SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.47 AM IST

ലോകകപ്പിലെ ശക്തരായ ടീമായിട്ട് കൂടി ഇന്ത്യ തോറ്റത് കൊഹ‌്‌ലി പട മോശമായതുകൊണ്ടല്ല, പാകിസ്ഥാന്റെ വിജയത്തിനു പിന്നിലെ അഞ്ച് കാരണങ്ങൾ

team-india

"ഇന്ന് ഇന്ത്യ ജയിച്ചു, പക്ഷേ എന്നും അങ്ങനെയായിരിക്കില്ല. പാകിസ്ഥാനും ജയിക്കുന്ന ഒരു ദിവസം വരും." 2015 ലോകകപ്പിൽ പാകിസ്ഥാനെ 76 റൺസിന് പരാജയപ്പെടുത്തിയ ശേഷം അന്നത്തെ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞ വാക്കുകളാണിത്. ക്രിക്കറ്റ് ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയെ പാകിസ്ഥാൻ തോൽപിക്കുന്നതെന്നത് തന്നെ ഇന്ത്യ ആസ്വദിച്ചിരുന്ന മേധാവിത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇത്തവണയും ചരിത്രം ആവർത്തിക്കുമെന്ന് തന്നെയാണ് പലരും കരുതിയിരുന്നത്. കാരണം അത്രയേറെ ശക്തമായ ഇന്ത്യൻ നിരയാണ് ലോകകപ്പിന് ദുബായിൽ എത്തിയിരിക്കുന്നത്. മറുവശത്ത് പാകിസ്ഥാന്റെ കാര്യമെടുത്താൽ നേരാംവണ്ണം ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാൻ സാധിച്ചിട്ടില്ല. എന്നിട്ടും പാകിസ്ഥാൻ ഇന്ത്യക്കെതിരെ മത്സരത്തിലുടനീളം മേധാവിത്വം പുലർത്തിയെങ്കിൽ അതിനു ചില കാരണങ്ങളുണ്ട്.

1 ദുബായ് സ്റ്റേഡിയം

ഇത്തവണത്തെ ഐ പി എൽ നടന്നത് ദുബായിൽ ആണെന്നത് സത്യമാണ്. എന്നാൽ ഒരു ടീമെന്ന നിലയിൽ ഇന്ത്യൻ താരങ്ങൾ ഇന്നേവരെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കളിച്ചിട്ടില്ല; എന്തിന് പറയുന്നു യു എ ഇയിൽ പോലും ഇന്ത്യൻ ടീം ഇന്നു വരെ ഒരു ടി ട്വന്റി മത്സരം കളിച്ചിട്ടില്ല. എന്നാൽ പാകിസ്ഥാന്റെ അവസ്ഥ അതല്ല. തീവ്രവാദ ഭീഷണിയും മറ്റും കണക്കിലെടുത്ത് വർഷങ്ങളായി പാകിസ്ഥാന്റെ ഹോം ഗ്രൗണ്ടാണ് ദുബായ് സ്റ്റേഡിയം. ഒരുപക്ഷേ യു എ ഇ ദേശീയ ടീമിനേക്കാളും കൂടുതൽ മത്സരങ്ങൾ ദുബായ് സ്റ്റേഡിയത്തിൽ കളിച്ചിട്ടുള്ളതും പാകിസ്ഥാനായിരിക്കും. ഇതുവരെയായും പാകിസ്ഥാൻ 36 ടി ട്വന്റി മത്സരങ്ങൾ യു എ ഇയിൽ കളിച്ചിട്ടുണ്ട്. അതിൽ തന്നെ 26ഓളം മത്സരങ്ങൾ കളിച്ചിട്ടുള്ളത് ദുബായിലുമാണ്.

2. പാകിസ്ഥാന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്

പാകിസ്ഥാന്റെ വിജയങ്ങളിലെല്ലാം നിർണായക പങ്ക് വഹിച്ച ഒരു കൂട്ടുക്കെട്ടാണ് അവരുടെ ഓപ്പണിംഗ് സഖ്യമായ ബാബർ അസാം - മുഹമ്മദ് റിസ്വാൻ ജോഡി. പഴയ സയീദ് അൻവർ - ആമീ‌ർ സൊഹൈൽ തരംഗത്തിനു ശേഷം പാകിസ്ഥാന് ലഭിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ബാബറിന്റെയും റിസ്വാന്റെയും. ഈ കൂട്ടുകെട്ടിന്റെ ബാറ്റിംഗ് ശരാശരി തന്നെ 52.10 ആണ്; അതും 9.16 എന്ന അസാമാന്യ സ്ട്രൈക്ക് റേറ്റിൽ. ഇന്ത്യൻ ബൗളർമാർക്ക് ഈ കൂട്ടുകെട്ടിനെതിരെ കളിച്ച് പരിചയമില്ലാത്തതും തിരിച്ചടിയായി.

