് അണ്ടർ ടണലുകൾ തകർന്നു. പറശ്ശിനിക്കടവ്, മാഹി ഭാഗങ്ങളിലേക്കു വെള്ളമെത്തിക്കാൻ ഇനിയും നടപടിയായില്ല. തുടക്കത്തിൽ കണക്കാക്കിയിരുന്നത് 4.42 കോടി രൂപയായിരുന്നു. 1979ൽ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ ചെലവ് 192 കോടി രൂപയായി ഉയർന്നു. ഇപ്പോൾ ഭൂമിയും മറ്റുമായി 6000 കോടിയുടെ ആസ്തിയുണ്ട്.

ഉപകനാലുകൾ മിക്കയിടത്തും വൻതോതിൽ കൈയേറി മണ്ണിട്ട് മൂടി കെട്ടിടങ്ങളും മറ്റും അനധികൃതമായി നിർമ്മിച്ചിട്ടുമുണ്ട്. ഇതു കണ്ടുപിടിക്കുന്നതു മാത്രമാണ് ഇപ്പോൾ നടക്കുന്ന പ്രധാന ജോലി. ആരെങ്കിലും പരാതി നൽകുമ്പോൾ മാത്രമാണ് കൈയേറ്റ വിവരം പോലും അധികൃതർ അറിയുന്നത്. ഇതിനായി പകൽ മുഴുവൻ കോടതി കയറിയിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് പദ്ധതിയുടെ കാര്യം നോക്കാനും നേരമില്ല. ഉപകനാലുകൾ എവിടെയൊക്കെയാണെന്നു പോലും നിശ്ചയമില്ലാത്ത ഉദ്യോഗസ്ഥരുമുണ്ട്. ഒരു

പ്രധാന കനാലും മാഹി, എടക്കാട്, അഴീക്കൽ, കാട്ടാമ്പള്ളി, മൊറാഴ തുടങ്ങി അഞ്ച് ശാഖാ കനാലുകളും ഉൾപ്പെടുന്നതാണ് മട്ടന്നൂർ വെളിയമ്പ്രയിലെ പഴശ്ശി പദ്ധതി.

ഇതിനിടെ 2019ലെ പ്രളയത്തെ തുടർന്നുണ്ടായ വിള്ളലിൽ കനാലിന് ആറ് കോടിയുടെ നാശനഷ്ടവുമുണ്ടായി. കാലപ്പഴക്കം കാരണം അറ്റകുറ്റപണി ഏറ്റെടുക്കാൻ പോലും ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ. പലയിടങ്ങളിലും കൃഷിയിടങ്ങളിലേക്കുള്ള വെള്ളം പാഴാവുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും പഴശ്ശി പദ്ധതി പ്രദേശവാസികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഡാമുകളിൽ ചെളിയും മണലും നീക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ആശങ്ക കനത്തതോടെ ഡ്രഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അധികൃതർ ഡാം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രളയത്തിലും കാലവർഷത്തിലും അടിഞ്ഞ ചെളിയും മണലും കല്ലും മറ്റു മാലിന്യങ്ങളും ഡാമുകൾക്ക് പരിക്കില്ലാതെ വിദഗ്ധരുടെ നേതൃത്വത്തിൽ നീക്കാനും പദ്ധതിയിടുന്നുണ്ട്. മണൽ വേർതിരിച്ചെടുത്ത് സംസ്ഥാനത്തിന് നൽകാനുള്ള നടപടിയാണ് ഇനി വേണ്ടത്. നാലുവർഷമായി മണൽ ശേഖരണം നിറുത്തിവച്ച പഴശ്ശിയിൽ ഡാം ശുദ്ധീകരണ പദ്ധതി നടപ്പായാൽ അനധികൃത മണലൂറ്റലും കടത്തും തടയാനാവും. കോടികളുടെ പുഴ മണൽ നിക്ഷേപവുമുണ്ട്. പഴശ്ശി ജലസംഭരണിയിലും ഇരിട്ടി പുഴയുടെ കടവുകളിലും ശാസ്ത്രീയമായി ഇവ സംഭരിക്കാൻ സംവിധാനമുണ്ടാകുന്നത് സർക്കാരിന് വൻ വരുമാനമുണ്ടാക്കാൻ കഴിയും.

ഡാമുകളുടെ ആഴം കുറയുന്ന തരത്തിൽ വൻതോതിൽ ചെറിയും മണലും കല്ലും ഒഴുകിയെത്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിനിടയാക്കുന്ന തരത്തിൽ മണൽ നിക്ഷേപവുമുണ്ട്. ഇതു പരിഹരിക്കൽ കൂടിയാണ് ശുദ്ധീകരണ പദ്ധതിയുടെ ലക്ഷ്യം.

ഡ്രഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിശാഖപട്ടണം കേന്ദ്രത്തിൽ നിന്നുള്ള സംഘമാണ് പഴശ്ശി പദ്ധതിയുടെ വെളിയമ്പ്ര ഡാം സന്ദർശിച്ചത്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഡാം ശുദ്ധീകരണം ഏറ്റെടുക്കും.

മുൻവർഷങ്ങളിലെ വെള്ളപ്പൊക്കവും പ്രകൃതിദുരന്തങ്ങളും കാരണം പഴശ്ശി ഡാം കടുത്ത തകർച്ച നേരിടുകയാണ്. സമയബന്ധിതമായി അറ്റകുറ്റപണി കിട്ടാത്തതാണ് പ്രധാന കാരണം. 2008 മുതൽ ജലവിതരണം നിലച്ച കനാൽ ശൃംഖല പൂർണമായി താറുമാറായി കിടക്കുകയാണ്. ജീവനക്കാരുടെ എണ്ണം ഘട്ടംഘട്ടമായി കുറച്ചതും ഫണ്ടിന്റെ അപര്യാപ്തതയും സാഹചര്യം കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു.

404 കി.മീ.നീളം വരുന്ന കനാലുകൾ പൂർണമായി പുനരുദ്ധരിച്ച് ഉപയോഗയോഗ്യമാക്കുന്നതിന് അടിയന്തരമായി 100 കോടി രൂപയോളം ആവശ്യമായി വരും. ഇത് ലഭ്യമാക്കിയാൽ പദ്ധതി പൂർത്തീകരിക്കുന്നതിന് ജീവനക്കാരുടെ എണ്ണത്തിലും ആനുപാതിക വർദ്ധന ഉണ്ടാകേണ്ടിയിരിക്കുന്നു. പദ്ധതി വിജയകരമായി പൂർത്തീകരിച്ചാൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് എന്നീ വില്ലേജുകളിൽ 11525 ഹെക്ടർ പ്രദേശത്തെ കൃഷിഭൂമി ജലസേചന യോഗ്യമാക്കി തീർക്കാൻ സാധിക്കും. മുൻകാലങ്ങളിൽ മൂന്ന് ഡിവിഷൻ, അഞ്ച് സബ് ഡിവിഷൻ, 17 സെക്ഷൻ എന്നിങ്ങനെ ഓഫീസുകളുടെ സേവനം ലഭ്യമായിരുന്ന പഴശ്ശി പദ്ധതിക്ക് നിലവിൽ ഒരു ഡിവിഷൻ, ഒരു സബ് ഡിവിഷൻ, നാല് സെക്ഷൻ എന്നിങ്ങനെ മാത്രമാണ് ഓഫീസുകളുള്ളത്. ഇത്രയും ചുരുങ്ങിയ ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് 5400 ഏക്കറോളം വരുന്ന വസ്തുക്കളുടെ പരിപാലനം ഉൾപ്പെടെ പ്ലാൻ ഫണ്ടിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ നടപ്പിലാക്കിവരുന്നത്.

കാലാവധി തീരാൻ 10 ദിവസം

മട്ടന്നൂർ, കാര , വളയാൽ എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതും തകർച്ച നേരിട്ടതുമായ കനാൽ ഇൻസ്‌പെക്ഷൻ റോഡും കനാൽ ഭിത്തിയും പുനരുദ്ധരിക്കാൻ വിവിധ പ്രൊജക്ടുകളിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപയുടെ പ്രവൃത്തി നടപ്പിലാക്കിവരുന്നു. 2020 നവംബർ 3 ന് കരാർ ഉടമ്പടിയിൽ ഏർപ്പെട്ട പ്രവൃത്തി നിലവിൽ അമ്പത് ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. പൂർത്തീകരണ കാലാവധി നവംബർ രണ്ട് വരെയാണ്. നിലവിൽ ലഭ്യമായ ഫണ്ടും ജീവനക്കാരെയും ഉപയോഗപ്പെടുത്തി 46 കി.മീ.വരുന്ന മെയിൻ കനാലും 23 കി.മീ. വരുന്ന മാഹി ഉപകനാലും ഉപയോഗയോഗ്യമാക്കുന്നതിലേക്കുളള തീവ്രശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KANNUR DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.