SignIn
Kerala Kaumudi Online
Thursday, 25 April 2024 7.28 PM IST

അപ്പോൾ നിങ്ങളുടെ കൊയ്‌ത്തൊ? വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് കർഷക സമര വേദിയിലെത്തി തോമസ് ഐസക്

thomas-issac

ന്യൂഡൽഹി: ഏറെ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന കർഷക സമരം ഒരു വർഷത്തിലേക്ക് കടക്കുകയാണ്. അതിനിടെ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് സമര വേദി സന്ദർശച്ചതിന് ശേഷം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാണ്.സമരവേദിയിലുള്ള കർഷകരുടെ ഇപ്പോഴത്തെ അവസ്ഥയും പ്രവർത്തനങ്ങളും ഉപജീവനവുമൊക്കെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സമരമുഖത്തെ കർഷകരുടെ നാട്ടിലെ കൃഷിയെ കുറിച്ച് ചോദിച്ചപ്പോൾ അത് നാട്ടുക്കാരും ബന്ധുക്കളും നോക്കും എന്ന മറുപടിയാണ് ലഭിച്ചത് എന്നും അദ്ദേഹം കുറിച്ചു.

പഞ്ചാബിലെയും ഹരിയാനയിലെയും സിഖ് കൃഷിക്കാരും യുപിയിലെയും മറ്റും ജാട്ട് കൃഷിക്കാരുമാണ് പ്രധാനമായി സമരത്തെ നയിക്കുന്നത്. എന്നാൽ രാജ്യത്തെ പ്രധാന കർഷക സംഘടനകളെല്ലാം സമരത്തോട് പിന്തുണ അറിയിച്ചിട്ടുണ്ട്.അതിൻ്റെ ഭാഗമായി തന്നെ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരോ ദിവസവും കർഷകർ വന്ന് പോകുന്നു.കർഷകർ എല്ലാവരും തന്നെ സമരത്തിൻെറ വിജയം വരെ പോരാടും എന്ന ഉറച്ച തീരുമാനത്തിലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

"ഡൽഹിയിലെ കർഷക സമരം ആരംഭിച്ചിട്ട് നവംബർ 26-ന് ഒരു വർഷം തികയും. ഇതുപോലൊരു സമരാനുഭവം ഇന്ത്യയിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ലോകത്തുതന്നെ അത്യപൂർവ്വം. ലക്ഷക്കണക്കിന് ആളുകൾ ഏറ്റവും സമാധാനപൂർവ്വം ഡൽഹിയിലേയ്ക്കുള്ള 6 കവാടങ്ങളിൽ ഇടതടവില്ലാത്ത പ്രതിഷേധം ഉയർത്തുകയാണ്. ഇതു താനെ കെട്ടടങ്ങിക്കോളും എന്നും മറ്റുമുള്ള ഭരണാധികാരികളുടെ ചിന്തകൾ വ്യാമോഹം മാത്രമാണെന്നു തെളിഞ്ഞു. അവിടെച്ചെന്നപ്പോഴാണ് ഈ സന്ദർശനം എത്രയും മുമ്പ് ആവേണ്ടിയിരുന്നതാണെന്നു തോന്നിയത്. നിങ്ങൾ പോകുന്നുവെങ്കിൽ 3 മണിക്കു മുമ്പ് എത്തണം. തണുപ്പു കാലമല്ലേ. 3 മണിയാകുമ്പോൾ സമരപ്പന്തലിൽ നിന്ന് എല്ലാവരും അവരവരുടെ ടെന്റുകളിലേയ്ക്കും കിടപ്പാടങ്ങളിലേയ്ക്കും പിരിയും.

തുടക്കം കിസാൻസഭയുടെ ഐതിഹാസിക നാസിക്കിൽ നിന്ന് മുംബെയിലേയ്ക്കുള്ള ലോംങ് മാർച്ചാണ്. തമിഴ്നാട്ടിലെ കൃഷിക്കാർ ഡൽഹിയിൽ മാസങ്ങൾ തമ്പടിച്ചു പ്രതിഷേധിച്ചു. പൊലീസ് വെടിവയ്പ്പിലും മറ്റും കലാശിച്ച ഒട്ടേറെ സമരങ്ങൾ വടക്കേ ഇന്ത്യയുടെ പല ഭാഗത്തും വളർന്നുവന്നു. ഇതിന്റെയൊക്കെ പിൻഗാമിയായിട്ടാണ് 3 കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ പ്രക്ഷോഭം. മുഖ്യമായും പഞ്ചാബിലെയും ഹരിയാനയിലെയും സിക്ക് കൃഷിക്കാരും യുപിയിലെയും മറ്റും ജാട്ട് കൃഷിക്കാരുമാണ് മുന്നിൽ. എന്നാൽ രാജ്യത്താസകലമുള്ള അഞ്ഞൂറോളം കർഷക സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ധനിക കൃഷിക്കാർ മുതൽ കർഷകത്തൊഴിലാളികൾ വരെയുള്ള എല്ലാ വിഭാഗക്കാരും പങ്കാളികളാണ്.