pakistan-openers

3. ധോണി ഫാക്ടർ

ടി ട്വന്റിയിൽ ഇന്നലത്തെ മത്സരം കൂടി കൂട്ടിയാൽ ഇന്ത്യയും പാകിസ്ഥാനും ഇതു വരെ ഒൻപത് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ ഏഴു തവണയും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ആ ഏഴു വിജയവും ധോണിയുടെ നേതൃത്വത്തിലുമായിരുന്നു. ധോണിയുടെ ബാറ്റിംഗ് മികവിലായിരുന്നില്ല ഈ വിജയങ്ങളിൽ ഭൂരിപക്ഷവും. പക്ഷേ ഗ്രൗണ്ടിൽ ക്യാപ്ടൻ എന്ന നിലയിൽ ധോണിയെടുക്കുന്ന ചില തീരുമാനങ്ങൾ നി‌ർണായകമായിരുന്നു. ആദ്യ ടി ട്വന്റി ലോകകപ്പിലെ അവസാന ഓവർ ജൊഗീന്ദർ ശർമ്മയെ എറിയാൻ ഏൽപിച്ചതു തന്നെ ഉദാഹണം. എന്നാൽ അത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഒരാളുടെ അഭാവം ഇന്ത്യൻ നേതൃനിരയിൽ ഇപ്പോൾ ഇല്ലെന്നത് യാഥാർത്ഥ്യമാണ്.

4. സമ്മർദ്ദത്തിന് അടുപ്പെടുന്ന കൊഹ്‌ലി

വിരാട‌് കൊഹ്‌ലി ഒരു മികച്ച ക്യാപ്ടനാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ ചില സമയത്ത് കൊഹ്‌ലി എടുക്കുന്ന തീരുമാനങ്ങൾ തിരിച്ചടിക്കുന്നതായാണ് കാണാറുള്ളത്. ഇന്നലത്തെ മത്സരത്തിലെ ടീം സെലക്ഷൻ തന്നെ ഉദാഹരണം. അഞ്ച് ബൗളർമാരുമായി ഇറങ്ങിയിട്ടും പാകിസ്ഥാനെ പിടിച്ചുകെട്ടാൻ ഇന്ത്യക്ക് ആയില്ല, പകരം ബാറ്റിംഗ് കരുത്ത് കുറയുകയും ചെയ്തു.

5. പാകിസ്ഥാൻ താരങ്ങളുടെ വാശി

പാകിസ്ഥാന്റെ സമീപകാല ക്രിക്കറ്റ് ചരിത്രം അറിയാത്തവരായി അധികമാരും ഉണ്ടാകില്ല. ന്യൂസിലാൻഡും ഇംഗ്ളണ്ടും അടക്കമുള്ള മുൻനിര ടീമുകൾ പാകിസ്ഥാനുമായി കളിക്കാൻ വിസമ്മതിച്ചതോടെ ക്രിക്കറ്റ് ഭൂഖണ്ഡത്തിൽ ആ രാഷ്ട്രം ഒറ്റപ്പെടുകയായിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ ടൂർണമെന്റായ ഐ പി എല്ലിൽ കളിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ട ഒരു സംഘം യുവാക്കളാണ് പാകിസ്ഥാൻ ക്രിക്കറ്റിന്റെ കരുത്ത്. അവർക്ക് ലോകത്തിനു മുന്നിൽ പലതും തെളിയിക്കേണ്ടതായുണ്ട്. കഴിഞ്ഞ തവണ ന്യൂസിലാൻഡ് പാകിസ്ഥാൻ പരമ്പരയിൽ നിന്ന് പിന്മാറിയപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ താരങ്ങളോട് ആവശ്യപ്പെട്ടത് പ്രതിഷേധം ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിച്ച് കാണിക്കാനാണ്. അതവർ കാണിക്കുന്നു എന്ന് മാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VIRAT KOHLI, BCCI, INDIA, CRICKET, PAKISTAN, PCB, RAMIZ RAJA, MUHAMMED RIZWAN, BABAR AZAM, DUBAI, ICC, T20, WORLD CUP, TWENTY20
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.