കൽപ്പറ്റ: മണിക്കുന്ന്മല ത്രിമൂർത്തി ക്ഷേത്രത്തിന്റെ പേരിൽ വീടുകൾ കയറി പണം പിരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി. ക്ഷേത്ര ഭരണ സംവിധാനത്തെയും ആചാരങ്ങളെയും ലംഘിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ ബ്രഹ്മജ്യോതി ട്രസ്റ്റ് എന്ന പേരിലാണ് പണപിരിവ് നടത്തി ആളുകളെ കബളിപ്പിക്കുന്നതെന്ന് മണിക്കുന്ന്മല ആചാര സംരക്ഷണ സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്ര പ്രതിഷ്ഠകൾക്ക് ദോഷം സംഭവിച്ചെന്നും പരിഹാരം ചെയ്തില്ലെങ്കിൽ പ്രദേശത്തെ ജനങ്ങൾക്ക് കടുത്ത ദുരന്തം സംഭവിക്കുമെന്നും വ്യാജ പ്രചാരണം നടത്തി പണം പിരിക്കുകയും ആചാരങ്ങൾ തെറ്റിച്ച് തോന്നുംവിധം പൂജാകർമങ്ങൾ നടത്തുകയുമാണ്. വ്യാജ ട്രസ്റ്റിന്റെ പേരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം പിടിച്ചെടുക്കുകയും ക്ഷേത്ര സ്വത്തുക്കൾ കൈവശപ്പെടുത്തുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി, കളക്ടർ, ഡി.എഫ്.ഒ തുടങ്ങിയവർക്ക് പരാതി നൽകി. വാർത്താസമ്മേളനത്തിൽ അഡ്വ: പി ചാത്തുക്കുട്ടി, സി.ബാലചന്ദ്രൻ, വി.കേശവൻ, സുബ്രഹ്മണ്യസ്വാമി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |