SignIn
Kerala Kaumudi Online
Saturday, 20 April 2024 6.42 AM IST

സംവരണമുണ്ടായിട്ടും ഇതാണ് സ്ഥിതിയെങ്കിൽ...

reservation

കെ.മോഹൻദാസ് അദ്ധ്യക്ഷനായുള്ള ശമ്പളപരിഷ്കരണ കമ്മിഷന്റെ ഏഴാം റിപ്പോർട്ട് ശമ്പളപരിഷ്കരണവുമായി ബന്ധമില്ലാത്ത ചില വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എയ്‌ഡഡ് സ്‌കൂൾ - കോളേജ് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം യോഗ്യതയും കാര്യക്ഷമതയും പരിഗണിച്ചാകണമെന്ന് കമ്മിഷൻ നിർദ്ദേശിക്കുന്നു. സർക്കാർ ശമ്പളം നൽകുന്ന എയ്‌ഡഡ് സ്‌കൂൾ - കോളേജ് നിയമനം പി.എസ്.സിക്ക് വിടണം. സാദ്ധ്യമല്ലെങ്കിൽ 'കേരള റിക്രൂട്ട്‌മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്കൂൾ & കോളേജസ് " എന്ന പേരിൽ നിയമന സാദ്ധ്യതയുള്ള റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കണമെന്നും നിർദ്ദേശിക്കുന്നു.

കേരളത്തിൽ ഓരോ വർഷവും എയ്‌ഡഡ് മേഖലയിലെ സ്‌കൂൾ - കോളേജ് നടത്തിപ്പിനായി 12,000 കോടി രൂപയിലേറെ ചെലവഴിക്കുന്നു. എന്നാൽ ഈ കോളേജുകളിലും സ്കൂളുകളിലും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനം നടത്തുന്നത് സർക്കാരല്ല ,സ്വകാര്യ മാനേജ്‌‌‌മെന്റുകളാണ്. ഈ നിയമനങ്ങളിൽ സംവരണം പാലിക്കുന്നില്ല. സർക്കാർ പൊതുഖജനാവിൽ നിന്നും ചെലവഴിക്കുന്ന കോടികൾ ഇവിടത്തെ എല്ലാ പൗരന്മാർക്കും തുല്യമായി അവകാശപ്പെട്ടതാണ്. പക്ഷേ അതിന്റെ ഗുണഭോക്താക്കൾ സ്വകാര്യ മാനേജ്‌മെന്റും അതിലെ ജീവനക്കാരും മാത്രമാണ്. ഇവിടത്തെ നിയമനങ്ങളിൽ സംവരണം പാലിക്കപ്പെടാത്തതിനാൽ പട്ടികജാതി - പട്ടികവർഗങ്ങൾ ഉൾപ്പെടെ സംവരണീയർക്ക് ഓരോ വർഷവും ചെലവഴിക്കുന്ന 12000 കോടിയുടെ ഒരു ശതമാനം പോലും വിഹിതം ലഭിക്കുന്നില്ല.

2015 ലെ പിണറായി സർക്കാർ തങ്ങളുടെ പ്രകടനപത്രികയിൽ എയ്‌ഡഡ് മേഖലയിൽ സംവരണം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഈ വിഭാഗങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിൽ വന്നത്. ഈ പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന ഗവൺമെന്റ് പക്ഷേ, എയ‌്‌ഡഡ് മേഖല നിയമനത്തിലെ സംവരണത്തെ സംബന്ധിച്ച് ഒരു അവകാശവാദവും ഉന്നയിക്കുന്നില്ല.

കേരളത്തിൽ അധികാരത്തിലേറുമ്പോൾ താത്‌കാലിക / പിൻവാതിൽ വഴി ജീവനക്കാരെ നിയമിക്കുകയും മന്ത്രിസഭയുടെ കാലാവധി തീരും മുമ്പേ ഇവരെയെല്ലാം സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന നടപടിക്രമം ഇരുമുന്നണികളും മത്സരിച്ച് നടപ്പിലാക്കുന്നു. താത്‌കാലിക നിയമനങ്ങളിൽ സംവരണം പാലിക്കുന്നില്ല. സംവരണ സമുദായങ്ങളെ വഞ്ചിക്കുന്നതിൽ ഒരു മുന്നണിയും പിന്നാക്കമല്ലെന്ന് സാരം.

ഒരു മന്ത്രിക്ക് 25 പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ വച്ച് 21 മന്ത്രിമാർക്ക് 525 പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ. ഈ 525 പേർക്ക് ശമ്പളവും അലവൻസും കൂടാതെ മന്ത്രിസഭ രണ്ടുവർഷം പൂർത്തിയായാൽ ആജീവനാന്ത പെൻഷൻ ആനുകൂല്യങ്ങൾക്കും അർഹത ലഭിക്കും. അഞ്ച് വർഷം ഭരണകാലാവധിയുള്ള മന്ത്രിസഭയിൽ രണ്ടുവർഷം കൂടുമ്പോൾ 525 പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നുണ്ട്. ഈ നിയമനത്തിലും കുറഞ്ഞത് 10 ശതമാനം പട്ടികജാതി പട്ടികവർഗത്തിന് അവകാശപ്പെട്ടതാണ്. ഇവിടെയും സംവരണം ബാധകമാക്കിയിട്ടില്ല.

ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, സംവരണത്തെ സംബന്ധിച്ച്, ഭരണപരിഷ്കാര കമ്മിഷനെകൊണ്ട്, സംവരണം നൽകിയാൽ തൊഴിലിന്റെ 'കാര്യക്ഷമത" നഷ്ടപ്പെടുമെന്ന് അഭിപ്രായപ്പെട്ടിരുന്ന കാര്യവും മറന്നുകൂടാ. രാഷ്ട്രീയ പാർട്ടികളോടുള്ള അന്ധമായ ആവേശം അവസാനിപ്പിക്കുന്ന നിമിഷം മുതൽ മാത്രമേ ദളിതർ സ്വയം ഉയരാൻ തുടങ്ങുകയുള്ളൂ.

ശിവരാമൻ, തിരുമല

ഫോൺ: 9349836622

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RESERVATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.