എന്നെ ഏറ്റവും ആകർഷിച്ചത് ഈ സമരത്തിന്റ സംഘാടനരീതിയാണ്. രാജസ്ഥാൻ, ഹരിയാന, യുപി എന്നീ മൂന്നു സംസ്ഥാനങ്ങളുടെ ഡൽഹി അതിർത്തിയിൽ 6 പ്രധാന റോഡുകളിലാണു സമരം. ഓരോ സ്ഥലത്തെയും സജീവപങ്കാളികളായിട്ടുള്ള കർഷക സംഘടനകളുടെ ഒരു കമ്മിറ്റിയുണ്ട്. അവരാണ് ഓരോ സ്ഥലത്തെയും സമരപരിപാടികളും അച്ചടക്കവുമെല്ലാം നിശ്ചയിക്കുന്നത്. പല ഭാഗത്തുനിന്നും വന്നുചേർന്നിട്ടുള്ളവരാണെങ്കിലും എല്ലാവരും സ്വയം അച്ചടക്കത്തിനു വിധേയമായി പ്രവർത്തിക്കുന്നത് അത്ഭുതകരമാണ്. സംയുക്ത കർഷക സംഘടനയെന്ന നിലയിൽ ഒരു പൊതുവേദിയുണ്ട്. എല്ലാ കർഷക സംഘടനകൾക്കും ഇതിൽ പ്രാതിധിന്യമുണ്ട്. പ്രധാന സംഘടനകളുടെ നേതാക്കൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയുമുണ്ട്. എക്സിക്യുട്ടീവ് കമ്മിറ്റിയാണ് പൊതുവിലുള്ള സമരപരിപാടികളും നയങ്ങളും പ്രഖ്യാപിക്കുക.

സമരത്തിൽ സ്ഥിരമായി നിൽക്കുന്ന ഒരു വലിയ സംഖ്യ ആളുകളുണ്ട്. പക്ഷെ ഭൂരിപക്ഷംപേരും വന്നു പൊയ്ക്കൊണ്ടിരിക്കുന്നവരാണ്. ചില സന്ദർഭങ്ങളിൽ മൂന്നു കേന്ദ്രങ്ങളിലുമായി മൂന്നുലക്ഷത്തിലേറെ പേർ ഒരു സമയമുണ്ടാവും. കഴിഞ്ഞ ദിവസം ഞാൻ ചെന്നപ്പോൾ മൊത്തം സമരക്കാർ ഏതാണ്ട് 30000 പേരായി കുറഞ്ഞിരിക്കണം. വടക്കേ ഇന്ത്യയിൽ കൊയ്ത്തുകാലമാണ്. കൃഷിപ്പണിക്ക് ഭൂരിപക്ഷം പേരും പോയിരിക്കുകയാണ്. കൊയ്ത്തു കഴിഞ്ഞ് നവംബർ 26 ആകുമ്പോൾ എല്ലാവരും തിരിച്ചെത്തും. ഞാൻ പോയത് സിംഗൂർ ബോർഡറിലെ ക്യാമ്പുകളിലാണ്. വിശാലമായ സമരപ്പന്തലിൽ 3 മണിവരെ പ്രസംഗങ്ങളും പാട്ടുമെല്ലാം ഉണ്ടായിരുന്നു. എല്ലാവരും പിരിഞ്ഞിട്ടും ഒരു ചെറുസംഘം സിക്ക് കൃഷിക്കാർ പന്തലിൽ ഉണ്ടായിരുന്നു. അവർ സമരം വിജയിച്ചിട്ടേ തിരിച്ചു പോകുന്നുള്ളൂവെന്ന്. അപ്പോൾ നിങ്ങളുടെ കൊയ്ത്തോ? ഞങ്ങൾ സമരസ്ഥലത്തല്ലേ, ബന്ധുക്കളും നാട്ടുകാരും കൊയ്ത്ത് നടത്തിക്കൊള്ളും.

