SignIn
Kerala Kaumudi Online
Thursday, 25 April 2024 2.53 AM IST

സ്ത്രീപക്ഷ കേരളത്തിലെ അമ്മയുടെ വിലാപം

anupama

സ്ത്രീപക്ഷകേരളം പ്രചരണപരിപാടി പ്രഖ്യാപിച്ച സി.പി.എം സംസ്ഥാനകമ്മിറ്റി, ഇക്കഴിഞ്ഞ ജൂലായ് എട്ടിന് ഇപ്രകാരം പ്രതിജ്ഞയെടുത്തു: "സ്ത്രീകളുടെ ആത്മാഭിമാനത്തിന് ക്ഷതമേല്പിക്കുന്ന ഒന്നിനും കൂട്ടുനില്‌ക്കില്ല. ഞങ്ങൾ സ്ത്രീപക്ഷത്ത് ഉറച്ചുനില്‌ക്കും. സ്ത്രീപക്ഷമെന്നാൽ മനുഷ്യപക്ഷമാണ്. സ്ത്രീപക്ഷ കേരളത്തിനായി സ്വയം സമർപ്പിക്കും."

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളം ചർച്ചചെയ്യുന്നത് കുഞ്ഞിനെ തിരിച്ചു കിട്ടാനായി ഒരമ്മയുടെ വിലാപമാണ്. സ്ത്രീപക്ഷ കേരളം പ്രഖ്യാപിച്ച സി.പി.എം നയിക്കുന്ന ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്തിന്റെ പുരോഗമന പുറംപൂച്ചിനെ നോക്കി കൊഞ്ഞനംകുത്തുന്നുണ്ട് ഈ കരച്ചിൽ. കരയുന്നത്, സി.പി.എമ്മിന്റെ തന്നെ പഴയകാല നേതാവും പാർട്ടിയുടെ സംസ്ഥാനസമിതി അംഗവുമായിരുന്ന പേരൂർക്കട സദാശിവന്റെ കൊച്ചുമകളാണ് എന്നതും അനുപമ എന്ന ആ അമ്മ പാർട്ടിയുടെ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിൽ അടുത്തകാലം വരെയും സജീവ സാന്നിദ്ധ്യമായിരുന്ന വ്യക്തിയുമാണ് എന്നത് വിലാപത്തിന്റെ രാഷ്ട്രീയമാനം ഉയർത്തുന്നു.

കുഞ്ഞിനെ അമ്മയിൽനിന്ന് അടർത്തിയെടുത്തുവെന്ന പഴികേൾക്കേണ്ടി വന്നിരിക്കുന്നത് അനുപമയുടെ അച്ഛനും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും പേരൂർക്കട സദാശിവന്റെ മകനുമായ ജയചന്ദ്രൻ എന്ന പ്രാദേശികനേതാവാണ്. അമ്മയിൽനിന്ന് തന്ത്രപരമായി തട്ടിയെടുക്കപ്പെട്ട കുഞ്ഞിനെ ആരോരുമറിയാതെ ദത്ത് നൽകാൻ മുൻകൈയെടുത്തത്, ഒരിക്കലും അത് ചെയ്യാൻ പാടില്ലാത്ത ശിശുക്ഷേമസമിതിയും ചൈൽഡ് വെൽഫെയർകമ്മിറ്റിയുമാണ്. രണ്ടിന്റെയും തലപ്പത്ത് പാർട്ടി നേതാക്കളാണ്. ശിശുക്ഷേമ സമിതി ജനറൽസെക്രട്ടറി ഷിജു ഖാൻ സി.പി.എം ഏരിയാ കമ്മിറ്റി അംഗമാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ സുനന്ദയാകട്ടെ, നേരത്തേ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലൊക്കെ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ്.

കുഞ്ഞിനെ തേടിനടന്ന സുനന്ദ ഇതിനായി സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കളെയെല്ലാം പോയിക്കണ്ടുവെന്ന് അവർ തന്നെയാണ് വെളിപ്പെടുത്തിയത്. അനുഭാവപൂർവമായ സമീപനമുണ്ടായത് പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിൽ നിന്നും പിന്നീട്, കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയിൽ നിന്നും മാത്രമാണെന്നും അവർ പറഞ്ഞു. ശ്രീമതി രണ്ട് ദിവസം മുമ്പ് ഒരു ചാനൽചർച്ചയിൽ തുറന്നുപറയാൻ നിർബന്ധിതയായി: "ഞാൻ പരമാവധി ഇടപെടലിന് ശ്രമിച്ചു, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും വിളിച്ചു."

കക്ഷിരാഷ്ട്രീയത്തിന്റെ നിറം നല്‌കി ചിത്രീകരിക്കാവുന്ന വിവാദമായി ഇതിനെ കാണാനാവില്ല. അങ്ങനെ കാണുന്നുമില്ല. അനുപമയും അനുപമ പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്ന കുടുംബാംഗങ്ങളും സി.പി.എമ്മുകാരായി എന്നത് യാദൃച്ഛികം മാത്രമാണ്. അതിന് സി.പി.എമ്മിനെയാകെ പഴി പറയണമെന്നും പറയാനാവില്ല. പക്ഷേ, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ, നവോത്ഥാനപാരമ്പര്യവും ഉയർന്ന സാക്ഷരതയും പുരോഗമന മൂല്യങ്ങളും ഉയരത്തിലാണെന്ന് പറയുന്ന കേരളത്തിൽ അനുപമയ്ക്ക് കരയേണ്ടി വരുന്നതില്‌‌പരം ഒരു അശ്ലീലം വേറെയില്ല.

സി.പി.എം നേതൃത്വത്തിനും സർക്കാരിനും ഇതുണ്ടാക്കിയ ക്ഷീണം ചെറുതല്ല. സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മുന്നോട്ട് നടക്കുന്ന പാർട്ടി നേതൃത്വം വാദിയും പ്രതിയും പാർട്ടി കുടുംബമായിപ്പോയത് കാരണം വല്ലാത്ത നിസ്സഹായതയിൽ കുരുങ്ങിപ്പോയി എന്ന് പറയുന്നതാവും ശരി. ഏറ്റവുമൊടുവിൽ കുഞ്ഞിനും നീതിക്കും വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ അനുപമ സമരമിരിക്കുന്ന നില വരെയുണ്ടായി. അനുപമ സമരമിരുന്നാലും ഇല്ലെങ്കിലും സി.പി.എമ്മിന് അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് തലയൂരണമായിരുന്നു. വിവാദത്തിൽ രാഷ്ട്രീയമില്ലെന്ന പാർട്ടി വാദം മുഖവിലയ്ക്കെടുക്കാവുന്നതാണ്. പാർട്ടിക്ക് വിഷയത്തിൽ ബന്ധമില്ലെന്നോ, അനുപമയ്ക്കൊപ്പമാണെന്നോ പക്ഷേ അവസാനമെങ്കിലും നേതൃത്വത്തിന് തുറന്നുപറയേണ്ടി വന്നു എന്നിടത്താണ് അതിന്റെ ദുരന്തം!

മുഖം രക്ഷിക്കൽ സി.പി.എമ്മിന് അനിവാര്യമായിരുന്നു.

" അവിവാഹിതയായി പ്രസവിച്ച മകളുടെ ഭാവിയെക്കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് എന്റെ അച്ഛൻ പറയുന്നത്. മകൾക്കു വേണ്ടി ചെയ്തതല്ലേ എന്നാണ് ചോദ്യം. അതുതന്നെയാണ് ഞാനും ചോദിക്കുന്നത്. ഞാൻ നൊന്തു പ്രസവിച്ച എന്റെ മകനു വേണ്ടിയല്ലേ ഞാൻ പോരാടുന്നത്? "- അനുപമ മാദ്ധ്യമങ്ങളോട് ഇങ്ങനെ ചോദിക്കുമ്പോൾ പാർട്ടിക്കും സർക്കാരിനും എങ്ങനെ പിടിച്ചുനില്‌ക്കാനാവും?

ഒരു വർഷത്തോളമാകുന്നു അനുപമയ്ക്ക് കുഞ്ഞുണ്ടായിട്ട്. ജനിച്ച് മൂന്നാംനാൾ ആ കുഞ്ഞിനെ കൈവിട്ടതാണ്. നൊന്തുപെറ്റ അമ്മയുടെ കണ്ണീർ മാതൃത്വത്തിന്റെ പിടച്ചിലാണ്. മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന പൂതപ്പാട്ട് ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ചത് ഇതേ നവോത്ഥാന കേരളത്തിലായിരുന്നു. വർഷങ്ങൾക്ക് മുമ്പ്. വർഷങ്ങളായി പൂതപ്പാട്ടിനെ നാം പാടിയും പറഞ്ഞും അനശ്വരമാക്കുന്നുമുണ്ട്.

പൂതത്തെ പേടിക്കാത്ത ആ നങ്ങേലിയമ്മ

മലബാറിലെ കാർഷികസംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായ പൂതപ്പാട്ടിൽ മാതൃത്വത്തിന്റെ മാഹാത്മ്യവും സൗന്ദര്യവും വഴിഞ്ഞൊഴുകുന്നു.

" പൂതമക്കുന്നിന്റെ മേൽമൂടിപ്പാറയെ-

ക്കൈതപ്പൂ പോലെ പറിച്ചുനീക്കി /

കൺചിന്നുമ്മാറതിൽപ്പൊന്നും മണികളും/

കുന്നുകുന്നായിക്കിടന്നിരുന്നു/

പൊന്നും മണികളും കിഴികെട്ടിതന്നീടാം/

പൊന്നാരക്കുട്ടനെ ഞാനെടുക്കും/

അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ /

അമ്മ തൻ കണ്ണുകൾ ചൂഴ്ന്നെടുത്തു /

പുലരിച്ചെന്താമര പോലവ പൂതത്തിൻ/

തിരുമുമ്പിലർപ്പിച്ചു തൊഴുതുരച്ചു/

ഇതിലും വലിയതാണെന്റെ പൊന്നോമന/

അതിനെത്തരികെന്റെ പൂതമേ, നീ... "

നങ്ങേലിയുടെ അമ്മമനസിന്റെ പിടച്ചിൽ ഇടശ്ശേരി വർണിച്ചതിന് സമാനമാണ് ഓരോ മാതാവിന്റെയും സ്വന്തം കുഞ്ഞിനോടുള്ള കരുതലും സ്നേഹവും. അനുപമയെന്ന മാതാവ് മാത്രമായി അതിനെങ്ങനെ അപവാദമാകുമെന്ന് കേരളീയ പൊതുബോധത്തിന് ഉൾക്കൊള്ളാതിരിക്കാനാവുന്നതെങ്ങനെയാണ്? അത്തരമൊരു മാതൃവികാരത്തെ ഉൾക്കൊള്ളാനുള്ള ബോധമനസിനപ്പുറത്തേക്ക് മറ്റ് വർത്തമാനങ്ങളും മറ്റ് രാഷ്ട്രീയ കുന്നായ്മകളും വിളമ്പി ന്യായീകരണത്തിന് ശ്രമിക്കുന്നത് ആരായാലും അത് അശ്ലീലം തന്നെയാണ്. മാതൃസ്നേഹം അംഗീകരിക്കപ്പെടുക എന്നതിനപ്പുറത്തേക്കുള്ള ഏത് വാദമുഖങ്ങളും ഒട്ടുമേ ന്യായീകരിക്കപ്പെടുന്നതല്ല.

കെ.ജി. ശങ്കരപ്പിള്ളയ്ക്ക് പാടേണ്ടി വന്നതും അതുകൊണ്ടാണ്. അദ്ദേഹം പറഞ്ഞുവച്ചു: "തരികെന്റെ കുഞ്ഞിനെയെന്നതിനേക്കാൾ ഏതുണ്ട് ചരിത്രത്തിൽ അണയാത്ത, മങ്ങാത്ത, നിലയ്ക്കാത്ത വിലാപം?"

സർക്കാരിന് അനുപമയുടെ പോരാട്ടത്തിനൊപ്പമേ നില്‌ക്കാനാവൂ എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും സർക്കാരിനുണ്ടായി എന്നത് ആശ്വാസകരമാണ്. താനും ഒരമ്മയാണ് എന്നു പറഞ്ഞുകൊണ്ട് ആരോഗ്യമന്ത്രി വീണജോർജ് അനുപമയെ ടെലിഫോണിൽ വിളിച്ചത് അങ്ങേയറ്റം ശുഭോദർക്കവുമാണ്. ദത്തുനല്‌കൽ നടപടിക്രമങ്ങളുടെ ഭാഗമായി കേസ് പരിഗണിക്കുന്ന തിരുവനന്തപുരം കുടുംബ കോടതിയിൽ സർക്കാരിപ്പോൾ അനുപമയ്ക്ക് അനുകൂലമായി സത്യവാങ്മൂലം നൽകിയിരിക്കുന്നു. ദത്തെടുക്കൽ നടപടികൾ പൂർത്തിയാവാൻ ഇനിയും കടമ്പ ബാക്കിയുണ്ടെന്നിരിക്കെ, അതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മ അനുപമയുടെ ആവശ്യത്തിനൊപ്പം നില്‌ക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. വൈകിപ്പോയെങ്കിലും അത് സ്വാഗതാർഹം തന്നെയാണ്.

സദാചാര പൊലീസിംഗ് മഹത്വവത്കരിക്കപ്പെടുന്ന വർത്തമാനകാല ദുരന്തങ്ങൾ കേരളീയ പൊതുസമൂഹം വല്ലാതെ കൊണ്ടാടുന്ന കാലത്ത്, നവോത്ഥാന മുദ്രാവാക്യങ്ങളൊക്കെ വെറും പൊള്ളയും അസംബന്ധവും മാത്രമാകുന്നുണ്ട്. അത്തരം ദുരന്തങ്ങൾക്കിടയിലേക്കാണ് അനുപമ എന്ന അമ്മയുടെ വേദനയും ആഘോഷിക്കപ്പെട്ടതെന്ന് നാം കാണാതിരുന്നുകൂടാ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA, ANUPAMA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.