മലയിൻകീഴ്: യാത്രാക്ലേശത്താൽ ദുരിതമനുഭവിക്കുകയാണ് വിളവൂർക്കൽ നിവാസികൾ. ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. യാത്ര ചെയ്യാനാകാത്ത വിധം റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്.
കുന്നുവിള ദേവീക്ഷേത്രത്തിന് സമീപത്തെ ശ്രീനാരായണ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. എ. സമ്പത്ത് എം.പിയായിരുന്ന കാലത്ത് നവീകരിച്ച ഈ റോഡിപ്പോൾ കാൽനട യാത്രയ്ക്കുപോലും സാദ്ധ്യമല്ലാത്ത വിധം തകർന്ന് കിടക്കുകയാണ്.
കുന്നുവിള ഭാഗത്ത് നിന്ന് മലയിൻകീഴ്, കരിപ്പൂര് ഭാഗത്തേക്ക് പോകുന്നതിനുള്ള ഏക മാർഗമാണീ പഞ്ചായത്ത് റോഡ്. നിരവധി കുടുംബങ്ങളാണ് റോഡിന് ഇരുവശത്തുമായി കഴിയുന്നത്. സ്കൂൾ - കോളേജുകൾ തുറക്കുന്നതോടെ വിദ്യാത്ഥികളുടെ യാത്രയും അനിശ്ചിതത്വത്തിലാകും.
പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡ് നവീകരിക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഈ ഭരണസമിതിയുടെ കാലാവധി തീരാറായാലും റോഡ് പഴയപടി തന്നെ കിടക്കുമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ചില പഞ്ചായത്ത് റോഡുകളിൽ പേരിന് മാത്രം അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും പിന്നാലെ മഴ പെയ്തതോടെ പഴയപടിയായി.
മഴ പെയ്താൽ റോഡുകളിൽ വെള്ളക്കെട്ട്
റോഡാകെ കുണ്ടും കുഴിയും വീതി കുറവും
രണ്ട് വാർഡുകളിലായി ഒരു റോഡ്
റോഡിന് ഒരുവശം ഈഴക്കോട് വാർഡിലും ഒരു വശം ഓഫീസ് വാർഡിലുമായിട്ടാണ് കിടക്കുന്നത്. ഇക്കാരണത്താലാണത്രേ റോഡ് നവീകരണം നടക്കാത്തത്. കുന്നുവിള റോഡ് നവീകരിക്കാത്തതിന് പിന്നിൽ വാർഡ് അംഗങ്ങൾ തമ്മിൽ ഐക്യപെടാത്തതാണ് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ബി.ജെ.പി.അംഗം റോഡ് നവീകരിക്കട്ടെയെന്ന് സി.പി.എം അംഗം കരുതുമ്പോൾ മറിച്ചാകും ബി.ജെ.പി അംഗംത്തിന്റേതെന്നാണ് നാട്ടുകാർ പറയുന്നത്.
മറ്റ് റോഡുകളും തകർന്നു
വിഴവൂർ - പൊറ്റയിൽ, കല്ലുപാലം - വേങ്കൂർ, പ്ലാത്തറത്തല - പഴവൂട്ടുനട ക്ഷേത്രം, പുതുവീട്ട് മേലെ- കുരിശുമുട്ടം എന്നീ വിളവൂർക്കൽ പഞ്ചായത്തിലെ റോഡുകളും തകർന്നിട്ട് നാളേറെയായി. തകർന്ന റോഡുകളിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ വൻ അപകട ഭീഷണിയിലാണ്.
നടപടിയെടുക്കാതെ അധികൃതർ
മലയിൻകീഴ്, വിളപ്പിൽ ഗ്രാമപഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നവയാണ് ഇവയിൽ മിക്ക റോഡും. വിളവൂർക്കൽ നിവാസികൾക്ക് പ്രധാന റോഡിലെത്തണമെങ്കിലും പഞ്ചായത്ത് റോഡുകളെ ആശ്രയിച്ചേ മതിയാകൂ. റോഡ് നവീകരിക്കണമെന്നാവശ്യവുമായി നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും നിരവധി പ്രാവശ്യം സമീപിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.