ഏറ്റവും കൗതുകകരമായ കാര്യം ഭക്ഷണശാലകളുടേതാണ്. സിംഗൂർ ബോർഡറിൽതന്നെ നൂറിലേറെ ഭക്ഷണശാലകളുണ്ട്. ഒരു ലാംഗറിൽ പാചകം നടക്കുന്നതു കണ്ട് അങ്ങോട്ടു ചെന്നു. കടും മധുരത്തിലുള്ള പാൽ ഓരോ ഗ്ലാസ്. പലയിടത്തും പശുക്കളെയും കൊണ്ടുവന്നു കെട്ടിയിട്ടുണ്ട്. ശുദ്ധമായ പാലിനു വേണ്ടി. ഒന്നും കാശുകൊടുത്തു വാങ്ങുന്നില്ല. അവരുടെ ഗ്രാമത്തിന്റെ സംഭാവനയാണ്. ആഴ്ചതോറും ഭക്ഷണസാമഗ്രികളെല്ലാം ഗ്രാമത്തിൽ നിന്നും വന്നുകൊള്ളും. ആർക്കുവേണമെങ്കിലും ഭക്ഷണസമയത്തു ചെന്നാൽ ഭക്ഷണം കിട്ടും. സബ്ജിയും ചപ്പാത്തിയും. ചപ്പാത്തി അപ്പപ്പോൾ ചുട്ടു നൽകുന്നു. എങ്ങനെ അറിയാം എത്ര പേർ വരുമെന്ന്? അതു വൈകുന്നേരം യോഗം കഴിഞ്ഞു പോകുന്നവരുടെ എണ്ണം കണ്ട് ഊഹിക്കാൻ കഴിയുമെന്നായിരുന്നു മറുപടി.

കിടക്കാൻ ഈറ്റകൊണ്ടുള്ള കുടിലുകളും ട്രെയിലറുകൾക്കു മുകളിൽ കെട്ടിപ്പൊക്കിയ ടെന്റുകളുമാണ്. സിംഗൂരിലുള്ള ഏതാണ്ട് പല ഹാളുകളും മൈതാനങ്ങളും സമരക്കാർക്കു തുറന്നുകൊടുത്തിട്ടുണ്ട്. കുറച്ചു പാടത്തേയ്ക്കു നീക്കി കക്കൂസുകളും പണിതിട്ടുണ്ട്. എല്ലാവർക്കും വേണ്ടുന്ന വെള്ളം പൊതു പൈപ്പു വഴിയുണ്ട്. ചിലയിടത്ത് കുഴൽക്കിണറുകളും കുഴിച്ചിട്ടുണ്ട്. ഒരു അരാജകത്വവും ഇല്ല. ഇത് എങ്ങനെ സാധിക്കുന്നുവെന്നത് ഒരു ദിവസംകൊണ്ടു മനസ്സിലാക്കാനാവില്ല. വലിയ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന വലിയൊരു സംഖ്യ ആളുകളുണ്ട്. ആത്മാർത്ഥതയോടുകൂടിയുള്ള പ്രവർത്തനംകൊണ്ട് അവർ മറ്റുള്ളവരുടെ അംഗീകാരം നേടിയിരിക്കുന്നു.അതുകൊണ്ടു ഞാൻ കൃഷ്ണപ്രസാദിനോടു പറഞ്ഞു കർഷക സോവിയേറ്റുകൾ രൂപംകൊണ്ടതുപോലുണ്ടല്ലോ. ആദ്യ ഫോട്ടോയിൽ കൃഷ്ണപ്രസാദ്, ഹരിയാന കിസാൻസഭാ സെക്രട്ടറി സുമിത്ത് സിംഗ് പിന്നെ ഞങ്ങൾക്കു വഴികാട്ടിയായി നടന്ന സിഐറ്റിയു പ്രവർത്തകൻ ഗുലാബ് ഹരി. ഗുലാബ് ഹരി മാസങ്ങളായി സന്നദ്ധപ്രവർത്തകനായി സമരസ്ഥലത്തുണ്ട്. അപ്പോൾ വീട്ടുകാര്യമോ? ചിരിയായിരുന്നു ഉത്തരം. ഗുലാബ് ഹരി പറഞ്ഞു സമരം എല്ലാ കാലത്തേയ്ക്കും ഉണ്ടാവില്ലല്ലോ. സമരം വിജയിപ്പിച്ചിട്ടുവേണം ജോലിക്കു പോകാൻ."

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THOMAS ISAAC, FARMERS STRIKE IN DELHI, FARMER, STRIKE KERALA, FARMERS SRIKE BJP REACTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.