ആലുവ: എടയപ്പുറത്ത് ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കാർബൺ പേപ്പർ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി കീഴ്മാട് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സമരക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണബോർഡിന്റെ നിർദ്ദേശം പാലിക്കാത്ത സ്ഥാപനം അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. തുടർന്ന് കമ്പനി താത്കാലികമായി അടക്കുകയും ചെയ്തു.
ഇന്നലെ രാവിലെ 9.30ന് പഞ്ചായത്ത് ഓഫീസ് തുറക്കുന്നതിന് മുമ്പേ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരക്കാർ ഓഫീസ് വളയുകയായിരുന്നു. ജീവനക്കാരെ ആരെയും കടത്തിവിട്ടില്ല. നേരത്തെയെത്തിയ ജീവനക്കാർക്ക് മാത്രമാണ് ഓഫീസിൽ പ്രവേശിക്കാനായത്. എടത്തല പൊലീസ് ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. കമ്പനി അടച്ചുപൂട്ടാൻ നോട്ടീസ് നൽകാതെ മടങ്ങില്ലെന്ന് സമരക്കാർ നിലപാട് സ്വീകരിച്ചതോടെ പഞ്ചായത്ത് സെക്രട്ടറി നേരിട്ടെത്തി കമ്പനി പൂട്ടാൻ നോട്ടീസ് നൽകുമെന്ന് ഉറപ്പുനൽകി. സമരസമിതി പ്രസിഡന്റ് സി.എസ്. അജിതൻ, വൈസ് പ്രസിഡന്റ് വി.എ. റഷീദ്, സെക്രട്ടറി എം.എം. അബ്ദുൾ അസീസ് എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തിയത്.
ജനകീയ സമരസമിതി നേതാക്കളെ പഞ്ചായത്ത് മുൻ പ്രസിഡന്റ് തോപ്പിൽ അബു, വിവിധ കക്ഷിനേതാക്കളായ പി.വി. എൽദോസ്, പി.എ. മുജീബ്, പി.ജെ. സുനിൽകുമാർ, പി.കെ. രമേശൻ, ദിനിൽ ദിനേശ്, സനൽ മനക്കക്കാട്, എ.എസ്. സലിമോൻ, ലാൽജി, വിനൂപ് ചന്ദ്രൻ, രാജീവ്, എം.കെ. ഹരിലാൽ കീഴ്മാട്, ലിജേഷ് വിജയൻ, സത്താർ നാലാംമൈൽ, ജലീൽ കൈപ്പാലത്തിൽ, അഫ്സൽ എടയപ്പുറം, സതീശൻ കുഴിക്കാട്ട്മാലിൽ, ലിസ്സി സെബാസ്റ്റ്യൻ, സാഹിദ അബ്ദുൾ സലാം, സനില മുളയിടത്തിൽ, സി.ഡി. ജോസ്, പീറ്റർ നരികുളം, വിനോദ് ജോസ് സലീം എം എസ് പി സിദ്ദിക്ക് പി എ എന്നിവർ നേതൃത്വം നൽകി.
പി.സി.ബി നിർദ്ദേശം പാലിക്കാതെ കമ്പനി തുറക്കാൻ അനുവദിക്കില്ലെന്ന് സെക്രട്ടറി സി. മണികണ്ഠൻ 'കേരളകൗമുദി'യോട് പറഞ്ഞു. തുടർന്നും പരാതിയുണ്ടായാൽ പരിശോധിച്ച് തീരുമാനമെടുക്കും.
പി.സി.ബി നിർദ്ദേശങ്ങൾ
# പുകശുദ്ധീകരിക്കാൻ ആക്ടിവേറ്റഡ് കാർബൺബെഡ്, വാട്ടർ സ്ക്രബർ സംവിധാനം ഏർപ്പെടുത്തണം.
# നിർമ്മാണസ്ഥലത്ത് ബ്ളോവർ സ്ഥാപിച്ച് ശുദ്ധീകരിച്ച് വായു പുറത്തേക്ക് വിടണം.
# സ്ക്രബറിലെ ജലം മണൽ, കരി എന്നിവയിൽ ശുദ്ധീകരിച്ചശേഷം നിർമ്മാർജ്ജനം ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |