തിരുവനന്തപുരം: കിള്ളിപ്പാലത്തെ ലോഡ്ജിൽ റെയ്ഡിനിടെ പൊലീസിന് നേരെ പടക്കമെറിഞ്ഞ് രക്ഷപ്പെട്ട പ്രതികളിൽ ഒരാളെയും പ്രതികൾക്ക് ഒളിസങ്കേതം ഒരുക്കിയ സഹായിയും പിടിയിൽ. കരമന കീഴാറന്നൂർ ചരുവിള പുത്തൻവീട്ടിൽ രാകേഷ് കൃഷ്ണ (21), കാരയ്ക്കാമണ്ഡപം പ്രീത നിവാസിൽ ആകാശ് (20) എന്നിവരെയാണ് സിറ്റി നാർക്കോട്ടിക് സെൽ ടീമിന്റെ സഹായത്തോടെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് നാർകോട്ടിക് ടീമും പൊലീസും ചേർന്ന് കിള്ളി ടൂറിസ്റ്റ്ഹോമിൽ നിന്ന് അഞ്ച് കിലോ കഞ്ചാവും എം.ഡി.എം.എയും മൂന്ന് എയർ പിസ്റ്റലും രണ്ട് വെട്ടുകത്തികളും പിടിച്ചെടുത്തത്. ഇതിനിടെയാണ് കഞ്ചാവ് വില്പനസംഘം പൊലീസിനുനേരെ പടക്കമെറിഞ്ഞത്. സംഘത്തിലെ രണ്ടുപേരെ അന്നുതന്നെ പിടികൂടിയെങ്കിലും മറ്റുള്ളവർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയതും ഒളിവിൽപോകാൻ സഹായിച്ചതും ആകാശാണ്. രക്ഷപ്പെട്ട മറ്റൊരു പ്രതിയെ കണ്ടെത്തുന്നതിനുളള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |